കൊല്ലം: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെയും മുന്‍ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിന്റെയും വീടുകളില്‍ പൊലീസ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് നടപടി. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലാണ് ബേക്കല്‍ പൊലീസ് നിര്‍ദേശപ്രകാരം ലോക്കല്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയത്.
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞമാസം 24ന് പുലര്‍ച്ചെ അഞ്ചിന് ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടില്‍നിന്നാണ് കാസര്‍കോട് ബേക്കല്‍ പൊലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്ന് പ്രദീപ് കുമാറിന് ജാമ്യം ലഭിച്ചിരുന്നു. പിന്നാലെയാണ് എംഎല്‍എയുടെയും പ്രദീപ് കുമാറിന്റെയും വീടുകളില്‍ അടിയന്തര പരിശോധന നടത്തണമെന്ന നിര്‍ദേശം ബേക്കല്‍ പൊലീസില്‍നിന്ന് ലോക്കല്‍ പൊലീസിന് ലഭിക്കുന്നത്.
പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എംഎല്‍എയുടെ വീട്ടില്‍ പരിശോധനയ്ക്കായി എത്തിയത്.കൊട്ടാരക്കര പൊലീസിന്റെ സംഘമാണ് കോട്ടാത്തലയിലെ പ്രദീപിന്റെ വീട്ടില്‍ പരിശോധനയ്ക്കായി ചെന്നത്. പ്രദീപ് ഉപയോഗിച്ച ഫോണും ലാപ്ടോപ്പുമൊക്കെ കണ്ടെടുക്കുകയാണ് റെയ്ഡിന്റെ ഉദ്ദേശ്യമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: