കൊച്ചി: യുഎഇ കോണ്‍സുലേറ്റുവഴി നടത്തിയിരുന്ന വിദേശ വസ്തുക്കളുടെ വിനിമയവും കോണ്‍സുലേറ്റിലേക്ക് വദേശത്തുനിന്നു വന്നിരുന്ന സാധനങ്ങളുടെ വിതരണവും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. കോണ്‍സുലേറ്റിലെ ഗണ്‍മാനായിരുന്ന അജയഘോഷ്, ഡ്രൈവര്‍ സിദ്ദിഖ് എന്നിവരെ പത്തു മണിക്കൂറിലേറെ ചോദ്യം ചെയ്തതില്‍നിന്ന് സുപ്രധാന വിവരങ്ങളാണ് ലഭിച്ചതെന്നറിയുന്നു.
വിദേശത്തുനിന്ന് കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് എന്ന പേരില്‍ എത്തിച്ചിരുന്ന പല വസ്തുക്കളും പുറത്ത് മാര്‍ക്കറ്റിലും ഏജന്റുമാര്‍ക്കും എത്തിച്ച് വിറ്റ് ലാഭം നേടുന്നതായുള്ള വിവരങ്ങളുണ്ടായിരുന്നു. അജയഘോഷില്‍നിന്ന് ഇതു സംബന്ധിച്ച ഇടപാടു രീതികള്‍ കിട്ടി. വന്‍തോതില്‍ ഡോളര്‍ വാങ്ങാനും വില്‍ക്കാനും കോണ്‍സുലേറ്റിലെ ചിലര്‍ ഇടനില നിന്നിരുന്നുവെന്നും അതിന് കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ അടക്കം ഒത്താശ ചെയ്തിരുന്നുവെന്നുമാണ് വിവരം. ചില കസ്റ്റംസ് ക്ലിയറന്‍സ് ഹൗസുകളും ഈ ഇടപാടു പട്ടികയിലുണ്ട്. കോണ്‍സുലേറ്റ് പ്രവര്‍ത്തന സമയം കഴിഞ്ഞും അവിടം കേന്ദ്രമാക്കി നടത്തിയിരുന്ന ഇടപാടിന് ചില പ്രമുഖ സ്ഥാപനങ്ങളുടെയും കച്ചവട കേന്ദ്രങ്ങളുടെയും നടത്തിപ്പുകാരും പങ്കാളികളാണെന്നാണ് വെളിപ്പെടുത്തല്‍.
വിദേശത്തുനിന്ന് ഇങ്ങോട്ട് വസ്തുക്കള്‍ വന്നിരുന്നതുപോലെ തിരിച്ചും പായ്ക്കറ്റുകള്‍ കടത്തിയിട്ടുണ്ടെന്ന രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധനയില്‍ ലഭിച്ചിരുന്നു. അതു സംബന്ധിച്ച വിശദീകരണങ്ങളും കോണ്‍സുലേറ്റില്‍ വന്നുപോയിരുന്നവരില് ഇത്തരം ഇടപാടുകള്‍ നടത്തിയവരുടെ വിവരങ്ങളും ചോദ്യം ചെയ്യലില്‍ ലഭിച്ചതായാണ് വിവരം.
കോണ്‍സുലേറ്റുവഴി നടന്ന സ്വര്‍ണക്കടത്ത് പിടികൂടിയ വാര്‍ത്തകള്‍ വന്നതിനിടെ, കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ അജയഘോഷിനെ കണ്ടെത്തിയിരുന്നു. ഇന്നലെ തിരുവനന്തപുരത്തുനിന്ന് കസ്റ്റംസ് വാഹനത്തില്‍ കൊച്ചിയില്‍ എത്തിച്ചാണ് അജയഘോഷിനെ ചോദ്യം ചെയ്തത്. രാത്രി വൈകിയും തുടര്‍ന്നു. ഇന്നും ചോദ്യം ചെയ്യല്‍ ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: