തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡി അന്ത്യസാസനം നല്കി. ഈ മാസം 10 ന് ഹാജരാക്കാന്‍ ഇഡി നോട്ടീസ് നല്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ചോദ്യം ചെയ്യല്‍.
നേരത്തെ രണ്ട് തവണ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. രണ്ടാമത്തെ തവണ ചോദ്യം ചെയ്യലിനെത്താനാവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡാനന്തര അസുഖങ്ങളെന്ന പേരില്‍ അദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് സിപിഎം ഇടപെട്ടെന്നും ഗുരുതര പ്രശ്നങ്ങളില്ലെങ്കില്‍ എത്രയും പെട്ടന്ന് ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, എം. ശിവശങ്കറുമായി നടത്തിയ ഇടപാടുകള്‍, കെ ഫോണ്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളില്‍ ചെലുത്തിയ സ്വാധീനം എന്നിവയാണ് സി എം രവീന്ദ്രനില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ എന്‍ഫോഴ്സ്മെന്റ് രവീന്ദ്രന് കത്ത് നല്‍കിയിരുന്നു. ശിവശങ്കര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റിന്റെ നീക്കം. എന്നാല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന് കൊറോണ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നീണ്ടു പോയത്. ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുന്നതോടെ സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിന് വീണ്ടും വെല്ലുവിളിയായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: