കൊച്ചി: ഊരാളുങ്കല്‍ സൊസൈറ്റിയും സംസ്ഥാന സര്‍ക്കാരുമായുള്ള അഞ്ചു വര്‍ഷത്തെ ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ, പിണറായി സര്‍ക്കാര്‍ അനുവദിച്ച പ്രോജക്ടുകളും സാമ്പത്തിക ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അന്വേഷിക്കുന്നതിന്റെ ഭാഗമായി, പരിശോധനയ്ക്ക് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് ഇ ഡി നോട്ടീസയച്ചു.
നാലു കാര്യങ്ങളിലാണ് അന്വേഷണം. ഇതിന് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ ഇവയാണ്. ഒന്ന്: അഞ്ചു വര്‍ഷത്തിനിടെ സൊസൈറ്റി ഏറ്റെടുത്ത/നടത്തിയ/നടത്തുന്ന നിര്‍മാണ പദ്ധതികള്‍ ഏതെല്ലാം. രണ്ട്: ഊരാളുങ്കലിന് സര്‍ക്കാരില്‍ നിന്നുള്‍പ്പെടെ ലഭിച്ചതും സൊസൈറ്റി പലര്‍ക്കും കൊടുത്തതുമായ പണമിടപാടുകളുടെ വിശദാംശങ്ങള്‍. മൂന്ന്: അഞ്ചു വര്‍ഷത്തെ, സൊസൈറ്റിയുടെ ബാങ്കിടപാടുകളിലെ വിശദാംശങ്ങളുടെ ഔദ്യോഗിക പകര്‍പ്പ്. നാല്: കരാര്‍ ലഭിച്ച സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍.
നവംബര്‍ 30ന് സൊസൈറ്റിക്ക് ഇമെയില്‍ വഴിയാണ് ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍മാണക്കരാര്‍, ഐടി സേവനം, മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് സംവിധാനം തുടങ്ങി സര്‍ക്കാരുമായുള്ള എട്ടോളം ഇടപാടുകള്‍ അന്വേഷണത്തില്‍ വരും. ഊരാളുങ്കലിന് കരാറില്ലാതെയും വഴിവിട്ടും ചട്ടങ്ങളില്‍ പ്രത്യേക ഇളവുകള്‍ തീരുമാനിച്ചും സര്‍ക്കാര്‍ വിവിധ കരാറുകള്‍ നല്‍കിയിട്ടുള്ള വിവരം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചട്ടം ലംഘിച്ചുള്ള കരാറുകള്‍ സംബന്ധിച്ച് സിഎജി റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഭരണഘടനാ ലംഘനം വരെ നടത്തിയതായി സിഎജി കണ്ടെത്തിയ വിവരവും ‘ജന്മഭൂമി’ പുറത്തുകൊണ്ടുവന്നിരുന്നു.
ഇ ഡിയുടെ ആവശ്യപ്രകാരം ഊരാളുങ്കല്‍ നല്കുന്ന വിവരങ്ങള്‍ സര്‍ക്കാരിലെ ഉന്നതരുടെ വഴിവിട്ട ഇടപാടുകള്‍ പുറത്തുകൊണ്ടുവരുമെന്നാണ് കരുതുന്നത്. സൊസൈറ്റിയുടെ പണമിടപാടുകള്‍ അഞ്ചോളം ബാങ്കുകള്‍ വഴിയാണെന്നറിയുന്നു. സര്‍ക്കാരില്‍നിന്ന് പണം സ്വീകരിച്ച ബാങ്ക് രേഖകളും വിവിധ ഇടപാടുകള്‍ക്ക് പണം കൊടുത്ത ബാങ്ക് രേഖകളും തമ്മില്‍ യോജിക്കാത്ത കണക്കുകളുണ്ട്. സര്‍ക്കാര്‍ കരാറുകള്‍ക്കു പുറമെ സൊസൈറ്റി സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ നടത്തിയ മുഴുവന്‍ ഇടപാടുകളുടെയും വിവരങ്ങളാണ് ശേഖരിക്കുന്നത്. സൊസൈറ്റി നടത്തിയ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ഇ ഡിയുടെ കര്‍ശന വിലയിരുത്തലിന് വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: