കരുനാഗപ്പള്ളി: വവ്വാക്കാവ് ജംഗ്ഷനില്‍ ദേശീയ പാതയോരത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലം പൊറുതിമുട്ടി നാട്ടുകാര്‍. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിലാണ് റോഡുകള്‍ വെള്ളക്കെട്ടിലായത്. ഇതിനെ തുടര്‍ന്ന് നിരവധി വ്യാപരസ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ആരാധനാലയങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചു.
മഴ പെയ്തു കഴിഞ്ഞാല്‍ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. ദേശീയപാതയ്ക്ക് കുറുകെയുള്ള ഓടയില്‍ മണ്ണ് നിറഞ്ഞ് അടഞ്ഞ നിലയിലാണ്. നിരവധിതവണ വ്യാപാരികള്‍ ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും ജില്ലാ പഞ്ചായത്തിലും പരാതി നല്‍കിയെങ്കിലും ബന്ധപ്പെട്ട അധികാരികള്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
വെള്ളക്കെട്ട് കാരണം ഇവിടെ പ്രവര്‍ത്തിക്കുന്ന നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പഴയ ദേശീയപാത വവ്വാക്കാവ് ജമാഅത്ത് പള്ളിക്ക് മുന്‍വശം മുതല്‍ തെക്കോട്ട് 995 സര്‍വീസ് സഹകരണബാങ്ക് വരെയുള്ള വഴിയില്‍ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണ്. ഇതുവഴി ഇരുചക്രവാഹനങ്ങള്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ സഞ്ചരിക്കാന്‍ കഴിയില്ല. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
ബന്ധപ്പെട്ട അധികൃതര്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപാരികള്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: