ന്യൂദല്‍ഹി : ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ഇന്ത്യന്‍ വംശജന് അഭിനന്ദനവുമായി മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ വംശജനായ എംപി ഡോ. ഗൗരവ് ശര്‍മ്മയെ അഭിനന്ദിച്ചത്.
ഹിമാചല്‍പ്രദേശ് ഹിമപൂര്‍ വംശജനാണ് ഡോ. ഗൗരവ്. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ പ്രാദേശിക ഭാഷയായ മാവോരിയിലും സംസ്കൃതത്തിലുമാണ് ഗൗരവ് സത്യ പ്രതിജ്ഞ ചെയ്തത്. ഇന്ത്യന്‍ സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രതാപം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തതെന്ന് മോദി അറിയിച്ചു.
ഇന്ത്യയിലെയും ന്യൂസിലാന്‍ഡിലെയും സംസ്കാരങ്ങളോടുള്ള അതീവ ബഹുമാനമാണ് ഇതിലൂടെ അദ്ദേഹം കാണിച്ചു തന്നത്. ന്യൂസിലാന്‍ഡ് ജനതയ്ക്ക് വേണ്ടി സേവനമനുഷ്ടിക്കുന്നതിലൂടെ വലിയ ഉയരങ്ങളിലെത്താന്‍ അദ്ദേഹത്തെ ആശംസിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം മോദിക്ക് പിന്നാലെ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂറും ഡോ. ഗൗരവ് ശര്‍മ്മയ്ക്ക് ട്വിറ്ററിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ ഹിമപൂര്‍ വംശജനായ ഡോ. ഗൗരവ് ശര്‍മ്മ ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിലൂടെ രാജ്യത്തെ അഭിമാനത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സംസ്കാരം പ്രകടിപ്പിച്ചതിലൂടെ എല്ലാവര്ക്കും പ്രചോദനമായിരിക്കുകയാണ് ഡോ. ഗൗരവ് ശര്‍മ്മയെന്നായിരുന്നു ജയ്റാം ഠാക്കൂറിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: