കൊയിലാണ്ടി: തലചായ്ക്കാനൊരിടം പദ്ധതിയില്‍പ്പെടുത്തി സേവാഭാരതി മേലൂരിലെ തൈക്കണ്ടിതാഴെ കല്യാണി അമ്മക്കും മൂന്ന് പെണ്മക്കള്ക്കും നിര്‍മ്മിച്ച വീട് കൈമാറി. ഇന്നലെ വീടിന്റെ താക്കോല്‍ കൈമാറലും ഗൃഹപ്രവേശവും നടന്നു.
കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി താക്കോല്‍ കൈമാറി. കോവിഡ് ദുരിതകാലത്ത് ഓരോ വ്യക്തിയും കുടുംബത്തിന് സംരക്ഷണമേകുന്നതിനോടൊപ്പം സമൂഹത്തില്‍ വേദനയും കഷ്ടപ്പാടും അനുഭവിക്കുന്നവര്‍ക്ക് താങ്ങായി നില്‍ക്കണമെന്നും സേവനം മനുഷ്യസഹജമായ പ്രേരണയാണെന്നും സ്വാമിജി പറഞ്ഞു. കെ.കെ. മുരളി അദ്ധ്യക്ഷനായി. നടേരി കാവുംവട്ടം മീറങ്ങാട്ട് ബാലകൃഷ്ണന് നായര്‍ കാവുംവട്ടം എംയുപി സ്കൂളിനു സമീപമുള്ള തന്റെ ഏഴ് സെന്റ് സ്ഥലം വീടില്ലാത്ത രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്കാന് സേവാഭാരതിക്ക് സമര്‍പ്പിച്ചു.
ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന്, അഡ്വ. വി. സത്യന്, കെ.എം. രജി, ഡോ. കെ. ഗോപിനാഥന്, കെ.എം. രാജീവന്, പി. ഗിരീഷ് കുമാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, ബാലന് നായര്‍, ദാസന് പറമ്പത്ത്, കെ.കെ. ഗോപാലകൃഷ്ണന്, മുരളീധരഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
സന്നദ്ധ പ്രവര്‍ത്തകരുടെയും, നാട്ടുകാരുടെ സഹായത്തോടെ എട്ട് ലക്ഷം രൂപ ചെലവിലാണ് സേവാഭാരതി വീട് നിര്‍മ്മിച്ച് നല്‍കിയത്. ഒന്‍പത് മാസം മുമ്പ് ആരംഭിച്ച വീടു പണി കോവിഡ് വ്യാപനത്തെ തുടര്‍ന്നുളള നിയന്ത്രണങ്ങളെല്ലാം അതിജീവിച്ചാണ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
സേവാഭാരതി കൊയിലാണ്ടിയില്‍ നിര്‍മ്മിച്ചു നല്കിയ മൂന്നാമത്തെ വീടാണിത്. നേരത്തെ ചെറിയമങ്ങാട് ഭാഗത്ത് വിനോദിനിയ്ക്കും മകള്‍ക്കും വേണ്ടി വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇത് കൂടാതെ കാപ്പാട് വികാസ് നഗറിലും ഒരു കുടുംബത്തിന് സേവാഭാരതി വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: