കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ജനങ്ങള്‍ വിധിയെഴുത്ത് ഇടതു, വലതു മുന്നണികളുടെ അഴിമതിഭരണത്തിനെതിരെയാവുമെന്ന് വിലയിരുത്തല്‍. എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ഭരണത്തില്‍ അഴിമതി മാത്രമെന്ന് തെളിഞ്ഞിരിക്കെ അഴിമതിക്കെതിരെ വോട്ടെന്ന വികാരത്തിന് പ്രധാന്യം ഏറുന്നു.
അഞ്ചു വര്‍ഷ ഭരണത്തിന്റെ അവസാനത്തിലെത്തി നില്ക്കുമ്പോള് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണം അഴിമതിയിലും ക്രമക്കേടിലും മൂക്കറ്റം മുങ്ങിനില്‍ക്കുന്നുവെന്നാണ് അനുഭവം. അതിനു മുമ്പത്തെ അഞ്ചു വര്‍ഷം യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്രയും അഴിമതി തന്നെയായിരുന്നു. ഈ ഭരണങ്ങളും കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ ആറു വര്ഷത്തിലെത്തുന്ന ഭരണവുമാണ് ജനങ്ങള്‍ക്ക് മുന്നില്‍. അഴിമതിയാരോപണമൊന്നുമില്ലാത്ത ഭരണത്തിനൊപ്പം ജനവികാരമെന്നാണ് പ്രചാരണ വേളയില്‍ കിട്ടുന്ന പ്രതികരണമെന്നാണ് പലരും അനുഭവം പറയുന്നത്.
സംസ്ഥാന ഭരണത്തിന്റെയും നേതാക്കളുടെയും അഴിമതികളും ദുര്‍ഭരണവും പഞ്ചായത്ത്-മുനിസിപ്പാലിറ്റി തലത്തില്‍ എത്തി ഓരോ വോട്ടര്‍മാര്‍ക്കും ദോഷം വരുത്തുകയാണെന്നാണ് അനുഭവം. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികളില്‍ വോട്ടര്‍മാര്‍ക്ക് നേരിട്ട് നേട്ടം കിട്ടുന്ന പദ്ധതികളൊഴിച്ചാല്‍ മറ്റെല്ലാത്തിലും അഴിമതിയും ചൂഷണവുമെന്നാണ് വിശകലനങ്ങള്‍ പറയുന്നത്. പഞ്ചായത്ത് തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ട കേന്ദ്ര പദ്ധതികള്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും പാര്‍ട്ടികളും കൈവശപ്പെടുത്തുന്നുവെന്നാണ് പൊതുവേ പരാതി.പിണറായി വിജയന് നയിക്കുന്ന സര്‍ക്കാരിലെ പത്തോളം മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ വന്നു. മൂന്നു മന്ത്രിമാരെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും മറ്റുമായി പുറത്താക്കി.
തോമസ് ചാണ്ടിയെന്ന മന്ത്രിയെ പൊതു പുറമ്പോക്ക് ഭൂമി കൈയേറി അനധികൃതമായി നിരത്തിയതിന്റെ പേരിലാണ് രാജിവപ്പിച്ചത്. മറ്റൊരു മന്ത്രി എ.കെ. ശശീന്ദ്രനെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പേരിലാണ് ആദ്യം പുറത്താക്കിയത്. സ്വന്തക്കാരെ വഴിവിട്ട് സഹായിച്ച് നിയമനം നല്കി സത്യപ്രതിജ്ഞ ലംഘിച്ചതിനാണ് ഇ.പി. ജയരാജനെ പുറത്താക്കിയത്. അരഡസനിലേറെ മന്ത്രിമാര്‍ക്കെതിരെ ഇപ്പോഴും അഴിമതി, ക്രമക്കേട്, സത്യപ്രതിജ്ഞാ ലംഘനം തുടങ്ങിയ കുറ്റങ്ങളില്‍ ആരോപണങ്ങളും അന്വേഷണവും നടക്കുകയാണ്.ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഭരിച്ച എല്‍ഡിഎഫ് കാലത്തെ അഴിമതികളും ക്രമക്കേടും അനേകമാണ്. സോളാര്‍ അഴിമതി, ബാര്‍ക്കോഴ തുടങ്ങിയവയ്ക്കു പുറമെ, എട്ട് മുന്നണി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസുകളുണ്ടായി.
മുന്‍ഭരണകാലത്തെ കേസുകള്‍ ഇപ്പോഴും അന്വേഷണം പോലും തുടങ്ങാതെ കിടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയെന്നും ആരോപണം ഉയരുന്നു. പഞ്ചായത്തുതലത്തിലുമുണ്ട് ഇരുമുന്നണികളുടെയും അഴിമതികള്‍ ധാരാളം. ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍. അത് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ വഴിയും. പക്ഷേ, നരേന്ദ്ര മോദി സര്‍ക്കാര്‍ അഴിമതിയില്ലാതെ നടത്തുന്ന ആസൂത്രണം അര്‍ഹരായവര്‍ക്ക് ലഭിക്കാന്‍ അഴിമതിക്കാര്‍ക്കെതിരെയുള്ള വോട്ടാണ് ആവശ്യമെന്ന പ്രചാരണം വോട്ടര്‍മാര്‍ സ്വയം ഏറ്റെടുത്തതായാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: