ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയായേക്കും. കഴിഞ്ഞമാസം 27ന് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒദ്യോഗികമായി ക്ഷണിച്ചത്. 2021-ല്‍ യുകെയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദിക്കും ക്ഷണം ലഭിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ മേജറായിരുന്നു. 1993-ലായിരുന്നു ഇത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 31ന് ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തില്‍ നടത്തിയ തന്ത്രപരമായ നീക്കമായാണ് ബോറിസിനുള്ള നരേന്ദ്രമോദിയുടെ ക്ഷണത്തെ നയതന്ത്ര വിദഗ്ധര്‍ കാണുന്നത്. ജോ ബൈഡന്‍ അധികാരമേറ്റെടുക്കുന്നതോടെ യുഎസുമായി യുകെയ്‌ക്ക് പ്രത്യേക ബന്ധം കാത്തുസൂക്ഷിക്കുന്നത് പ്രയാസകരമായിരിക്കുമെന്ന വിലയിരുത്തലും ഇവര്‍ക്കുണ്ട്.
ബോറിസ് ജോണ്‍സണുമായുള്ള ചര്‍ച്ച മികച്ചതായിരുന്നുവെന്ന് 27ന് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് യുകെയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ അറിയിച്ചു. സ്വതന്ത്ര വ്യാപാര കരാറും കാലാവസ്ഥ വ്യതിയാന വിഷയങ്ങളില്‍ ആഴത്തിലുള്ള സഹകരണവും ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്തതായാണ് ഇക്കൂട്ടര്‍ നല്‍കുന്ന വിവരം.
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയും ഇരുവരും സംസാരിച്ചു. ബ്രക്‌സിറ്റിനെക്കുറിച്ച് ജോ ബൈഡന്‍ ആശങ്കയറിയിക്കുകയും വ്യാപാരത്തില്‍ യുകെ അനിശ്ചിതത്വം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സഹകരണത്തിന് വലിയ സാധ്യതകളാണ് തുറന്നുകിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: