മക്കളേ,
ഹിന്ദുമതത്തില്‍ അനേകം ദൈവങ്ങളെ ആരാധിക്കുന്നുണ്ടല്ലോ. ‘യഥാര്‍ത്ഥത്തില്‍ ഒന്നിലധികം ഈശ്വരന്‍ ഉണ്ടോ?’, എന്നു പലരും ചോദിക്കാറുണ്ട്. ഈശ്വരന്‍ ഒന്നേ ഉള്ളു എന്നാണ് ഹിന്ദുമതത്തിന്റെ അഥവാ സനാതന ധര്‍മ്മത്തിന്റെ നിലപാട്. എന്നു മാത്രമല്ല, ഈശ്വരനില്‍നിന്ന് അന്യമായി പ്രപഞ്ചത്തില്‍ ഒന്നുംതന്നെ ഇല്ല എന്നും, എല്ലാമായിത്തീര്‍ന്നിരിക്കുന്നത് അവിടുന്നുതന്നെയാണെന്നും ഹിന്ദുമതം പ്രഖ്യാപിക്കുന്നു.
ഈശ്വരന് പ്രത്യേകിച്ച് ഒരു രൂപമോ നാമമോ ഇല്ല. ‘നാമരൂപരഹിതമായ അഖണ്ഡചൈതന്യമാണ് ഈശ്വരന്‍’ എന്നാണ് ഹിന്ദുമതത്തിന്റെ കാഴ്ചപ്പാട്. അതിനാല്‍ ഈശ്വരനെ ഇന്ന പേരു ചൊല്ലി മാത്രമേ വിളിക്കാവൂ എന്നോ അവിടുത്തെ പ്രാപിക്കാന്‍ ഏതെങ്കിലും പ്രത്യേകമാര്‍ഗത്തിലൂടെ മാത്രമേ സാധിക്കൂ എന്നോ സനാതനധര്‍മ്മം പറയുന്നില്ല.
ഈശ്വരന്‍ നാമത്തിനും രൂപത്തിനും അതീതനാണെങ്കിലും ഭക്തനെ അനുഗ്രഹിക്കുവാന്‍ അവിടുത്തേക്ക് ഏതുരൂപവും സ്വീകരിക്കാം, എത്ര ഭാവങ്ങള്‍ വേണമെങ്കിലും കൈക്കൊള്ളാം. കാറ്റ് ഇളംതെന്നലായി വരാം, ശക്തിയായി വീശാം, വേണമെങ്കില്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കാം. ആ കാറ്റിനെയും നിയന്ത്രിക്കുന്ന സര്‍വ്വേശ്വരന് ഏതു ഭാവമാണു സ്വീകരിക്കുവാന്‍ കഴിയാത്തത്. അങ്ങനെ ഒരേ സര്‍വ്വേശ്വരന്‍ തന്നെ ശിവന്‍, വിഷ്ണു, ഗണപതി, മുരുകന്‍, ദുര്‍ഗ്ഗ, സരസ്വതി, കാളി തുടങ്ങി പല ഭാവങ്ങളിലും പല രൂപങ്ങളിലും ആരാധിക്കപ്പെടുന്നു. ഒരു നടന്‍ എത്ര വേഷങ്ങള്‍ കെട്ടിയാടിയാലും ആള്‍ ഒന്നുതന്നെയല്ലെ. അതുപോലെ നാമരൂപങ്ങള്‍ പലതാണെങ്കിലും എല്ലാമായും പ്രകടമാകുന്നത് ഒന്നാണ്. ശിവനും വിഷ്ണുവും ദേവിയും എല്ലാം ഒരേ ഈശ്വരചൈതന്യത്തിന്റെ വിവിധഭാവങ്ങള്‍ തന്നെ.
ഈശ്വരരൂപങ്ങള്‍ മാത്രമല്ല, പ്രപഞ്ചം മുഴുവനും അടിസ്ഥാനപരമായി ഒരേ സത്ത തന്നെ. ഒരേ തടി കൊണ്ട് ആനയെയും ഒട്ടകത്തിനെയും കടുവയെയും മറ്റും ഉണ്ടാക്കാറുണ്ട്. സത്യത്തില്‍ അതിലെല്ലാമുള്ളത് തടി മാത്രമാണ്. അതുപോലെ ഒരേ ഈശ്വരചൈതന്യംതന്നെ നാനാരൂപത്തിലുള്ള പ്രപഞ്ചമായി വിളങ്ങുന്നു. എല്ലാത്തിനും ആധാരമായ ആ ഏകദൈവത്തെയാണ് നമ്മള്‍ സാക്ഷാത്കരിക്കേണ്ടത്. ആ ശക്തി എങ്ങും നിറഞ്ഞുനില്ക്കുന്ന ചൈതന്യമാണ്. അതു നമ്മുടെ ഉള്ളിലുമുണ്ട്. നമ്മുടെ കണ്ണിലൂടെ കാണുന്നതും, ചെവിയിലൂടെ കേള്‍ക്കുന്നതും നാവിലൂടെ രുചിക്കുന്നതും ആ ഒരുശക്തി തന്നെ. ശരിയായി സാധനാനുഷ്ഠാനംചെയ്തു മുന്നോട്ടുപോയാല്‍ ഏതൊരാള്‍ക്കും ഈ തത്ത്വം അനുഭവതലത്തില്‍ അറിയാന്‍ കഴിയും.
മനുഷ്യരുടെ അഭിരുചികള്‍ വ്യത്യസ്തങ്ങളാണ്. അവര്‍ ആര്‍ജ്ജിച്ച സംസ്‌കാരങ്ങളും വളര്‍ന്നുവന്ന സാഹചര്യങ്ങളും വ്യത്യസ്തങ്ങളാണ്. ഓരോ വ്യക്തിക്കും, അവനവന്റെ അഭിരുചിക്കും സംസ്‌കാരത്തിനും അനുസരിച്ചുള്ള മാര്‍ഗ്ഗമാണാവശ്യം. അതിനാല്‍ ഏതൊരാള്‍ക്കും ഈശ്വരനെ ഏതു ഭാവത്തിലും ഏതു രൂപത്തിലും ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നല്‍കുന്നു. അങ്ങനെയാണു ഹിന്ദുമതത്തില്‍ വ്യത്യസ്തങ്ങളായ ഈശ്വരസങ്കല്പങ്ങളും വ്യത്യസ്തമാര്‍ഗ്ഗങ്ങളും ഉടലെടുത്തത്.
അടിസ്ഥാനപരമായ ശക്തി അഥവാ ചൈതന്യം ഒന്നുതന്നെ എന്ന് ബോധിച്ചാല്‍ ശിവനെ ആരാധിച്ചാല്‍ വിഷ്ണു കോപിക്കും, കൃഷ്ണനെ ആരാധിച്ചാല്‍ ഗണപതിക്ക് ഇഷ്ടപ്പെടില്ല എന്നൊന്നും ഭയക്കേണ്ടതില്ല. ആത്യന്തികമായി എല്ലാം ഒന്നുതന്നെ എന്ന് ദൃഢമായി ബോധിക്കണം.
എന്നാല്‍ വ്യത്യസ്ത ഈശ്വരഭാവങ്ങളെ ആരാധിക്കുന്നത് അഭികാമ്യമല്ല. നമുക്ക് ഒരു ഇഷ്ടദേവത ഉണ്ടായിരിക്കണം. അത് ശിവനായാലും വിഷ്ണുവായാലും ദേവിയായാലും ആ ഇഷ്ടദേവതതന്നെയാണ് പരമാത്മാവ് അഥവാ ഈശ്വരന്‍ എന്നു കരുതണം. ആ ഇഷ്ടദേവനിലും ഇഷ്ടദേവന്റെ മന്ത്രത്തിലുംതന്നെ മനസ്സിനെ നിര്‍ത്തണം. പലയിടത്തായി കൊച്ചുകൊച്ചു കുഴികള്‍ തുരന്നാല്‍ ഫലമില്ല; ഒരിടത്തു കുഴിച്ചാല്‍ വെള്ളം കിട്ടും. അതുപോലെ വിഭിന്നദേവതകളെ മാറിമാറി പൂജിച്ചാല്‍ ആദ്ധ്യാത്മികപുരോഗതി പ്രയാസമാണ്. ഭക്തിമാര്‍ഗ്ഗത്തില്‍ മുന്നോട്ടുപോകണമെങ്കില്‍ നമ്മുടെ ഇഷ്ടദേവനെത്തന്നെ നിഷ്ഠയോടെ ആരാധിക്കണം. അതാണ് മനസ്സിന് ഏകാഗ്രതയും നമ്മുടെ സങ്കല്പത്തിനു ദൃഢതയും പകരുന്നത്.
ഈശ്വരന്‍ ഗുണാതീതനാണ്. എന്നാല്‍ ഗുണാതീതനായ ഈശ്വരനെ നമുക്കു സങ്കല്പിക്കാനും ആരാധിക്കാനും പ്രയാസമാണ്. അതിനാലാണ് നമ്മള്‍ അവിടുത്തെ സഗുണഭാവത്തില്‍ ആരാധിക്കുന്നത്. വെറ്റപ്പച്ച വേരോടുകൂടി നീലമഷിയില്‍ വെച്ചിരുന്നാല്‍ അതിന്റെ നിറം നീലയായിത്തീരും. അതുപോലെ നമ്മള്‍ ഏത് ഈശ്വരരൂപത്തെ സങ്കല്പിച്ചു ധ്യാനിക്കുന്നുവോ ആ മൂര്‍ത്തിയുടെ ഗുണങ്ങള്‍ നമ്മളില്‍ വന്നുചേരുന്നു. അതോടൊപ്പം ആ ഇഷ്ടദേവത പരമാത്മാവുതന്നെയെന്ന ദൃഢവിശ്വാസവും നമ്മള്‍ വളര്‍ത്തണം. അങ്ങനെ ഉപാസിക്കുമ്പോള്‍ ആദ്യം ഈശ്വരന്റെ സഗുണഭാവത്തെയും പിന്നീട് നിര്‍ഗ്ഗുണഭാവത്തെയും നമ്മള്‍ സാക്ഷാത്ക്കരിക്കുന്നു. രൂപധ്യാനത്തിലൂടെ ശരിയായി മുന്നോട്ടുപോയാല്‍ ഒടുവില്‍ നമ്മള്‍ അരൂപമായ ബ്രഹ്മത്തെ അഥവാ പരമാത്മാവിനെത്തന്നെയാണ് സാക്ഷാത്കരിക്കുന്നത്. നട്ടുച്ചയ്‌ക്കു നിഴല്‍ അപ്രത്യക്ഷമാകുന്നതുപോലെ ഏകാഗ്രതയുടെ പൂര്‍ണ്ണതയില്‍ സാധകന്‍ നിര്‍ഗുണത്തെത്തന്നെ സാക്ഷാത്കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: