തിരുവനന്തപുരം : സ്‌പെയ്‌സ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിന് വേണ്ടി സൃഷ്ടിച്ചെടുത്ത തസ്തികയായിരുന്നെന്ന് സംസ്ഥാന പോലീസിന്റെ കണ്ടെത്തല്‍. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ജോലി നഷ്ടപ്പെട്ട സ്വപ്‌നയ്‌ക്കായി ഒാപ്പറേഷന്‍സ് മാനേജര്‍ തസ്തിക സൃഷ്ടിച്ചെടുക്കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
സ്വപ്ന സുരേഷിന്റെ നിയമനത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയാണെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രത്യേക തസ്തിക സൃഷ്ടിച്ചെടുത്തതാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്വപ്‌നയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ നിയമനത്തിലെ ക്രമക്കേട് സംസ്ഥാന പോലീസ് കണ്ടെത്തിയത്. അതേസമയം കെഎസ്‌ഐടിഎല്‍ എംഡിയാണ് സ്വപ്നയെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത് ഇക്കാര്യം പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് കോടതിയില്‍ അറിയിച്ചതോടെ നിയമനത്തില്‍ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്.
സ്‌പെയ്‌സ് പാര്‍ക്കിലെ ഓപ്പറേഷന്‍സ് മാനേജറെന്ന തസ്തികയിലേക്ക് മാനദണ്ഡപ്രകാരം എംബിഎ വേണം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക് സര്‍വ്വീസ് സെന്റര്‍ അഥവാ നിക്‌സി വഴിയാണ് ഇത്തരം ഉന്നത തസ്തികയിലേക്ക് നിയമനം നല്‍കേണ്ടത്. ഐടി മേഖലയിലെ വിദഗ്ദരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നത് നിക്‌സിയാണ്. എന്നാല്‍ സ്വപ്നയുടെ നിയമത്തിന് വേണ്ടി നികസിയെ ഒഴിവാക്കുകയായിരുന്നു.
വ്യജ ബിരുദ സര്‍ട്ടിഫിക്കറ്റ് മാത്രമുള്ള സ്വപ്നയ്‌ക്ക് നിയമനം നല്‍കാന്‍ ഉന്നതതല ഇടപെടലൂടെയാണ് പ്രൈസ് വാട്ടര്‍ കൂപ്പറിനെ ചുമതലപ്പെടുത്തിയത്. പ്രൈസ് വാട്ടര്‍കൂപ്പേഴ്‌സ് നിയമനം വിഷന്‍ ടെക്ക് എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചു. അതേസമയം തട്ടിപ്പ് മനസ്സിലാക്കിയാണ് നിയമനം മറ്റൊരു ഏജന്‍സിക്ക് നല്‍കിയതെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഉന്നത പദവിയിലേക്കുള്ള നിയമനത്തിനായി സ്വപ്‌നയുടെ സര്‍ട്ടിഫിക്കറ്റ് മൂന്ന് കമ്പനികള്‍ പരിശോധിച്ചിട്ടും വ്യാജ ബിരുദമാണെന്ന് കണ്ടെത്തിയിരുന്നില്ലെന്നതിലും ചോദ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: