കൊച്ചി: സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഫീസ് നല്കാനാവാത്ത സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ചളിക്കവട്ടം സ്വദേശി കെ.പി. ആല്‍ബര്‍ട്ട് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇതു പറഞ്ഞത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നാം ക്ലാസുകളില്‍ 25 ശതമാനം സീറ്റെങ്കിലും ഇത്തരം കുട്ടികള്‍ക്ക് നല്‍കണമെന്നും ഇവര്‍ക്ക് 14 വയസ് വരെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്നുമാണ് കേന്ദ്ര വിദ്യാഭ്യാസ നിയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ചീഫ് ജസ്റ്റിസ് എസ.് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സൗജന്യ വിദ്യാഭ്യാസം നല്‍കാനും ദുര്‍ബല വിഭാഗങ്ങളുടെ പട്ടികയുണ്ടാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് കോടതി പറഞ്ഞു. ദുര്‍ബല വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നല്‍കിയതിന്റെ വിവരം സര്‍ക്കാരും സിബിഎസ്ഇയും ഐസിഎസ്ഇയും നല്‍കണം. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫലപ്രദമായ നിരീക്ഷണ സംവിധാനം നിലവിലുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കുമ്പോള് സ്കൂളുകള്‍ക്കുണ്ടാകുന്ന ചെലവ് തിരിച്ചു നല്കാന് സംസ്ഥാന സര്‍ക്കാരിനും ഇതിനു മതിയായ ഗ്രാന്റ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ബാധ്യതയുണ്ട്. സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍, പട്ടിക വിഭാഗങ്ങള്‍. ശാരീരിക വൈകല്യമുള്ളവര്‍, സാമ്പത്തിക-സാംസ്കാരിക-ഭാഷാ-പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗക്കാര്‍ തുടങ്ങിയവരാണ് ദുര്‍ബല ജനവിഭാഗങ്ങളിലുള്‍പ്പെടുന്നത്. ഇവര്‍ക്ക് സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് 2009ലെ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിലെ വ്യവസ്ഥകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇത്തരക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കിയതിന്റെ പേരില്‍ ഫീസും ചെലവും തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സ്കൂളുകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്ന് അഡി. എ.ജി വിശദീകരിച്ചു. ദുര്‍ബല വിഭാഗങ്ങളിലുള്ളവര്‍ ഫീസ് നല്‍കിയാണ് പഠിക്കുന്നതെന്ന് ഇതില്‍ നിന്നു മനസിലാകുമെന്ന് ഡിവിഷന് ബെഞ്ച് തുടര്‍ന്നു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: