കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് ബിജെപിയുടെ കൗണ്‍സിലറെ സമ്മാനിച്ച വെള്ളയില്‍ ഡിവിഷന് വീണ്ടും ആ ചരിത്രം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. കെ.പി. രഘുനാഥായിരുന്നു ഈ ഡിവിഷനില്‍ നിന്ന് 1995ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കൗണ്‍സിലറായത്. പിന്നീട് ബിജെപിയെ പരാജയപ്പെടുത്താന്‍ വാര്‍ഡ് അശാസ്ത്രീയമായി വെട്ടിമുറിക്കുകയായിരുന്നു.
എന്നാല്‍ ക്രമേണ വോട്ട് വര്‍ദ്ധിപ്പിച്ച് ഇത്തവണ വിജയം അനായാസേന നേടിയെടുക്കുന്ന തരത്തില്‍ ബിജെപി മുന്നേറ്റം സാധ്യമായിക്കഴിഞ്ഞുവെന്ന് താമരചിഹ്നത്തില്‍ മത്സരിക്കുന്ന ടി. മണി പറയുന്നു.പൊതുജനസേവനരംഗത്ത് പതിറ്റാണ്ടുകളുടെ ചരിത്രമാണ് മണിക്കുള്ളത്. ഇപ്പോള്‍ ബിജെപി ഒബിസി മോര്‍ച്ച നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. കഴിഞ്ഞ രണ്ട് പ്രളയകാലഘട്ടത്തില്‍ സേവാഭാരതി, ബിഎംഎസ്ആര്‍എ എന്നിവ സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുകളുടെ ഏകോപനം മണിക്കായിരുന്നു.
2010 മുതല്‍ ബിജെപി വെള്ളയില്‍ ഏരിയാ പ്രസിഡന്റ്, നോര്‍ത്ത് മണ്ഡലം സെക്രട്ടറി, അരയസമാജം സെക്രട്ടറി, ക്ഷേത്രസമിതി സെക്രട്ടറി, റസിഡന്റ്സ് അസോസിയേഷന് ഉപാധ്യക്ഷന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച മണി വെള്ളയില്‍ പ്രദേശത്തുകാര്‍ക്ക് സുപരിചിതനാണ്. സിഐടിയു കുത്തകയാക്കി വെച്ചിരുന്ന മെഡിക്കല്‍ ഔഷധവിപണന തൊഴിലാളികളുടെ മേഖലയില്‍ 1988 ല്‍ ബിഎംഎസ്ആര്‍എ എന്ന സംഘടന രൂപീകരിക്കുന്നതിലും അതിന്റെ വളര്‍ച്ചയിലും വലിയ പങ്ക് വഹിച്ചു. ഈ മേഖലയിലെ പ്രധാന സംഘടനയായി ഇന്നത് മാറിക്കഴിഞ്ഞു.
കൈവെച്ച എല്ലാ മേഖലകളിലും തന്റേതായ വിജയമുദ്ര പതിപ്പിച്ച ജനകീയ നേതാവാണ് മണിയെന്നത് നാട്ടുകാരുടെ അനുഭവം. വികസനം മുരടിച്ച വാര്‍ഡില്‍ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുമെന്ന് വാഗ്ദാനമാണ് ടി. മണി നല്‍കുന്നത്. വെള്ളയില്‍ ഡിസ്പെന്‍സറി നവീകരണം, മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമകേന്ദ്രം, പിഎസ്സി കോച്ചിംഗ് സെന്റര്‍, മാലിന്യ നിര്‍മ്മാര്‍ജനത്തിന് ആധുനിക രീതികള്‍, തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രം, സ്വയം സംരംഭകത്വത്തിന് പരിശീലനം തുടങ്ങിയ വാഗ്ദാനങ്ങളാണ് ടി. മണി മുന്നോട്ട് വെക്കുന്നത്.
ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തുന്നതിനും തുടര്‍ നിരീക്ഷണത്തിനും പ്രദേശത്ത് ‘നമോക്ലിനിക്കും’ സജ്ജമാക്കുമെന്നും കുറഞ്ഞ ചെലവില്‍ രോഗനിര്‍ണ്ണയ പരിശോധനകള്‍ ലഭ്യമാക്കുമെന്നും ടി. മണി പറഞ്ഞു. വെള്ളയില്‍ തൊടിയില്‍ പ്രമുഖ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച മണിയുടെ ഭാര്യ ദീപ ടി. മണി ബിജെപി ജില്ലാ കമ്മറ്റി അംഗമാണ്. 2010 ല്‍ മുന്നാലിങ്കല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
തുടക്കത്തില്‍ ത്രികോണ മത്സരമായിരുന്നെങ്കിലും പല തവണ വോട്ടര്‍മാരെ നേരിട്ട് കണ്ട മണി പ്രചാരണത്തില്‍ വ്യക്തമായ മേല്ക്കൈനേടിക്കഴിഞ്ഞു. വിമതശല്യം ഇരുമുന്നണികളെയും വേട്ടയാടുമ്പോള്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വലിയ മുന്നേറ്റമാണ് ബിജെപി കൈവരിച്ചത്. ഇടത് മുന്നണി ചിത്രത്തിലേയില്ലാത്ത അവസ്ഥയില്‍ യുഡിഎഫിലെ പടലപിണക്കവും ഡിവിഷനിലെ പരിചയവും തനിക്ക് മുതല്‍ക്കൂട്ടാകുമെന്ന് മണി കരുതുന്നു. ഇരുമുന്നണികളിലെയും വിമതരടക്കം ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: