തിരുവനന്തപുരം :ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ ക്വാറന്റീന് അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യം. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെയും ചെന്നൈയിലെയും വിവിധ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
ചെന്നൈയിലും ബെംഗളൂരുവിലുമായി മാത്രം 20 ലക്ഷം മലയാളികള്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവരില്‍ ഭൂരിഭാഗം പേരും നാട്ടിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് കേരളത്തില്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീനും മറ്റ് നിയന്ത്രണങ്ങളുള്ളത്. ഒരാഴ്ചയ്ക്കകം വന്ന് മടങ്ങുന്നവര്‍ക്ക് അടിയന്തര ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത് വരാമെങ്കിലും പലര്‍ക്കും സംശയങ്ങള്‍ ബാക്കിയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പലരും.
വോട്ട് ചെയ്യാനെത്തുന്നവര്‍ക്കായി കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പ്രത്യേക ഓപ്ഷന് ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം നിയന്ത്രണങ്ങള്‍ നീക്കുന്നത് സര്‍ക്കാരിന്റ പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: