കൊല്ലം: ലക്ഷ്മിനട നീലാംതോട്ടത്ത് കോര്‍പ്പറേഷന്റെ നിര്‍മാണ പരമ്പര. അഴിമതിക്കായെന്ന് ആക്ഷേപം. യാതൊരു തകരാറുമില്ലാത്ത കോണ്‍ക്രീറ്റ് റോഡ് പുനര്‍നിര്‍മിച്ചാണ് തട്ടിപ്പ്.
മുമ്പുണ്ടായിരുന്ന കോണ്‍ക്രീറ്റ് റോഡ് പൊളിച്ചുമാറ്റി പകരം നിലവാരമില്ലാത്ത കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കുകയായിരുന്നു. അത് അടുത്ത മഴയ്ക്കുതന്നെ ഒലിച്ചുപോയി. മാസങ്ങള്‍ക്കുള്ളില്‍ ഓട നിര്‍മിക്കാനെന്ന പേരില്‍ റോഡ് വീണ്ടും പൊളിച്ചു. തുടര്‍ന്ന് ഇന്റര്‍ലോക്ക് ടൈല്‍ പാകാനായി ജെസിബി ഉപയോഗിച്ച് കോണ്‍ക്രീറ്റ് പൊളിച്ച് നീക്കിയപ്പോള്‍ പ്രദേശത്തേക്കുള്ള ജപ്പാന്‍കുടിവെള്ള പൈപ്പ്ലൈന് പൊട്ടുകയും വെള്ളക്കെട്ടാകുകയും ചെയ്തു. അധികാരികളെ അറിയിച്ചെങ്കിലും എത്താത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ തന്നെ പകരം പൈപ്പ് മാറ്റി സ്ഥാപിച്ചു.
തുടര്‍ന്നും പൊട്ടാന്‍ സാധ്യത ഉള്ളതിനാല്‍ താഴ്ചയില്‍ പൈപ്പുലൈന്‍ സ്ഥാപിച്ചശേഷം ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനുശേഷം ഒരു വര്‍ഷത്തോളമായിട്ടും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനോ പ്രശ്നപരിഹാരത്തിനായോ ഒന്നുംതന്നെ ചെയ്തിട്ടില്ല. 50 ഓളം വീട്ടുകാരാണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
രോഗികളായുള്ള നിരവധിപേര്‍ പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ യാത്രചെയ്യേണ്ട ഗതികേടിലാണ്. ഈ സ്ഥിതിയില്‍പ്പോലും കൗണ്‍സിലര്‍ സ്ഥലം സന്ദര്‍ശിക്കുകയോ പരാതികള്‍ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. അധികാരികളുടെ മെല്ലപ്പോക്ക് സമീപനത്താല്‍ നിസഹായവസ്ഥയിലാണ് ഇവിടത്തുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: