തൃശൂര്‍: ഭാരതപുഴയും ഗായത്രിപുഴയും കടന്നു പോകുന്ന ജില്ലാപഞ്ചായത്ത് തിരുവില്വാമല ഡിവിഷനില്‍ ജലസമൃദ്ധിയുള്ളപ്പോഴും ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമം. തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളും കൊണ്ടാഴി പഞ്ചായത്തിലെ 15 വാര്‍ഡുകളും പഴയന്നൂര്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളും ചേലക്കര പഞ്ചായത്തിലെ 4 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഡിവിഷന്. തിരുവില്വാമല പഞ്ചായത്തിന്റെ മൂന്നു വശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. ഭാരതപുഴയാലും ഗായത്രിപുഴയാലും ചുറ്റപ്പെട്ട് കൊണ്ടാഴി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പ്രകൃതിദത്തമായ ജലമുള്ളപ്പോഴും ഡിവിഷനിലുള്ള ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പോലും വാഹനങ്ങളില്‍ എത്തിക്കുന്ന വെള്ളം പൈസയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍.
വിവിധ സ്ഥലങ്ങളില്‍ കുഴല്‍കിണറുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും മിക്കയിടത്തും മോട്ടോര്‍ തകരാറും മറ്റും കാരണം കുടിവെള്ള വിതരണം നടക്കുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള യാതൊരു പദ്ധതികളൊന്നും ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഭാരതപുഴ ഇപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായിരിക്കുകയാണ്. പശ്ചാത്തല-സേവന- ഉല്‍പ്പാദന മേഖലകളില്‍ വിവിധ പദ്ധതികള്‍ സയമബന്ധിതമായി പൂര്‍ത്തിയാക്കിയെന്ന് തിരുവില്വാമല ഡിവിഷനെ നിലവില്‍ പ്രതിനിധീകരിക്കുന്ന എല്‍ഡിഎഫിലെ ദീപ എസ് നായര്‍ അവകാശപ്പെടുന്നു.
ജനാഭിപ്രായം
* വികസന പദ്ധതികള്‍ പ്രഖ്യാപനവും വാഗ്ദാനവും മാത്രമായി ചുരുങ്ങി. കേന്ദ്ര പദ്ധതികളില്‍ നിന്ന് ഡിവിഷനെ പൂര്‍ണമായും മാറ്റി നിര്‍ത്തി. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ രാഷ്ട്രീയപക്ഷപാതം പുലര്‍ത്തി
* എല്‍ഡിഎഫിലെ സിപിഐ-സിപിഎം തര്‍ക്കം ഡിവിഷനിലെ വികസനത്തെ കാര്യമായി ബാധിച്ചു
* കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് ഊര്‍ജ്ജിത നടപടികളെടുത്തില്ല
* കുടിവെള്ള പ്രശ്നത്തിനായി ശാശ്വത പരിഹാര നടപടികളുണ്ടായിട്ടില്ല
* കുത്താമ്പുള്ളി, പാമ്പാടി, ചീരക്കുഴി ചെക്ക് ഡാമുകള്‍ ജലസേചനത്തിനായി ഉപയോഗപ്പെടുത്തിയില്ല
* വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച കുഴല്‍കിണറും മോട്ടോറും തകരാറിലായതിനാല്‍ കുടിവെള്ളം ലഭിക്കുന്നില്ല. മോട്ടോറുകളുടെ അറ്റകുറ്റപ്പണിക്ക് ഓരോവര്‍ഷവും വന്‍തുക ചെലവഴിക്കുന്നത് മാത്രം മിച്ചം
* ഏകീകൃതമായ സംവിധാനത്തിലൂടെ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനം നടപ്പാക്കിയില്ല
* ഡിവിഷനിലെ മാലിന്യ പ്രശ്നത്തിന് പരിഹാര നടപടികളെടുത്തില്ല. കുത്താമ്പുള്ളിയില്‍ രൂക്ഷമായ മാലിന്യ പ്രശ്നം നിലനില്ക്കുന്നു.
* നിരവധി റോഡുകള്‍ ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നു. ടാറിടാത്ത നിരവധി ഗ്രാമീണ റോഡുകള്‍ ഇപ്പോഴും ഡിവിഷനിലുണ്ട്. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയില്ല
* പട്ടികജാതി കോളനികളില്‍ വികസനമെത്തിയില്ല. അടിസ്ഥാന സൗകര്യമില്ലാതെ കോളനി നിവാസികള്‍ ദുരിതമനുഭവിക്കുന്നു
* പാമ്പാടി ശ്മശാനം ഇലക്ട്രിക് ക്രിമറ്റോറിയമാക്കാനുള്ള ശ്രമമുണ്ടായില്ല
* സ്കൂളുകളുകളും അങ്കണവാടികളും ഹൈടെക് ആക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി
* നിരവധി സ്കൂളുകളില്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ സ്തംഭനാവസ്ഥയില്‍
എല്‍ഡിഎഫ് അവകാശവാദം
* വിവിധ മേഖലകളിലായി 15 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കി
* തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്തുകളിലായി 7 അങ്കണവാടികള്‍ നിര്‍മ്മിച്ചു
* പ്രളയത്തില്‍ തകര്‍ന്ന തിരുവില്വാമല-പഴയന്നൂര്‍ പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പൊരുതിക്കോട് റോഡ് പുനര്‍നിര്‍മ്മിച്ചു
* 35 ലക്ഷം രൂപ ചെലവില്‍ പഴയന്നൂര്‍-പുത്തിരിത്തറ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി
* തിരുവില്വാമല ടൗണില്‍ നിന്ന് വേട്ടക്കരന്കാവ് റോഡുമായി ബന്ധപ്പെടുത്തി ചെറിയ വണ്‍വേ റോഡ് നിര്‍മ്മിച്ചു
* കുറുമങ്ങാട് പാടശേഖരത്തെ കൃഷിക്കാര്‍ക്കായി വിത്ത് സംഭരണ കേന്ദ്രം തുറന്നു
* തിരുവില്വാമല-കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആനപ്പാറ-ഒര്ണാശേരി റോഡ് വീതി കൂട്ടി ടാറിങ് നടത്തി. ഭാരതപുഴയോട് ചേര്‍ന്ന ഭാഗത്ത് പുതിയ കടവ് നിര്‍മ്മിച്ചു
* തിരുവില്വാമല ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 4.31 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍
* പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ 10 സാംസ്കാരിക മന്ദിരങ്ങള്‍ നിര്‍മ്മിച്ചു. ഇവിടേക്ക് കമ്പ്യൂട്ടറുകള്‍, ഫര്‍ണീച്ചര്‍ എന്നിവ നല്കി
* തിരുവില്വാമല മിനി സിവില്‍സ്റ്റേഷനില്‍ പട്ടികജാതി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു
* ചീരക്കുഴി പുഴയില്‍ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ചുള്ള പഴയന്നൂര്‍ കുടിവെള്ള പദ്ധതി നടപ്പാക്കി
* ചെക്ക്ഡാം നവീകരണം നടത്തുകയും ഒറാലാശേരി ഭാഗത്ത് കടവ് നിര്‍മ്മിക്കുകയും ചെയ്തു. തിര്ളംകോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചു
* ആനപ്പാറയിലെ ബഡ്സ് സ്കൂളിലേക്കും കൊണ്ടാഴി ബിആര്സിയിലേക്കും വാഹനം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: