പാരിസ്: തീവ്രവാദത്തിനെതിരേ കടുത്ത നടപടിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ 76 മുസ്ലീം പള്ളികള്‍ അടച്ച് പൂട്ടാനും 66 മതപണ്ഡിതരെ നാട് കടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വീണ്ടും തീവ്രവാദ ആക്രമണത്തിന് വളമേകുന്ന നടപടികള്‍ നടക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
വരും ദിവസങ്ങളില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കുമെന്നും സമാനമായ നടപടികള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മാനിയന്‍ വ്യക്തമാക്കി. പുറത്ത് നിന്നുള്ള ശത്രുക്കളേക്കാള്‍ രാജ്യത്തിനകത്തെ ശത്രുക്കളാണ് അടിയന്തര നടപടി അര്‍ഹിക്കുന്നതെന്ന് റേഡിയോ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രവാചകന് മുഹമ്മദ് നബിയുടെ കാര്ട്ടൂണുകള് പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കാണിച്ചതിനു പാരീസ് നഗരമധ്യത്തില്‍ അധ്യാപകന് സാമുവലിനെ ശിരച്ഛേദം ചെയ്ത സംഭവത്തില്‍ ഫ്രാന്‍സില്‍ വന്‍ പ്രതിഷേധമാണ് അലയടിച്ചത്. കൊല്ലപ്പെട്ട അധ്യാപകന് സാമുവലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാരീസ് നഗരത്തിലും പരിസരങ്ങളിലും വന്‍ റാലികളാണ് നടന്നത്.
മിഡില്‍ സ്കൂള്‍ ചരിത്ര അധ്യാപകനായിരുന്ന 47 കാരന് സാമുവല്‍ പി. പ്രവാചകന്റെ കാര്ട്ടൂണുകള് ചാര്‍ലി ഹെബ്ഡോയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസ് ചര്‍ച്ചയ്ക്കിടെ കാണിച്ചതിനാണ് മതതീവ്രവാദി കഴുത്തറുത്ത് കൊന്നത്. അതിനാല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനായി പാരീസിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ചാര്‍ലി ഹെബ്ഡോയിലെ വിവാദമായ കാര്‍ട്ടൂണ്‍ മണിക്കൂറുകളോളം പ്രദര്‍ശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് നാല് മണിക്കൂറിലധികം കാര്‍ട്ടൂണ്‍ ഒക്സിറ്റാനി മേഖലയിലെ രണ്ട് ടൗണ്‍ ഹാളുകളിലേക്ക് പ്രദര്‍ശിപ്പിച്ചു. ജനാധിപത്യത്തിന്റെ ശത്രുക്കളുടെ മുന്നില്‍ ഒരു ബലഹീനതയും ഉണ്ടാകരുത്, മതത്തെ യുദ്ധായുധമാക്കി മാറ്റുന്നവരെ അഭിമുഖീകരിക്കുക ഇത്തരത്തിലായിരിക്കുമെന്ന് മേയര്‍ കരോള്‍ ഡെല്‍ഗ പറഞ്ഞിരുന്നു. കൊലപാതകത്തിനു പിന്നാലെ കര്‍ശന നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഒരു വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ പാരീസിലെ ഒരു പ്രമുഖ മസ്ജിദ് അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ, ഇസ്സാംമതമൗലിക വാദികളുമായി ബന്ധമുള്ള സംഘടനകളില്‍ വ്യാപകമായി പോലീസ് റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: