ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന് ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന്റെ എട്ട് വകഭേദങ്ങള്‍ വികാസ ദശയിലാണെന്നും ഇവ സജീവ പരിഗണനയിലാണെന്നും സര്‍വ്വകക്ഷി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
‘നിലവില്‍ എട്ട് വാക്സിന് വകഭേദങ്ങള്‍ രാജ്യത്ത് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. തദ്ദേശീയമായി മൂന്നെണ്ണവും തയ്യാറാകുകയാണ്. വാക്സിന് ഒട്ടും വൈകാതെ ലഭ്യമാകുമെന്നും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അദ്ദേഹം അറിയിച്ചു. വാക്സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാകും പ്രാമുഖ്യം നല്‍കുക. വാക്സിന് പരീക്ഷണങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണെന്നും ഏറ്റവും ചിലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ വാക്സിന് വേണ്ടിയാണ് ലോകം കാത്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ കൊവിഡ് വാക്സിന് പദ്ധതിയെ ലോകം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്
അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലെ വാക്സിന് നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച അനുഭവം പ്രധാനമന്ത്രി പങ്കുവെച്ചു. നിലവില്‍ വിവിധ ഘട്ടങ്ങളിലുള്ള എട്ട് വാക്സിനുകള്‍ ഇന്ത്യയില്‍ തയ്യാറായി വരുന്നു. അതില്‍ മൂന്ന് തദ്ദേശീയ വാക്സിനുകളും ഉള്‍പ്പെടുന്നു. വരും ആഴ്ചകളില്‍ വാക്സിന് ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ശാസ്ത്രജ്ഞര്‍ വാക്സിനുകള്‍ അംഗീകരിച്ചാലുടന്‍ രാജ്യത്ത് വാക്സിനേഷന് പ്രചാരണ പരിപാടി തുടങ്ങും. പ്രതിരോധ കുത്തിവയ്പ്പിനുള്ള മുന്‍ഗണനാ ഗ്രൂപ്പുകളെ തിരിച്ചറിയാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണു പ്രവര്‍ത്തിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനായി സാങ്കേതിക വിദഗ്ധരും കേന്ദ്രസര്‍ക്കാരിലെയും സംസ്ഥാന സര്‍ക്കാരുകളിലെയും ഉദ്യോഗസ്ഥരും ഉള്‍ക്കൊള്ളുന്ന ഒരു ദേശീയ വിദഗ്ദ്ധ സംഘം രൂപീകരിച്ചു. ദേശീയ, പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ദേശീയ വിദഗ്ദ്ധ സംഘം കൂട്ടായി തീരുമാനമെടുക്കും.
ഇന്ത്യക്കാര്‍ ഈ മഹാമാരിയെ അനുപമമായ ഇച്ഛാശക്തിയോടെ നേരിട്ടതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പോരാട്ടത്തില്‍ ഇന്ത്യക്കാരുടെ സംയമനം, ധൈര്യം, ശക്തി എന്നിവ താരതമ്യപ്പെടുത്താനാവാത്തതും അഭൂതപൂര്‍വവുമാണ്. കൂടാതെ, ഇന്ത്യ സ്വീകരിച്ച ശാസ്ത്രീയ രീതി രോഗ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി, ഇത് പോസിറ്റീവ് നിരക്ക് കുറയ്ക്കുക മാത്രമല്ല, മരണനിരക്ക് കുറയ്ക്കുകയും ചെയ്തു.
വാക്സിനേഷനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇത് പൊതുതാല്പര്യത്തിനും ദേശീയ താല്‍പ്പര്യത്തിനും എതിരാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ നല്കിയ വിലപ്പെട്ട സംഭാവനയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. നിരന്തരം ജാഗ്രത പാലിക്കണമെന്നും വൈറസിനെതിരായ പ്രതിരോധ നടപടികള്‍ പാലിക്കുന്നതിലെ കരുതല്‍ കുറയ്ക്കരുതെന്നും അദ്ദേഹം വീണ്ടും അഭ്യര്‍ത്ഥിച്ചു.
ലോക്സഭയിലെയും രാജ്യസഭയിലെയും വിവിധ കക്ഷിനേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടര്‍ ഹര്ഷവര്ദ്ധന്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: