തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റിനോടനുബന്ധിച്ച് സംസ്ഥാനത്തെ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. സംസ്ഥാനത്തെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുറെവി ചുഴലിക്കാറ്റ് വീശാനുള്ള സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാന നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ജില്ലയില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടാകും. കടല്‍ക്ഷോഭ സാധ്യത ഉണ്ട്. ശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്നും ജില്ലാ കളക്ടറും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ ബീച്ചിലും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കളക്ട്രേറ്റില്‍ കണ്ട്രോള് റൂം തുറന്നതായും കളക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ വിന്യസിച്ചു. കെഎസ്ഇബിക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 150 പേരുടെ വോളന്റിയര്‍ ടീം സംഘടിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 20 അംഗ സംഘം തലസ്ഥാനത്തെത്തിയെന്നും കളക്ടര്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയും ജില്ലയില്‍ എപ്പോള്‍ പ്രവേശിക്കുമെന്ന് നിര്‍ണയിക്കാന്‍ സാധിച്ചേക്കും. തെക്കന്‍ ജില്ലകളില്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അപകട സാധ്യതാ മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ 8 കമ്പനി എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്.
അതിനിടെ ബുറെവി ചുഴലിക്കാറ്റ് തീരം തൊട്ടു. ശ്രീലങ്കയിലെ മുല്ലത്തീവിലെ ട്രിങ്കോമാലിയ്ക്കും പോയിന്റ് പെട്രോയ്ക്കും ഇടയിലൂടെയാണ് ബുറേവി കരയിലേക്ക് കടന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. വീശിയടിച്ച കാറ്റിലും മഴയിലും പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളുണ്ടായി. നിരവധി മരങ്ങളാണ് കടപുഴകി വീണത്. ഉച്ചയോടെ ചുഴലിക്കാറ്റ് ഗള്‍ഫ് ഓഫ് മാന്നാറിലേക്ക് നീങ്ങുമെന്നാണ് കണക്കു കൂട്ടുന്നത്.
രാത്രിയോടെ ചിലപ്പോള്‍ തമിഴ്നാട്ടിലേക്ക് കടക്കാനാണ് സാധ്യത. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരം കന്യാകുമാരി ജില്ലകളില്‍ ആള്‍ക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: