കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായി യാതൊരു നീക്കുപോക്കുമുണ്ടാകില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ തള്ളി യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന് ഇന്നലെ പരസ്യമായി രംഗത്തെത്തി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ള ആരുമായും സഖ്യമില്ലെന്നായിരുന്നു ആദ്യഘട്ടം മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത്. എന്നാല്‍ ഇതു തള്ളി മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ. മുരളീധരന് എംപി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവരികയും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഇതുപ്രകാരം കോഴിക്കോട് കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലേക്കും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. എന്നാല്‍ ഇതൊന്നും നേതൃത്വത്തിന്റെ അറിവോടെയല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.
എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ എല്ലാം എം.എം. ഹസന് ഇന്നലെ തള്ളി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ജമാഅെത്ത ഇസ്ലാമിയുമായും ഈ തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഹസ്സന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
ജമാഅെത്ത ഇസ്ലാമിയുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തിനെതിരെ കോണ്‍ഗ്രസിലെ താഴേതട്ടില്‍ പ്രതിഷേധം ശക്തമാണ്. പലയിടങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി കോണ്‍ഗ്രസുകാര്‍ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: