പുനലൂര്‍: അടച്ചുറപ്പില്ലാത്ത ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് കീഴെ നാല് ജീവനുകള്‍. സര്‍ക്കാര്‍ പല പേരുകളില്‍ പഞ്ചായത്തു വഴിയും ബ്ലോക്ക് വഴിയും അനര്‍ഹരായ നിരവധി ആളുകള്‍ക്ക് വസ്തുവും വീടും നല്കുമ്പോഴും അര്‍ഹരായവരെ അവഗണിക്കുന്നു എന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് വെട്ടിക്കവല പഞ്ചായത്തിലെ കോട്ടവട്ടം മിച്ചഭൂമിയില്‍ കഴിയുന്ന സുരേഷ്-സുരഭി ദമ്പതികളുടെ അനുഭവം.
സുരഭിയും രണ്ടു കുട്ടികളുമടങ്ങുന്ന നാലംഗകുടുംബം സുരേഷ് കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനെ കൊണ്ടാണ് ജീവിക്കുന്നത്. വര്‍ഷങ്ങളായി സുരഭി ഗര്‍ഭപാത്രത്തില്‍ മുഴ വന്ന് തിരുവനന്തപുരം എസ്എറ്റിയില്‍ ചികിത്സ തേടുകയാണ്. ഇവര്‍ക്ക് രണ്ടു കുട്ടികള്‍, ആറാം ക്ലാസ് വിദ്യാര്‍ഥി ആദിത്യനും, രണ്ടാംക്ലാസ് വിദ്യാര്‍ഥി അഭിമന്യുവും. അടുത്ത കാലത്തായി മൂത്ത മകന് ആദിത്യനില്‍ അസ്വസ്ഥത കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഹൃദയവാല്‍വില്‍ സുഷിരം. ആദിത്യന് വിദഗ്ധചികിത്സ ആവശ്യമാണ്. ഈ ദുരിതാവസ്ഥയില്‍ ചോര്‍ന്നൊലിക്കാത്ത ഒരു വീട് എന്ന സ്വപ്നവുമായി സുരേഷും സുരഭിയും പഞ്ചായത്തധികൃതരെ പല തവണ കണ്ടു. എന്നാല്‍ പല തടസ്സവാദങ്ങളും ഉന്നയിച്ച് ഇവരുടെ ആവശ്യം അവഗണിക്കുകയായിരുന്നു. പിന്നീട് കളക്ടര്‍ക്ക് മുന്നിലും പരാതി നല്കി. എന്നാല്‍ വര്‍ഷങ്ങളായുള്ള ഇവരുടെ ആവശ്യം ഇന്നും നടപ്പായിട്ടില്ല.
അന്ന് സ്വന്തമായി റേഷന്‍ കാര്‍ഡില്ല എന്ന തര്‍ക്കം ഉന്നയിച്ച് തിരിച്ചയച്ചവര്‍ക്ക് മുന്നില്‍ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കി കാത്തിരിക്കുകയാണ് സുരഭിയും കുടുംബവും. സുരഭിക്കോ സുരേഷിനോ സ്വന്തമായി ഭൂമിയില്ല. കുടുംബഴിയിലും മറ്റ് ആദായങ്ങള്‍ ഒന്നുമില്ല. ഉള്ളത് ദുഃഖവും ദുരിതവും രോഗങ്ങളും മാത്രം. മിച്ചഭൂമിയില്‍ പെടുന്ന രണ്ടുസെന്റ് ഭൂമിയില്‍ സുരക്ഷിതമല്ലാത്ത ജീവിതം. അടുത്തകാലത്ത് പത്തനാപുരത്ത് സുരക്ഷിതത്വമില്ലാത്ത വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പിഞ്ചുബാലിക പാമ്പുകടിയേറ്റ് മരിച്ച വര്‍ത്ത അറിഞ്ഞതോടെ സുരേഷും സുരഭിയും ഭീതിയിലാണ്. പാമ്പും പഴുതാരയും ശല്യം ചെയ്യാതെ ഈ കുരുന്നുകളെ സുരക്ഷിതരായി പാര്‍പ്പിക്കാന്‍ ഒരു വീട് എന്ന ആവശ്യം നിറവേറ്റാന്‍ ഇനി ആരെ സമീപിക്കണമെന്ന് ഇവര്‍ക്ക് അറിയില്ല. തെരഞ്ഞെടുപ്പ് എത്തിയതോടെ പല വാഗ്ദാനങ്ങളുമായി എത്തിയവരും മുമ്പ് തങ്ങളുടെ ദുരിതം കണ്ടിട്ടില്ല. ഇനിയും വോട്ടു ചെയ്യാന്‍ പോകേണ്ടതുണ്ടോ എന്നാണ് ഇവര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: