ടോക്കിയോ: ഛിന്നഗ്രഹത്തില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് പഠിക്കാനാണ് ജപ്പാന് ഒരു ബഹിരാകാശ ദൗത്യം നടത്തിയത്. ആറു വര്‍ഷം മുന്‍പായിരുന്നു ഉപഗ്രഹ വിക്ഷേപണം. സൗരമണ്ഡലത്തിലെ വിദൂരമായ ആ ഛിന്നഗ്രഹത്തില്‍ നിന്ന് സാംപിളുകളുമായി ആറു വര്‍ഷത്തിനു ശേഷം പേടകം തിരികെയെത്തി.
ജപ്പാന്റെ ബഹിരാകാശ ദൗത്യമായ ഹയാബുസ-രണ്ടാണ് സാംപിള്‍ ശേഖരണത്തിനായി പുറപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ജപ്പാന് സമയം രണ്ടരയ്ക്ക് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചു. ആറ് വര്‍ഷത്തിന് ശേഷം ഇത് തിരികെയെത്തിയതിന്റെ സന്തോഷം ജപ്പാനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്സ പങ്കുവച്ചു. ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച പേടകത്തില്‍ നിന്ന് ബീക്കണുകളുടെ സഹായത്തോടെ സാംപിളുകള്‍ വീണ്ടെടുത്തതായും ജാക്സ വ്യക്തമാക്കി.
തെക്കന്‍ ഓസ്ട്രേലിയ മരുഭൂമിയിലാണ് പേടകമെത്തിയത്. വീണ്ടെടുത്ത സാംപിളുകള്‍ പ്രാഥമികപരിശോധനയ്ക്ക് ശേഷം ജപ്പാനിലെത്തിക്കും. ഭൂമിയില്‍ നിന്ന് 300 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള റ്യുഗു ഛിന്നഗ്രഹത്തില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കുന്നതിന് 2014ലാണ് ദൗത്യം തുടങ്ങിയത്.
ശേഖരിച്ച സാംപിളുകള്‍ക്ക് പ്രപഞ്ചോത്പത്തിക്ക് ശേഷം മാറ്റമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 0.1 ഗ്രാം തൂക്കം വരുന്ന വസ്തുക്കള്‍ക്ക് പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്പത്തിയെക്കുറിച്ച് സൂചന നല്‍കാനാകുമെന്നാണ് പ്രതീക്ഷ. 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്തുക്കള്‍ പ്രപഞ്ചത്തിലുണ്ടെന്നാണ് കരുതുന്നതെന്ന് ദൗത്യത്തിന്റെ മാനേജര്‍ മൊകോട്ടോ യോഷികാവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: