തൃശ്ശൂര്‍: സംസ്ഥാനത്ത് ഇടതുപക്ഷ ടിക്കറ്റില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിക്കൊപ്പം നിന്ന് പ്രചാരണം നടത്തുന്നതിനോട് താത്പ്പര്യം കാണിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണക്കടത്ത് അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്.സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നാല്‍ ഇത് മുഖ്യമന്ത്രിയായിരിക്കും ഇതില്‍ കുടുങ്ങുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്ന, ശിവശങ്കര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്നിവര്‍ പ്രവര്‍ത്തിച്ചത്. ഈ അഴിമതിയുടെ മുഖ്യ ഉപഭോക്താവും അദ്ദേഹം തന്നെയാണ്. സ്വര്‍ണക്കടത്ത് അടക്കമുള്ള അഴിമതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം വികൃതമാക്കി. പിണറായി കള്ളക്കടത്തിന് കൂട്ട് നിന്നെന്നും അതിന് പ്രതിഫലവും ലഭിച്ചെന്ന് സുരേന്ദ്രന് ആരോപിച്ചു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടത്, വലത് മുന്നണികള്‍ ഒരു പോലെ വിയര്‍ക്കുകയാണ്. ഇടത് മുന്നണിക്ക് പ്രചരണം നയിക്കാനാളില്ല. ഭൂമിയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്രചാരണമാണ് നടത്തുന്നതെന്നാണ് അദ്ദേഹം ഇതിന് മറുപടി നല്‍കുന്നത്. മുഖ്യമന്ത്രി കൊറോണ ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം ബിജെപി വിശ്വാസത്തിലെടുക്കുന്നില്ല.
സംസ്ഥാനത്തെ റേഷന്‍ കിറ്റ് വിതരണത്തില്‍ പിണറായി സര്‍ക്കാരിന് ഒരു ക്രെഡിറ്റുമില്ലെന്നും സുരേന്ദ്രന് പറഞ്ഞു. കേന്ദ്രം നേരിട്ട് നല്കുന്ന സൗജന്യ റേഷനാണ് ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. ആവശ്യമായ ഘട്ടത്തില്‍ ബിജെപിയുടെ ദേശീയ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: