തിരുവനന്തപുരം: നഗരം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. അടുത്ത അഞ്ചു വര്‍ഷം തിരുവനന്തപുരത്തിന്റെ മുഖച്ഛായ എത്തരത്തില്‍ മാറ്റപ്പെടണം എന്ന് തീരുമാനിക്കുന്ന നിര്‍ണായകമായ തെരഞ്ഞെടുപ്പ്. തിരുവനന്തപുരം നഗരസഭ നിലവില്‍ വന്നിട്ട് 100 വര്‍ഷം കഴിഞ്ഞു. ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ തദ്ദേശ ഭരണസ്ഥാപനമായ കോര്‍പ്പറേഷന്‍ നാളിതു വരെ ഭരിച്ചത് ഇടതു വലതു മുന്നണികളാണ്. കഴിഞ്ഞ 30 വര്‍ഷം തുടര്‍ച്ചയായി ഇടതു മുന്നണിയും.
തലസ്ഥാന നഗരത്തെ വികസനത്തിന്റെ പറുദീസയിലെത്തിക്കുവാനുള്ള ഒരുപാട് അവസരങ്ങള്‍ തിരുവനന്തപുരത്തെ നിവാസികള്‍ നല്‍കിയിട്ടും ചിറ്റമ്മനയമാണ് എക്കാലത്തും ഇടതു വലതു മുന്നണികള്‍ കൈക്കൊണ്ടിട്ടുള്ളത്. തലസ്ഥാന നഗരത്തിനു വേണ്ട അടിസ്ഥാന വികസനങ്ങള്‍ ഒരുക്കുന്നതിനേക്കാള്‍ പ്രാധാന്യം, കാലാകാലങ്ങളില്‍ രാഷ്‌ട്രീയ നേട്ടം നല്‍കുന്ന പ്രദേശങ്ങളില്‍ മാത്രം ഒതുക്കുന്ന സമീപനമാണ് ഇരുമുന്നണികളും സ്വീകരിച്ചിട്ടുള്ളത്. ബോധപൂര്‍വം തിരുവനന്തപുരത്തിന്റെ വികസന സാധ്യതകള്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന സാഹചര്യം ഇന്നും നമ്മുടെ കണ്മുന്നിലുണ്ട്. വിമാനത്താവളത്തിന്റെ വികസന കാര്യത്തിലും വിഴിഞ്ഞം തുറമുഖ വിഷയത്തിലും ലൈറ്റ് മെട്രോയുടെ വിഷയത്തിലും ഹൈക്കോടതി ബെഞ്ചിന്റെ വിഷയത്തിലുമൊക്കെ അത് നേരില്‍ കണ്ടതാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതില്‍ ഉത്സാഹം കാട്ടിയ പിണറായി വിജയന്‍ സര്‍ക്കാര്‍, സമാനമായ രീതിയില്‍ തിരുവനന്തപുരത്തിന്റെ വികസനം സാധ്യമാകുന്ന അവസ്ഥ സംജാതമായപ്പോള്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കാഴ്ച മുന്നിലുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് തുരങ്കം വയ്‌ക്കാനും പരമാവധി ശ്രമിച്ചു. ഐ.ടി. മേഖലയില്‍ വമ്പന്‍ കുതിപ്പിന് സാധ്യതയുണ്ടായിരുന്ന കഴക്കൂട്ടം ടെക്‌നോപാര്‍ക്കിനു അര്‍ഹമായ പരിഗണന ലഭിച്ചില്ല. സംസ്ഥാനത്തിന് വലിയ റവന്യു വരുമാനത്തിന് സാധ്യത നല്‍കുന്ന വിധത്തില്‍ ഐ.ടി. നഗരം വിഭാവനം ചെയ്യുവാനുള്ള ദീര്‍ഘ വീക്ഷണം ഇവിടം ഭരിച്ചവര്‍ക്കു ഇല്ലാതെ പോയി.
നഗരത്തിലൂടെ യാത്ര ചെയ്താല്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കാണാന്‍ കഴിയും. മെഡിക്കല്‍ കോളേജ്, ആയുര്‍വേദ കോളേജ്, കേരള സര്‍വകലാശാല, കേരള സംഗീത അക്കാദമി, ആര്‍ട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, യൂണിവേഴ്‌സിറ്റി കോളേജ്, വഴുതക്കാട് വിമന്‍സ് കോളേജ്, ടഅഠ ഹോസ്പിറ്റല്‍,പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി, സെക്രട്ടേറിയറ്റ്, വിമാനത്താവളം തുടങ്ങി ഇന്ന് തിരുവനന്തപുരം നഗരത്തിന്റെ വികസിത സ്തംഭങ്ങളൊക്കെ തന്നെ ദീര്‍ഘ വീക്ഷണമുള്ള തിരുവിതാംകൂര്‍ രാജവംശത്തിന്റെ കാലത്തു സ്ഥാപിക്കപ്പെട്ടവയാണ്. അതിനു ശേഷം ആറര പതിറ്റാണ്ടുകള്‍ ഈ നഗരം മാറി മാറി ഭരിച്ചവര്‍, എടുത്തു കാട്ടാന്‍ കഴിയുന്ന എന്ത് വികസനമാണ് ഇവിടെ നടത്തിയിട്ടുള്ളത് ? പുതിയതായി ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല നിലവിലുണ്ടായിരുന്നവയെ സമയബന്ധിതമായി പരിഷ്‌കരിക്കുവാനോ നിലനിറുത്തുവാനോ അവര്‍ക്കു കഴിഞ്ഞിട്ടില്ല. പാര്‍വ്വതി പുത്തനാറിന്റെയും കിള്ളിയാറിന്റെയുമൊക്കെ അവസ്ഥ നമ്മുടെ കണ്മുന്നില്‍ തന്നെയുണ്ട്. ഡ്രയിനേജ് സംവിധാനങ്ങള്‍ കാലാനുസൃതമായി ജനസാന്ദ്രതയനുസരിച്ചു പരിഷ്‌കരിക്കാത്തതിന്റെ ഫലമാണ് ഒരു ചെറുമഴ പെയ്താല്‍ ദിവസങ്ങളോളം വെള്ളക്കെട്ടിലമരുന്ന നഗരവീഥികള്‍. മാലിന്യ സംസ്‌കരണത്തിനു സമഗ്രവും ദീര്ഘവീക്ഷണമുള്ളതുമായ പദ്ധതികള്‍ ഇല്ലാതെ പോയതിന്റെ ഗതികേട് നഗരവാസികള്‍ നേരിട്ട് അനുഭവിക്കുന്നുണ്ട്. എന്നാല്‍ മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ കോടിക്കണക്കിനു രൂപ എങ്ങോട്ടെന്നില്ലാതെ ഒഴുകുന്നുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തില്‍ മാത്രം 100 കോടി രൂപയാണ് ഇതിന്റെ പേരില്‍ ബജറ്റില്‍ മാറ്റി വച്ചത് . എന്നിട്ടും നഗരം ചീഞ്ഞു നാറുന്നു. ഒരു കാലത്തു ശ്രീ പത്മനാഭ സ്വാമിക്ക് നിവേദ്യത്തിനുള്ള പുത്തരി വിളഞ്ഞിരുന്ന പുത്തരിക്കണ്ടം, ഇന്ന് നഗരസഭയുടെ മാലിന്യം കൂട്ടിയിടാനുള്ള കുപ്പത്തൊട്ടിയായി മാറിയിരിക്കുന്നു. തെരുവ് നായ നിയന്ത്രണത്തിന്റെ പേരിലും തീരദേശ സംരക്ഷണത്തിന്റെ പേരിലും ചെലവഴിച്ചുവെന്നു അവകാശപ്പെടുന്ന കോടികള്‍ക്കു കണക്കില്ല. ആരുടെയൊക്കെയോ പോക്കറ്റ് വീര്‍ത്തു എന്നല്ലാതെ ഒരു ഗുണഫലവും നഗരവാസികള്‍ക്ക് ലഭിച്ചിട്ടില്ല.
വികസനത്തിനായി കാശില്ല എന്നതല്ല മറിച്ച് ഭരിച്ചവര്‍ക്കു വികസന കാഴ്ചപ്പാടില്ല എന്നതാണ് നഗരത്തിന്റെ ദുരവസ്ഥയ്‌ക്ക് കാരണം. തിരുവനന്തപുരം വികസിതമാകണമെന്നു താല്പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയാണ് അനുവദിച്ചത്. സ്മാര്‍ട്ട് സിറ്റി, അമൃത് തുടങ്ങിയ പദ്ധതിയില്‍ പെടുത്തി സമഗ്രവികസനത്തിനുള്ള എല്ലാ സഹായവും കേന്ദ്രം നല്‍കിയിട്ടും രാഷ്‌ട്രീയ സങ്കുചിത മനോഭാവം മാത്രം കൈമുതലായുള്ള ഇടതു ഭരണ സംവിധാനം അതിനെയൊക്കെ അട്ടിമറിക്കാനാണ് മത്സരിച്ചത്. 2017 ല്‍ അനുവദിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി എങ്ങുമെത്തിയിട്ടില്ല. എന്തൊക്കെയോ ചെയ്തുവെന്ന് വരുത്താന്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കുറെ ടെന്‍ഡറുകള്‍ വിളിച്ചു എന്നതു മാത്രമാണ് നടന്നത്. പദ്ധതി അനുവദിച്ചു 4 വര്ഷം ആകാറായിട്ടും ഇത് വരെ ചിലവഴിച്ചത് 20% ല്‍ താഴെ തുകയാണ്. തിരുവനന്തപുരം നഗരവാസികള്‍ക്കായി കേന്ദ്രം അനുവദിച്ച പാര്‍പ്പിടം, കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും രാഷ്‌ട്രീയാന്ധത കാരണം വൈകിപ്പിക്കുവാനോ പേരു മാറ്റി തങ്ങളുടെ പേരിലാക്കുവാനോ ആയിരുന്നു ഇടതുപക്ഷം ശ്രമിച്ചത്.
വണ്ടത് വികസനമാണ്. ഈ നഗരം വികസിക്കണം. അതിനുള്ള എല്ലാ സാധ്യതകളും അവസരങ്ങളും മുന്നിലുണ്ട്. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നീ ആചാര്യത്രയങ്ങള്‍ ഉഴുതു മറിച്ച, അനന്തപുരിയുടെ ഈ മണ്ണ് ഇനിയും പാഴ്ഭൂമിയായി പോകാന്‍ പാടില്ല. കാലോചിതമായ വികസനം സാധ്യമാകണം. അതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കണം. അടിസ്ഥാന വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടണം. ആത്യന്തികമായി ഭാരതത്തിലെ ഏറ്റവും മികച്ച നഗരമായി മാറുവാന്‍ തിരുവനന്തപുരത്തിന് സാധിക്കണം. ശുചിത്വ റാങ്കിങ്ങില്‍ നിലവിലുള്ള 372 ആം സ്ഥാനത്തു നിന്നും ഒന്നാം സ്ഥാനത്തേക്ക് ഉയരുവാന്‍ സാധിക്കണം. പൈതൃകസാംസ്‌കാരിക നഗരമായി ലോകശ്രദ്ധ ആകര്ഷിക്കാനാകണം. ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് സൗഹൃദ നഗരമായി മാറാന്‍ കഴിയണം. കാര്‍ഷിക രംഗത്തു സ്വയം പര്യാപ്തത നേടാന്‍ കഴിയണം. ഇതൊക്കെ സാധ്യമാകണമെങ്കില്‍ നമ്മുടെ ചൂണ്ടു വിരലിന്റെ ശക്തി, പ്രയോഗിക്കേണ്ടിടത്തു കൃത്യമായി ഉപയോഗിക്കുവാന്‍ നാം തയ്യാറാകണം. ആടിനെ പട്ടിയാക്കാന്‍ വൈദഗ്ധ്യമുള്ളവരുടെ ചെപ്പടി വിദ്യയ്‌ക്ക് മുന്നില്‍ ഇനിയും കീഴ്‌പ്പെട്ടു പോകാതെ, ‘ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍’ എന്ന ആപ്ത വാക്യത്തിനനുസരിച്ചു മുന്നോട്ടു പോകാന്‍ കഴിയണം.
Dr. വൈശാഖ് സദാശിവൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക: