ന്യൂദല്‍ഹി: ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്സിന് ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സജ്ജമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരില്‍ നിന്നുള്ള അന്തിമാനുമതി ലഭിച്ചാലുടന്‍ വാക്സിന് വിതരണം ആരംഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലാകും വാക്സിന് വിതരണമെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. വാക്സിന്റെ വില നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുമായി കേന്ദ്രം ചര്‍ച്ചകള്‍ നടത്തുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
വിവിധ തരത്തിലുള്ള വാക്സിനുകള്‍ വിതരണം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള രാജ്യമാണ് ഇന്ത്യ. മറ്റു ലോക രാജ്യങ്ങളെക്കാള്‍ ഏറ്റവും മികച്ച രീതിയിലാണ് ഇന്ത്യയിലെ വാക്സിന് വിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നത്. കൊവിഡ് വാക്സിന് വിതരണത്തിലും ഈ വൈദഗ്ധ്യം രാജ്യം പ്രയോജനപ്പെടുത്തും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍, ഗുരുതരാവസ്ഥയിലുള്ള വയസ്സായ പൗരന്മാര് എന്നിവര്‍ക്കെല്ലാം വാക്സിന് ലഭ്യമാക്കും. വാക്സിന് ശീതീകരണ സംവിധാനങ്ങളും വിതരണ സംവിധാനങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കും. വാക്സിന്റെ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ക്കും മറ്റു വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുമായി പ്രത്യേക സോഫ്റ്റ്വെയറും സജ്ജീകരിച്ചിട്ടുണ്ട്, മോദി അറിയിച്ചു.
ഇന്ത്യയില്‍ മാത്രം എട്ടു വാക്സിനുകളാണ് വിവിധ ഘട്ട പരീക്ഷണങ്ങളിലുള്ളത്. ഇതില്‍ മൂന്നെണ്ണം വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞ് വികസിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിന് കണ്ടെത്താന്‍ വലിയ താമസമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏറ്റവും വില കുറഞ്ഞതും സുരക്ഷിതവുമായ വാക്സിനുകള്‍ക്ക് വേണ്ടി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ലോക്സഭയിലെയും രാജ്യസഭയിലെയും സഭാ നേതാക്കള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പാവപ്പെട്ടവര്‍ക്ക് കൊവിഡ് വാക്സിന് സൗജന്യമായി ലഭ്യമാക്കണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ധന് രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: