ന്യൂദല്‍ഹി: കല്‍ക്കരി മോഷണവുമായി ബന്ധപ്പെട്ട കേസില്‍ നാല് സംസ്ഥാനങ്ങളിലെ 45 ഇടങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തി സിബിഐ. ബംഗാള്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലാണ് സിബിഐ വ്യാപക റെയ്ഡ് നടത്തിയത്.
ഈസ്റ്റേണ്‍ കോള്‍ ഫീള്‍ഡ്സ് ലിമിറ്റഡിലെ രണ്ട് ജനറല്‍ മാനേജര്‍മാരും മൂന്ന് സുരക്ഷാ ജീവനക്കാരുമായി കല്‍ക്കരി മാഫിയ ഇടപാട് നടത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ പാട്ടത്തിലുള്ള കുനുസ്തോരിയ, കജോര ഇസിഎല്‍ ഖനികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കല്‍ക്കരി മോഷ്ടിച്ച് കടത്താന്‍ കൂട്ടുനിന്നു എന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് കല്‍ക്കരി മാഫിയയിലെ പ്രധാനിയായ അനൂപ് മഞ്ചി, ഇസിഎല്‍, റെയില്‍വേ, സിഐഎസ്എഫ് ജീവനക്കാര്‍ക്കെതിരെ വെള്ളിയാഴ്ച സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.
അനധികൃത ഖനനം നടത്തിയെന്ന് സിബിഐ കണ്ടെത്തിയ ലാല എന്ന മാഞ്ചി ഉത്തരേന്ത്യയിലെ വന്‍ കല്‍ക്കരി മാഫിയ തലവനാണ്. 2020 മെയ് മുതല്‍ വിജിലന്‍സും ഇസിഎല്‍ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനകളില്‍ അനധികൃത ഖനനത്തിന് നിരവധി തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സിബിഐ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: