തിരുവനന്തപുരം: തെരഞ്ഞെടുപ്പ്് പോസ്റ്ററില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ആയിരിക്കും ഏറ്റവും വലിപ്പത്തിലും പ്രാധാന്യത്തിലും കൊടുക്കുക. അതാണ് കീഴ് വഴക്കം. വര്‍ഷങ്ങളായി പോസ്റ്ററുകള്‍ ചെയ്ത് കൈ തഴമ്പിച്ച യാഗാ ശ്രീകുമാര്‍ ഇത്തവണ മാറി ചിന്തിച്ചു. ആശയത്തിന് പ്രാധാന്യം നല്‍കുക. പോസ്റ്ററില്‍ മുഴച്ചു നില്‍ക്കേണ്ടത് സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം. സ്ഥാനാര്‍ത്ഥി അധ്യാപകനാണെങ്കില്‍ ക്‌ളാസ് മുറിയുടെ വികാരം പ്രതിഫലിക്കണം. വിദ്യാഭ്യാസമാണ് ഉയര്‍ത്തി കാട്ടുന്നതെങ്കില്‍ പുസ്തകങ്ങളുടെയും കര്‍ഷകനെങ്കില്‍ പച്ചപ്പിന്റേയും പശ്ചാത്തലം. പശ്ചാത്തല ചിത്രങ്ങളിലുടെ മാത്രമല്ല മനോഹരമായ തലവാചകങ്ങളിലൂടെയും അതുണ്ടാക്കുന്നതില്‍ വിജയിച്ചു എന്നിടത്താണ് യാഗാ ശ്രീകുമാറിന്റെ പോസ്റ്ററുകള്‍ വേറിടുന്നത്.
യാഗയുടെ പോസ്റ്ററുകള്‍ ക്‌ളിക്കായി. രണ്ടാഴ്ച കൊണ്ട് ചെയ്തത് 84 പോസ്റ്ററുകള്‍. ബഹുഭൂരിപക്ഷവും ബിജെപിയുടേതെങ്കിലും എല്ലാ പാര്‍ട്ടികളുടേയും പോസ്റ്ററുകള്‍. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ സെഞ്വറി യിലേക്കാണ് യാഗയുടെ പോക്ക്.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ ശ്രീകുമാര്‍ പത്തു വയസു മുതല്‍ തുടങ്ങിയതാണ് കലാ പ്രവര്‍ത്തനം. പെന്‍സിലും കരിയുംകൊണ്ടെല്ലാം കോറിയ വരകള്‍, പിന്നീട് സംഘടനകളുടെ ചുവരെഴുത്തും പോസ്റ്റര്‍ വരയുമൊക്കെയായി വളര്‍ന്നു. ഒട്ടേറെ പ്രമുഖ പ്രസാധകരുടേയും പുസ്തകങ്ങള്‍ക്ക് പുറംചട്ട. ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ പഠിക്കുമ്പോള്‍ ‘വരയ്‌ക്കുന്ന കുട്ടന്‍’ ആയിരുന്നു ശ്രീകുമാര്‍. ഇന്ന് യാഗാ ശ്രീകുമാറായി.
കേരളത്തിലെ കലാ മേഖലയില്‍ ബ്രാന്‍ഡ് നെയിം ആയിക്കഴിഞ്ഞ യാഗാ ശ്രീകുമാര്‍ ശില്‍പ്പം രചിക്കും, കൂറ്റന്‍ കലാ നിര്‍മാണം നടത്തും; അത് കലാ സങ്കലനമാണ്. അതിശയിപ്പിക്കുന്ന തരത്തില്‍ ആശയം സങ്കല്‍പ്പിക്കും, അത് അപ്പടി രൂപപ്പെടുത്തും.ചെറുതും വലുതുമായ ഒട്ടേറെ കലാ പ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളും യാഗായുടേതായുണ്ടായി.
തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് പ്രവര്‍ത്തന തട്ടകം മാറ്റിയ യാഗാ ശ്രീകുമാര്‍ അവിടെ ‘നിര്‍ഭയ’ എന്ന ആര്‍ട്ട് ഗാലറി തുടങ്ങി. ഫൈനാര്‍ട്സ് പഠിച്ച ഇരുപതോളം പേരെ സഹകരിപ്പിച്ചാണ് നീങ്ങുന്നത്. അങ്ങനെ സംരംഭകനും സംഘാടകനും കൂടിയാണ് ഈ കലാകാരന്‍.
തിരുവനന്തപുരത്ത് എബിപിവി മഹാസമ്മേളനം നടന്നപ്പോള്‍ സമ്മേളന പ്രദര്‍ശന നഗരി തയാറാക്കി. കണ്ണൂര്‍ രാഷ്‌ട്രീയത്തിലെ രക്തം പുരണ്ട ചരിത്രം യാഗാ പ്രദര്‍ശിപ്പിച്ചു. പാലക്കാട്ട് ആര്‍എസ്എസ് നടത്തിയ സംസ്ഥാന ശിബിരത്തിലെ കലാ പ്രവര്‍ത്തനം യാഗായെ ഏറ്റവും ശ്രദ്ധേയനാക്കി. ആര്‍എസ്എസിന്റെ ചരിത്രം ദൃശ്യരൂപങ്ങളില്‍ ചിത്രവും ശില്‍പ്പവുമായി ശ്രീകുമാര്‍ അവതരിപ്പിച്ചു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും പ്രശംസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ നാലു പരിപാടികള്‍ക്കും യാഗാ ആയിരുന്നു വേദി ഒരുക്കിയത്. കൊച്ചിയില്‍ വിശ്വഹിന്ദു പരിഷത്ത് സമ്മേളന നഗരിയില്‍ ചരിത്രം ചിത്രത്തിലാക്കി നടത്തിയ ഗ്യാലറി ശ്രദ്ധിക്കപ്പെട്ടു. പിന്നാലേ കോഴിക്കോട്ട് ബിജെപിയുടെ ദേശീയ സമ്മേളനം നടത്തിയപ്പോള്‍ യാഗായുടെ പ്രദര്‍ശനം ചരിത്ര പ്രസിദ്ധമായി. യാഗായുടെ ഏറ്റവും വലിയ പ്രദര്‍ശനവും പ്രവര്‍ത്തനവും അതായിരുന്നുവെന്നും പറയാം
നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 2500 ചതുരശ്ര അടിയില്‍ സിയാലില്‍ സെല്‍ഫികോര്‍ണര്‍ ഒരുങ്ങി. വിമാനയാത്രയ്‌ക്ക് ബോര്‍ഡിങ് പാസെടുത്ത ശേഷം വിമാനത്തില്‍ കയറും മുന്‍പ് അവിടെ ഒരു ക്ലിക്കെടുക്കാതെ പോകുന്ന കേരളീയര്‍ പോലും ചുരുക്കം. കൂത്തമ്പലം, കഥകളി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവയുടെ ശില്‍പം, ആള്‍ വലുപ്പത്തിലുള്ള 18 ചുമര്‍ ചിത്രം, എട്ടടി നീളത്തില്‍ അഞ്ചടി ഉയരത്തില്‍. ഇതിലെ ചുമര്‍ ചിത്രങ്ങള്‍ യാഗാ ഒരുക്കിയതാണ്.
തൃശൂരില്‍, ആയിരത്തിയൊന്ന് ചിത്രങ്ങള്‍ ശേഖരിച്ച് അവതരിപ്പിച്ച് ശ്രീകുമാര്‍ പ്രത്യേക ശ്രദ്ധ നേടി. മദര്‍ ഓഫ് ക്രൈസ്റ്റ്- കന്യാമറിയത്തിന്റെ, 1001 ചിത്രങ്ങള്‍. ലോകത്ത് വിവിധ ഭാഗങ്ങളില്‍ കലാകാരന്മാര്‍ രചിച്ച ചിത്രങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിച്ചു. ഡാവിഞ്ചിയും വാന്‍ഗോഗും തുടങ്ങി അതിപ്രശസ്തര്‍ രചിച്ചവയുടെ പകര്‍പ്പായിരുന്നു അവ. പ്രദര്‍ശന നഗരിയുടെ പ്രത്യേകത, ചിത്ര ശേഖരണം, വിന്യാസം തുടങ്ങിയവ പ്രദര്‍ശനം കൂടുതല്‍ ആകര്‍ഷകമാക്കി. കേരളത്തിലെ ക്രൈസ്തവ സഭകള്‍പോലും അതുവരെ സങ്കല്‍പ്പിക്കാത്ത ആശയം.
തിരുവനന്തപുരം വിമന്‍സ് കോളജില്‍ മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ദീപ്തിയാണ് ഭാര്യ. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി നിവേദിത മകളും
പ്രതികരിക്കാൻ ഇവിടെ എഴുതുക: