രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ രണ്ട് യുവാക്കള്‍ കാസര്‍കോഡ് പെരിയയില്‍ കൊലചെയ്യപ്പെട്ട കേസിന്റെ അന്വേഷണം സുപ്രീംകോടതി സിബിഐക്ക് വിട്ടത് നിര്‍ണായകമായ ഒരു വഴിത്തിരിവാണ്. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ രണ്ട് വിധികളുണ്ടായിട്ടും അതിനെ മറികടക്കാനാണ് പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയത്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലചെയ്ത കേസില്‍ പ്രമുഖ നേതാക്കളടക്കം പതിനാല് സിപിഎമ്മുകാര്‍ പ്രതികളാണ്. കുറ്റവാളികളെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചതോടെ കേസ് വാദിക്കാന്‍ സുപ്രീംകോടതിയില്‍നിന്ന് അഭിഭാഷകരെ ഇറക്കിയ വകയില്‍ ഒന്നരക്കോടിയോളം രൂപയാണ് ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് സര്‍ക്കാര്‍ ചെലവഴിച്ചത്. ഹൈക്കോടതി ഉത്തരവുകളെ തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുത്തിട്ടും കേസ് ഡയറിയും മൊഴിപ്പകര്‍പ്പുകളും കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറായില്ല. എട്ട് തവണയാണ് സിബിഐയുടെ ആവശ്യം പോലീസ് നിരസിച്ചത്. തെളിവുകള്‍ നശിപ്പിച്ച് നിലവില്‍ പ്രതികളായവരെ രക്ഷിക്കാനും, കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകാതിരിക്കാനുമാണ് പോലീസ് ഇങ്ങനെ ചെയ്തത്. അഥവാ വളരെ വൈകി സിബിഐ അന്വേഷിക്കേണ്ടി വന്നാല്‍ അതിനോടകം സുപ്രധാനമായ തെളിവുകള്‍ നശിപ്പിക്കാനുള്ള ദൗത്യമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായവരെ കണ്ടെത്താനും സിബിഐക്ക് കഴിയണം.
ഹിംസയുടെ കാര്യത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളെ വിശ്വസിക്കാന്‍ ലോകത്ത് അതിന്റെ ചരിത്രമറിയാവുന്ന ആര്‍ക്കും കഴിയില്ല. കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളായ സോവിയറ്റ് യൂണിയനിലെ സ്റ്റാലിനും ചൈനയിലെ മാവോ സേ തൂങ്ങും, കമ്പോഡിയയിലെ പോള്‍ പോട്ടും, ഉത്തരകൊറിയയിലെ ഭരണാധികാരികളും കോടിക്കണക്കിനാളുകളെയാണ് നിഷ്കരുണം കൊന്നുതള്ളിയിട്ടുള്ളത്. രാഷ്ട്രീയ ഹിംസയുടെ രാക്ഷസീയമായ ഈ പൈതൃകം പിന്‍പറ്റുന്ന പാര്‍ട്ടിയാണ് സിപിഎം. തങ്ങള്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞ പശ്ചിമബംഗാളിലും ത്രിപുരയിലും കേരളത്തിലും സിപിഎം നടത്തിയിട്ടുള്ള മനുഷ്യഹത്യകള്‍ ഉള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ക്കാനാവൂ. രാഷ്ട്രീയ പ്രതിയോഗികളെ കൊലചെയ്യുന്നത് തങ്ങളുടെ അവകാശമാണെന്ന മട്ടില്‍ പെരുമാറുന്ന സിപിഎം നേതൃത്വം കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ജീവനെടുക്കുന്ന കൊലവയലുകള്‍ തീര്‍ത്തു. സംസ്ഥാനത്തിനകത്തും പുറത്തും, പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും എതിര്‍പ്പുയര്‍ന്നിട്ടും കൊലപാതക രാഷ്ട്രീയത്തിന്റെ പാത ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായില്ല. സിപിഎമ്മിന്റെ അക്രമാസക്തിക്ക് ഇരയാവാത്ത ഒരു പാര്‍ട്ടിയും കേരളത്തിലില്ല. സ്വന്തം മുന്നണിയില്‍പ്പെട്ട പാര്‍ട്ടിക്കാരും ഇതനുഭവിച്ചു. യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന് മാസ്റ്ററെയും, ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെയും മറ്റും കിരാതമായി കൊലചെയ്തതിന്റെ ചോരക്കറ പല സിപിഎം നേതാക്കളുടെയും കൈകളിലുണ്ട്.
പെരിയ ഇരട്ടക്കൊല സിപിഎം ആസൂത്രണം ചെയ്തതാണെന്ന് ആര്‍ക്കുമറിയാം. അന്വേഷണം ശരിയായി മുന്നോട്ടുപോയാല്‍ കൊന്നവര്‍ മാത്രമല്ല, കൊല്ലിച്ചവരും പിടിയിലാകും. ഇത് തടയാനാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ശ്രമിച്ചത്. ടിപി വധക്കേസില്‍ ഉപയോഗിച്ച് വിജയിച്ച തന്ത്രമാണിത്. ടിപി കേസ് സിബിഐ അന്വേഷിച്ചിരുന്നുവെങ്കില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് പോലും നിയമത്തിന്റെ പിടിയിലാകുമായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒത്തുകളിച്ചു എന്ന വിമര്‍ശനം ഇന്നും ശക്തമാണ്. പെരിയ ഇരട്ടക്കൊല കേസിനോടും കോണ്‍ഗ്രസ്സിന് ഉദാസീന മനോഭാവമായിരുന്നു. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ്സ് അധ്യക്ഷനായിരുന്ന രാഹുല്‍ പ്രതികരിച്ചത്. കൊലചെയ്യപ്പെട്ടത് സ്വന്തം പാര്‍ട്ടിക്കാരാണെങ്കിലും കേസില്‍ സിപിഎമ്മിനെ ഞെരുക്കുന്നത് ദേശീയതലത്തില്‍ ആ പാര്‍ട്ടിയുമായി രൂപപ്പെടാനിരിക്കുന്ന രാഷ്ട്രീയ സഖ്യത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ചിന്തിച്ചു. പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങളില്‍ പ്രതികളാവുന്നവരെ രക്ഷിക്കുകയെന്നത് സിപിഎമ്മിന്റെ ഔദ്യോഗിക നയമാണ്. കൂടുതല്‍ കൊലകള്‍ നടത്താന്‍ ആളുണ്ടാവണമല്ലോ. പെരിയ കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന സുപ്രീംകോടതി ഉത്തരവ് സിപിഎമ്മിനും സര്‍ക്കാരിനും മുഖത്തേറ്റ അടിയാണ്. പക്ഷേ ഇതുകൊണ്ടൊന്നും അവര്‍ അടങ്ങിയിരിക്കുമെന്ന് കരുതാനാവില്ല. അന്വേഷണം തടസ്സപ്പെടുത്താന്‍ ഇനിയും കുതന്ത്രങ്ങള്‍ മെനയും. സിബിഐ കനത്ത ജാഗ്രത പുലര്‍ത്തിയാല്‍ മാത്രമേ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: