തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയില്‍. ഏഴ് ജില്ലകളില്‍ കനത്ത മുന്‍കരുതലുകള്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ പൊതു അവധിയും പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ മാറ്റം. അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയ ബുറേവി ശക്തി കുറഞ്ഞാകും കേരളത്തിലേക്ക് എത്തുക. ഇന്നലെ വൈകിട്ടോടെ ബുറേവി ശ്രീലങ്കയെ മറി കടന്ന് മാന്നാര്‍ കടലിടുക്കില്‍ എത്തിയിട്ടുണ്ട്.
ബുറേവി വ്യാഴാഴ്ച അര്‍ധ രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ തെക്കന്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്പോള്‍ അകത്തെ കാറ്റിന്റെ പരമാവധി വേഗം മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ ആയിരിക്കും. കരയിലൂടെ സഞ്ചരിക്കുന്നതോടെ ശക്തി കുറയുകയും അതി തീവ്ര ന്യൂന മര്‍ദമായി മാറുകയും ചെയ്യും. കേരളത്തില്‍ 60 കിലോമീറ്റര്‍ വേഗത്തിലാകും വീശുക. പൊന്മുടി വഴി കടന്ന് കൊല്ലം-തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെ അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വര്‍ക്കലയ്ക്കും ആറ്റിങ്ങലിനും ഇടയിലൂടെയാകും അറബിക്കടലിലേക്ക് നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.
ചുഴലിക്കാറ്റിന്റെ കേന്ദ്രം കടന്നുപോകുന്നതിന്റെ വടക്കു ഭാഗങ്ങളില്‍ കൂടുതല്‍ മഴയുണ്ടാകും. അതിനാല്‍ സഞ്ചാര പഥത്തിനു പുറമേ കൊല്ലം ജില്ലയുടെ വടക്കന്‍ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ജില്ലാ കളക്ടര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്കി.
ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ടു ടീമുകളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ രക്ഷാ സേനകളെ സജ്ജമാക്കി ആവശ്യമായ ഇടങ്ങളില്‍ വിന്യസിച്ചു. വ്യോമസേനയുടെ ഹെലികോപ്ടറും ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാവികസേനയുടെ കപ്പലുകള്‍ അറബിക്കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെയായി സജ്ജമാണ്. ആര്‍മിയുടെ അര്‍ധ സൈനിക വിഭാഗങ്ങളും തയാറാണ്. ടെലികോം ഓപ്പറേറ്റര്‍മാരോട് കമ്യൂണിക്കേഷന്‍ ഓണ്‍ വീല്‍സ് സൗകര്യം തയാറാക്കിവയ്ക്കാനും ഡീസല്‍ ജനറേറ്ററുകള്‍ ടവറുകളില്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതി തീവ്ര മഴ ലഭിക്കുമെന്നതിനാല്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരം പൊന്മുടിയിലെ ലയങ്ങളില്‍നിന്നു തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലെ സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റി. 2891 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം അടച്ചിട്ടു. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിനുശേഷം സംസ്ഥാനത്തെ തയാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
അമിത് ഷാ വിളിച്ചു, എന്തു സഹായവും നല്‍കുമെന്ന് കേന്ദ്രം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വ്യാഴാഴ്ച രാവിലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായും സംസാരിച്ചു. എന്തു സഹായവും നല്കാന് തയാറാണെന്നും ഏതു പ്രശ്നമുണ്ടായാലും വിളിക്കാന്‍ മടിക്കേണ്ടതില്ലെന്നും അമിത് ഷാ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സ്വീകരിച്ച നടപടികള്‍ അമിത് ഷായെ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: