ശ്ലോകം 270
ലോകാനുവര്‍ത്തനം ത്യക്ത്വാ
ത്യക്ത്വാ ദേഹാനുവര്‍ത്തനം
ശാസ്ത്രാനുവര്‍ത്തനം ത്യക്ത്വാ
സ്വാദ്ധ്യാസാപനയം കുരു
ലോകത്തെ അന്ധമായി അനുകരിക്കുന്നതും ആളുകളെ പ്രീതിപ്പെടുത്തുന്നതും വെടിയണം.ദേഹാഭിമാനം ഉപേക്ഷിച്ച് ദേഹത്തിന് അടിമയാകാതെ ഭൗതിക ശാസ്ത്ര ഗ്രന്ഥങ്ങളുടെ പുറകെ പോകുന്നത് വിട്ട് സ്വന്തം അദ്ധ്യാസത്തെ ഇല്ലാതാക്കുക.
മറ്റുള്ളവര്‍ ചെയ്യുന്നത് അന്ധമായി അനുകരിക്കുന്ന പ്രവണതയാണ് ലോകാനുവര്‍ത്തനം. ആളുകളെ പ്രീതിപ്പെടുത്തലും ഇത് തന്നെ. ആത്മീയ ഉത്കര്‍ഷത്തിന് ആഗ്രഹമുള്ളവര്‍ ലൗകിക ആചാരങ്ങളിലും ജീവിത രീതിയിലും മാറ്റം വരുത്തണം.
മുന്നില്‍ പോകുന്ന പശുവിന്റെ പിന്നാലെ മറ്റു പശുക്കളും പോകുന്നത് പോലെയാണ് ലോകത്തിന്റെ പുറകെയുള്ള പാച്ചില്‍. അത് നിര്‍ത്തണം. ചുറ്റുപാടുമുള്ളവര്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെ അതേപടി അനുകരിക്കുന്നതു കൊണ്ട് ഒരു കാര്യവുമില്ല. ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷമാകാനുമിടയുണ്ട്. ലൗകികന്മാരായ ആളുകള്‍ സുഖലോലുപരായിരിക്കും. അവരെ ഒരിക്കലും മാതൃകയാക്കരുത്. ഇടംവലം നോക്കാതെ അന്ധമായി അനുകരിക്കുന്നത് വലിയ ആപത്തിന് കാരണമാകും
സാധകനായ ആള് വിവേകത്തോടെ ജീവിക്കണം. മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ അവരുടെ പ്രീതി പിടിച്ചുപറ്റാനോ നോക്കരുത്. എല്ലാവരേയും സുഖിപ്പിക്കല്‍ എന്നത് അനാവശ്യ കാര്യമാണ്.
ആദ്ധ്യാത്മിക വഴിയില്‍ മുന്നേറാന്‍ പഴയ ആചാര സമ്പ്രദായങ്ങള്‍ക്ക് മാറ്റം വരണം. നേരിന്റെ വഴി തന്നെ നടക്കണം.
ദേഹാഭിമാനം വെടിയണം. ദേഹത്തിന് അടിമയായി കഴിയുന്നതാണ് ദേഹാനുവര്‍ത്തനം. ശരീര പോഷണത്തില്‍ മാത്രം തല്പ്പരരായി കഴിയുന്നത് ഒട്ടും ഭൂഷണമല്ല. .
സൗന്ദര്യ ആരോഗ്യ സംരക്ഷണത്തിനായും രോഗം വന്നാല്‍ ചികിത്സിച്ച് സുഖപ്പെടുത്തിയും രോഗമില്ലാത്തപ്പോള്‍ വിഷയ സുഖങ്ങളില്‍ മുഴുകി ആരോഗ്യം കളഞ്ഞും നമ്മുടെ വിലപ്പെട്ട ജീവിതകാലം കളയുകയാണ്. വിവേകശൂന്യമായ ഈ പോക്ക് ഇനിയെങ്കിലും നിര്‍ത്തണം. വകതിരിവോടെ ജീവിക്കുക തന്നെ വേണം.
ശാസ്ത്രം പറയുന്നതിന്റെ പൊരുള്‍ അറിയാതെ ശാസ്ത്രത്തിന്റെ പേര് പറഞ്ഞ് ചടങ്ങുകളും മറ്റും അന്ധമായി അനുഷ്ഠിക്കുന്നത് ശരിയല്ല. നിരവധി കര്‍മ്മ കലാപങ്ങളില്‍ പെട്ട് പോകുന്നത് കഷ്ടമാണ്. കര്‍മ്മ ചോദനാപരമായ ശാസ്ത്രങ്ങളെ പിന്തുടരേണ്ടതില്ല.
ഇവ വെടിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യണം? ‘സ്വാദ്ധ്യാസ അപനയം കുരു’. സ്വന്തം അദ്ധ്യാസത്തെ ഇല്ലാതാക്കുകയാണ് വേണ്ടത്. ആത്മാവല്ലാത്ത ശരീരം മുതലായവയെ ആത്മാവെന്നുള്ള തെറ്റിദ്ധാരണകളയണം.
ലോകവും ദേഹവും ശാസ്ത്രവും പൂര്‍ണമായും ഒഴിവാക്കണമെന്നല്ല. അവയെ വേണ്ട അളവില്‍ മാത്രം ഉപയോഗിക്കുക. എന്തായാലും ഇവ മൂന്നും എല്ലാവര്ക്കും പ്രത്യേകിച്ച് സാധകര്‍ക്ക് ആപത്തിനെയുണ്ടാക്കുന്നതാണ്.
ഈ മൂന്ന് അനുവര്‍ത്തനങ്ങളും നീക്കിയാല്‍ നമ്മിലെ മറ്റ് വാസനകളും നീങ്ങും. ഏഷണാത്രയ ത്യാഗമായി മൂന്ന് അനുവര്‍ത്തന വെടിയലിനെയും വാസനകളെ വെടിയലിനെയും പറയുന്നു. എന്നിട്ട് അദ്ധ്യാസത്തെയും അഹന്താ മമതകളേയും നശിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: