തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ടെന്‍ഡര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് നിര്‍മാണ പ്രവൃത്തികള്‍ നല്‍കിയത് നിയമവ്യവസ്ഥകള്‍ അട്ടിമറിച്ച്. ഓപ്പണ്‍ ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ കരാറുകള്‍ ഊരാളുങ്കലിന് നല്‍കിയത് അനധികൃതമായായാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1997-ലെ സഹകരണ വകുപ്പ് ഉത്തരവിലെ ആനുകൂല്യങ്ങള്‍ പ്രകാരം എല്ലാത്തരം നിര്‍മാണ പ്രവൃത്തികളും ഏറ്റെടുക്കുന്നതിന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് കഴിഞ്ഞ മാസം മാത്രമാണ്. നവംബര്‍ നാലിനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഇഡി അന്വേഷണം ഊരാളുങ്കലിലേക്ക് നീങ്ങുമെന്ന് കണ്ടാണ് തിരക്കിട്ട് ഈ ഇത്തരവ് പുറത്തിറക്കിയത്. ഇതിന് മുമ്പ് തന്നെ ശതകോടികളുടെ കരാറുകളാണ് ഊരാളുങ്കലിന് ലഭിച്ചത്. സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ കിഫ്ബി വഴി നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് ഊരാളുങ്കലിന് വഴിവിട്ട് കരാറുകള്‍ കൂടുതലായി ലഭിക്കാന്‍ തുടങ്ങിയത്.
അതേസമയം, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ കരാറുകള്‍ നല്‍കിയത് ഭരണഘടന ലംഘിച്ചാണെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഭരണഘടനയുടെ 14-ാം അനുച്ഛേദം, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം, കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍, സുപ്രീംകോടതിവിധി തുടങ്ങിയവയും മറികടന്നതായി 2018-ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്താണ്, മന്ത്രിസഭായോഗത്തില്‍ പ്രത്യേക വിഷയമായി പരിഗണിച്ച് ഊരാളുങ്കലിന് ചട്ടം ലംഘിച്ച് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. കൊച്ചിന്‍ ഇന്നവേഷന്‍ സോണ്‍ കെട്ടിടം നിര്‍മിക്കാന്‍ 215.26 കോടിയുടെ കരാര്‍ ഊരാളുങ്കലിന് നല്‍കുകയായിരുന്നു. 25 കോടിയുടെ വരെ കരാറുകള്‍ എടുക്കാനേ സഹകരണ വകുപ്പ് ചട്ടപ്രകാരം ഊരാളുങ്കലിന് കഴിയൂ. ഇടക്കാലത്ത് പിണറായി സര്‍ക്കാര്‍ അത് 50 കോടിയാക്കി അനുവദിച്ചു. പിന്നീട് 2017 ഫെബ്രുവരി 15നാണ്, 215.26 കോടിയുടെ കരാര്‍ നല്‍കിയത്. ഇതിന് നിര്‍ബന്ധിക്കുന്ന വിശദീകരണക്കുറിപ്പ് മന്ത്രിസഭായോഗത്തില്‍ നല്‍കിയതും പിണറായി വിജയനായിരുന്നു.
കേരള ഫിനാന്‍ഷ്യല്‍ കോഡ് പ്രകാരമാണ് പൊതുമരാമത്ത് കരാറുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കുന്നത്. ധനവകുപ്പ് 2014 ജൂലൈയിലും 2015 ആഗസ്റ്റിലും പൊതുമരാമത്ത് ജോലികള്‍ക്ക് നിയോഗിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ അക്രഡിറ്റഡ് ഏജന്‍സിയാക്കി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ സിവിസി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍)യുടെയോ ധനകാര്യ വകുപ്പിന്റെ തന്നെയോ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാതെ, 2016 ഫെബ്രുവരി 20 ന് വരെയുള്ള വിവര പ്രകാരം, 809.93 കോടി രൂപയുടെ അഞ്ച് കരാറുകള്‍ ധനവകുപ്പ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതായാണ് സിഎജി കണ്ടെത്തിയത്. സകല ചട്ടങ്ങളും ലംഘിച്ചാണീ നടപടിയെന്നും സിഎജി ചൂണ്ടിക്കാട്ടി. 2017 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ രേഖകള്‍ വിശകലനം ചെയ്ത് 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ മൂന്നാം അധ്യായത്തില്‍ 43-ാം പേജിലാണ് ഊരാളുങ്കലിനു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തിയ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: