മറയൂര്‍: മറയൂരില്‍ നിന്ന് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന വേരുമായി തമിഴ്നാട് സ്വദേശി പിടിയില്‍. ഒപ്പമുണ്ടായിരുന്ന നാലു പേര് ഓടി രക്ഷപ്പെട്ടു. സേലം കല്ലകുടിച്ചി ജില്ലയില്‍ മണിയറംപാളയം സ്വദേശി ആര്. ശക്തിവേല്‍(30) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 60 കിലോയോളം വരുന്ന ചന്ദന വേരുകളും ആയുധങ്ങളും പിടികൂടി.
നാച്ചിവയല്‍ റിസര്‍വിലെ അമ്പലപ്പാറ ഭാഗത്ത് നിന്നും കഴിഞ്ഞ ആഴ്ച ചന്ദനം മോഷണം പോയതായി വനപാലകര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാടന്‍ വനമേഖലയ്ക്ക് സമീപം ഇരവികുളം നാഷണല്‍ പാര്‍ക്ക് അതിര്‍ത്തിയില്‍ വെച്ചാണ് ചന്ദനവുമായി പ്രതിയെ പിടികൂടിയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചന്ദന മാഫിയ പ്രദേശത്ത് ശക്തമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം ആന്ധ്രപ്രദേശില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ഫാക്ടറികളടക്കം വിദേശത്തേക്കുള്ള ചന്ദനതൈലം കടത്ത് ഉള്‍പ്പെടെ തെളിവുകളും വിവരങ്ങളും ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മലപ്പുറം സ്വദേശിയായ സുഹൈയിബിനെ പിടികൂടുകയും അന്വേഷണം വിദേശങ്ങളിലെക്കടക്കം വ്യാപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണത്തിന് നേതൃത്വം വഹിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത.് ചന്ദന മാഫിയയെ സഹായിക്കാനാണെന്നും ഇതിനു ശേഷമാണ് വീണ്ടും ചന്ദനക്കടത്ത് വ്യാപകമായിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: