തൃശൂര്‍: ഇന്ത്യന്‍ കോഫി ഹൗസുകളിലെ ഭരണം പിടിച്ചെടുക്കാന്‍ അഡ്മിനിസ്‌ട്രേറ്ററായി സിപിഎം നിയോഗിച്ച മുന്‍ ജില്ലാ വ്യവസായ വികസന ഓഫിസര്‍ അറസ്റ്റില്‍. വടകര വ്യവസായ കേന്ദ്രത്തില്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പത്തനംതിട്ട അടൂര്‍ ഏഴംകുളം പണിക്കശേരിയില്‍ ബിന്ദു (47) ആണ് പിടിയിലായത്. രണ്ടാഴ്ചത്തേക്കു റിമാന്‍ഡിലായ ബിന്ദുവിനെ ജയിലിലാക്കി.
തൊഴിലാളികളുടെ സഹകരണ പ്രസ്ഥാനമായ ഇന്ത്യന്‍ കോഫീ ഹൗസിന്റെ ഭരണ നിയന്ത്രണം സിഐടിയുവിന് നഷ്ടമായപ്പോള്‍ ഭരണം പിടിച്ചെടുക്കാനായിരുന്നു സിപിഎം നീക്കം. ബിന്ദുവിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചുകൊണ്ടായിരുന്നു അത്. കോഫീ ഹൗസ് ജീവനക്കാര്‍ ഭൂരിഭാഗവും ഒറ്റക്കെട്ടായി നിന്നതിനാല്‍ നീക്കം പാളി.
സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു 19 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസിലാണ് കുടുങ്ങിയത്. തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ സ്വന്തം അക്കൗണ്ടിലേക്കു 19 ലക്ഷം രൂപ മാറ്റിയെന്നാണു കേസ്.ലിക്വിഡേറ്ററുടെ പേരില്‍ തൃശൂര്‍ അയ്യന്തോളിലെ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ 22.8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.
തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂര്‍ കോര്‍പറേഷനു വിറ്റ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകളിലേക്കു മാറ്റി. വകുപ്പു തലത്തില്‍ പരിശോധന വന്നപ്പോള്‍ ലിക്വിഡേറ്ററുടെ അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത് 2.97 ലക്ഷം രൂപ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: