തൃശൂര്‍: തെക്കന്‍ കേരളം – തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ജില്ലയിലും കനത്ത ജാഗ്രത വേണമെന്ന് കളക്ടര്‍ എസ്. ഷാനവാസ്. ജില്ലാതല ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.ഇതു പ്രകാരം ജില്ലയിലെ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം നിലവില്‍ വന്നു. ജില്ലയെ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെങ്കിലും തൊട്ടടുത്ത ഇടുക്കി, എറണാകുളം ജില്ലകളെ ഇത് കാര്യമായി ബാധിക്കുമെന്നും ജില്ലയില്‍ മഴയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്നും യോഗം അറിയിച്ചു.
കടലോര മേഖലയിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും ജാഗ്രത കനപ്പിക്കാനും അതത് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇത്തരം മേഖലയില്‍ ഇന്ന് മുതല്‍ മൂന്ന് വരെ എല്ലാ ഗതാഗതവും നിയന്ത്രിക്കും. ശക്തമായ കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ആളുകളെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കും. അപകടകരമായ വിധത്തില്‍ നില്ക്കുന്ന മരച്ചില്ലകള്‍ എത്രയും പെട്ടെന്നു മുറിച്ചു മാറ്റാനും വൈദ്യുതി കമ്പികള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവ പരിശോധിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്കി.
കാലാവസ്ഥ വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള താലൂക്കുകളില്‍ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് ജാഗ്രതാ നിര്‍ദ്ദേശം എത്തിക്കാനും നിര്‍ദേശം നല്കി. ജില്ലയിലെ മലയോര മേഖലകള്‍ കൂടുതലുള്ള ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലും കടല്‍ത്തീരം ഏറെയുള്ള ചാവക്കാട് താലൂക്കിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ കാര്യക്ഷമമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമാക്കി. നിലവില്‍ മല്സ്യബന്ധനത്തിലേര്പ്പെട്ടിരിക്കുന്നവരെ തിരിച്ചുവിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ റെജില്‍, വിവിധ വകുപ്പുതല മേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: