തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള കാര്‍ഷിക നിയമങ്ങള്‍ കരിനിയമമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഈ ആഴ്ച തന്നെ കോടതിയെ സമീപിക്കും.
ഇതിനാവശ്യമായ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്(എജി) നല്‍കിയിട്ടുണ്ട്. കൃഷിമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് സര്‍ക്കാര്‍ എജിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര നിയമങ്ങള്‍ക്കെതിരെ ചില സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ ഈ ഹര്‍ജിയില്‍ കക്ഷി ചേരണോ, അതോ പുതിയ ഹര്‍ജി നല്‍കണമോയെന്ന കാര്യത്തിലും ആലോചന നടക്കുന്നുണ്ട്.
ഇക്കാര്യത്തിലും എജിയില്‍നിന്ന് നിയമോപദേശം ചോദിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനമെടുക്കാന്‍ കൃഷി വകുപ്പ് ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. കേന്ദ്ര നിയമങ്ങളില്‍ മറ്റുവകുപ്പുകള്‍കൂടി ഉള്‍പ്പെട്ടതിനാലാണ് ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്‌ക്ക് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: