ബ്യൂണസ് അയേഴ്സ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ വിവാദങ്ങള്‍ ചൂടുപിടിക്കുന്നു. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ക്കെതിരെ കഴിഞ്ഞ ദിവസം മറഡോണയുടെ മക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഡോക്ടറുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി. ഇിതിന് പിന്നാലെയാണ് തന്നെ ചിലര്‍ ബലിയാടാക്കുകയാണെന്ന വിവാദ പ്രസ്താവനയുമായി ഡോക്ടര്‍ രംഗത്തെത്തി.
ചിലര്‍ക്ക് വേണ്ടത് ബലിയാടിനെയാണ്. മറഡോണ എന്റെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായി ഞാന്‍ സാധിക്കുന്നതെല്ലാം ചെയ്തു. സര്‍ജറിക്ക് ശേഷം ലഹരിയില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു ശ്രമം. എന്നാല്‍ മറഡോണ അതിനോട് പൂര്‍ണമായി സഹകരിച്ചില്ല. ആശുപത്രി വിട്ട മറഡോണ പിന്നീട് താമസിച്ചത് മകളുടെ വീടിന് സമീപമാണ്. അവിടെ ഏതു നേരവും ആംബുലന്‍സിന്റെ സേവനം വേണമെന്ന് സൈക്യാട്രിസ്റ്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മറഡോണയ്ക്ക് അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ആംബുലന്‍സ് ഉടന്‍ ലഭിക്കാതിരുന്നത് എന്താണെന്ന് തനിക്കറിയില്ലെന്നും ഡോ. ലിയോപോള്‍ഡോ ലുക്യു പറഞ്ഞു. പോലീസിന്റെ റെയ്ഡിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെയാണ് ഡോക്ടറെത്തിയത്.
നേരത്തെ ചികിത്സിച്ച രീതി ശരിയല്ലെന്നും ആവശ്യത്തിന് ആംബുലന്‍സ് ലഭിച്ചില്ലെന്നുമാണ് മറഡോണയുടെ പെണ്മക്കളായ ഡാല്‍മ, ജിയാന്ന, ജാന എന്നിവര്‍ പോലീസിന് പരാതി നല്‍കിയത്. വീട്ടിലെത്തിയപ്പോഴും ബന്ധുക്കളുടെ സാന്നിധ്യം മറഡോണക്കിഷ്ടമല്ലായിരുന്നെന്നാണ് ഡോക്ടറുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: