തൊടുപുഴ: ആവേശകൊടുമുടിയില്‍ ഇന്ന് പരസ്യപ്രചാരണം കൊട്ടികലാശിക്കും, നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ ഇടുക്കി ബൂത്തിലേക്ക്. കൊറോണ നിയന്ത്രണങ്ങള്‍ നില
നില്ക്കുന്നതിനാല് കലാശക്കൊട്ടിന് വിലക്കുണ്ട്. എങ്കിലും ആവേശമൊട്ടും ചോരാതെ അവസാനവട്ട പ്രചരണത്തിലാണ് മുന്നണികള്‍. സ്ഥാനാര്‍ത്ഥികളുടെ അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ ഇന്ന് കൂടി നാട്ടിന്‍പുറങ്ങളിലൂടെ തലങ്ങും വിലങ്ങും പായും. വാര്‍ഡ്- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഡിവിഷന് സ്ഥാനാര്‍ത്ഥികള്‍ ഒരുമിച്ചു തുറന്ന വാഹനത്തില്‍ നടത്തുന്ന പര്യടനം ഇന്ന് വൈകിട്ട് ആറ് മണിയോടെ പൂര്‍ത്തിയാകും. തികച്ചും കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ പൊതു പ്രചാരണങ്ങള്‍ക്കാണ് ഇന്ന് തിരശീല വീഴുന്നത്.
വീടുകള്‍ കയറിയുള്ള അവസാന റൗണ്ട് പ്രചാരണം, ലഘുലേഖ വിതരണം എന്നിവ ഇന്നും നാളെയും കൊണ്ട് പൂര്‍ത്തിയാക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക വോട്ടര്‍മാരെ പരിചയപ്പെടുത്തുക, സ്ലിപ്പ് വിതരണം തുടങ്ങിയ ജോലികളും തുടങ്ങിക്കഴിഞ്ഞു.
ജയപ്രതീക്ഷയുള്ള വാര്‍ഡുകളിലും ഡിവിഷനുകളിലും ചെറു സംഘങ്ങളായി മുന്നണികള്‍ ആറും ഏഴും തവണ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലായിടത്തും വാര്‍ഡ് കണ്‍വെന്‍ഷനുകളും കുടുംബയോഗങ്ങളും അവസാനലാപ്പിലാണ്. വീടുകളിലും കുടുംബങ്ങളിലും കൂടുതല്‍ സ്വീകാര്യതയുള്ള ആളുകളെ ഒരു തവണ കൂടി നേരില്‍ക്കണ്ട വോട്ടുറപ്പിക്കലാണ് ഇനി ബാക്കി.
കൊട്ടിക്കലാശം പാടില്ല
മുന്‍ കാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഒടുവില്‍ കാണാറുള്ള കൊട്ടിക്കലാശങ്ങള്‍ ഇക്കുറി ഉണ്ടായിരിക്കില്ല. കൊറോണ വ്യാപനം കണക്കിലെടുത്ത് കൊട്ടിക്കലാശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. കൊട്ടിക്കലാശത്തിന് പകരമായി ജാഥകളും സംഘം ചേര്‍ന്നുള്ള പ്രകടനങ്ങളും നടത്താന്‍ പാടില്ല. മാനദണ്ഡങ്ങള്‍ അങ്ങേയറ്റം പാലിച്ചുകൊണ്ടായിരിക്കണം രണ്ട് ദിവസങ്ങളിലെയും നിശബ്ദ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
വോട്ട് ചെയ്യാന്‍ സഹായി
ഇടുക്കി: കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന ബ്രയില്‍ ലിപി സ്പര്‍ശിച്ചോ സ്വയം വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോദ്ധ്യപ്പെട്ടാല്‍ സഹായിയെ അനുവദിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. വോട്ട് ചെയ്യുന്നതിന് വോട്ടര്‍ നിര്‍ദ്ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. ഇയാള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. പ്രത്യക്ഷത്തില്‍ കാഴ്ചക്ക് തകാരാറുള്ള സമ്മതിദായകരോട് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ വേര്‍തിരിച്ച് അറിഞ്ഞോ ബ്രയില്‍ ലിപി സ്പര്‍ശിച്ചോ വോട്ട് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചറിഞ്ഞ ശേഷമായിരിക്കും സഹായിയെ അനുവദിക്കുക. സ്ഥാനാര്‍ത്ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്തേക്ക് പോകാന്‍ പാടില്ല.
കൈമാറണം
വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട വരണാധികാരിക്ക് കൈമാറണം. 16ന് രാവിലെ എട്ടിന് മുമ്പ് വരെ ലഭിക്കുന്ന തപാല്‍ ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക. ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റല്‍ ബാലറ്റിനും കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും അനുവദിച്ചിട്ടുള്ള സ്പെഷ്യല്‍ ബാലറ്റിനും ഇത് ബാധകമാണ്. വോട്ടര്‍മാര്‍ക്ക് ബാലറ്റും സാക്ഷ്യപത്രവും നിശ്ചിത കവറുകളിലാക്കി അതത് വരണാധികാരികള്‍ക്ക് അയക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: