തൃശ്ശൂര്‍: അധ്യാപകരുടെ അടക്കം പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില നല്കി കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുളള കേരളവര്‍മ കോളേജില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ. വിജയരാഘവന്റെ ഭാര്യ പ്രൊഫ. ആര്.ബിന്ദുവിന് പ്രിന്‍സിപ്പലിന്റെ താല്‍ക്കാലിക ചുമതല. പ്രിന്‍സിപ്പലായിരുന്ന പ്രൊഫ.എ.പി. ജയദേവന്റെ രാജി അംഗീകരിച്ച മാനേജ്മെന്റ് ആര്.ബിന്ദുവിന് താല്കാലിക ചുമതല കൈമാറുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പുതിയ പ്രിന്‍സിപ്പല്‍ നിയമനം വൈകുമെന്ന വിചിത്ര ന്യായം നിരത്തിയാണ് സിപിഎം നേതാവിന്റെ ഭാര്യയെ പ്രിന്‍സിപ്പാലായി നിയമിച്ചത്. . തിരഞ്ഞെടുപ്പിന് ശേഷം ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമേ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രൊഫ.ആര്.ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതില്‍ പ്രതിഷേധിച്ച് പ്രൊഫ.എ.പി. ജയദേവന് പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. നവംബര്‍ പതിനേഴിനാണ് ജയദേവന് കൊച്ചിന് ദേവസ്വം ബോര്‍ഡിന് രാജിക്കത്ത് നല്‍കിയത്. ഇല്ലാത്ത തസ്തികയില്‍ സാമ്പത്തിക ഇടപാടുളള വകുപ്പുകളുടെ സ്വതന്ത്ര ചുമതല ഉള്‍പ്പടെ ഒരുപാട് അധികാരങ്ങള്‍ കൊടുത്താണ് ബിന്ദുവിനെ നിയമിച്ചത് എന്നായിരുന്നു ആരോപണം. എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യ ഡോ.ആര്. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാളാക്കി നിയമിച്ച കാര്യം ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രിന്‍സിപ്പാളിനെ മറികടന്ന് വിപുലമായ അധികാരങ്ങള്‍ വൈസ് പ്രിന്‍സിപ്പാളിന് നല്‍കിയത് അധ്യാപകര്‍ക്കിടയിലും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോടികള്‍ ചെലവിട്ട് കിഫ്ബി വഴി കോളേജില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ സ്വതന്ത്ര ചുമതല വൈസ് പ്രിന്സിപ്പാളിനായിരിക്കുമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. നാക് ഉള്‍പ്പെടെയുള്ള അക്രഡിറ്റേഷന് പ്രവര്‍ത്തനങ്ങളുടെ ചുതലയും വൈസ് പ്രിന്‍സിപ്പാളിനായിരിക്കുമെന്നാണ് ഉത്തരവ്. പ്രിന്‍സിപ്പാളിനെ നോക്കുകുത്തിയാക്കിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നത്.
സിപിഎം നിയന്ത്രണത്തിലുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡാണ് കോളേജ് മാനേജ്മെന്റ്. നിയമനത്തെച്ചൊല്ലി അതേസമയം, സിപിഎം ജില്ലാ കമ്മിറ്റിയില്‍ ഭിന്നത രൂക്ഷമായിരുന്നു.ജില്ലാ കമ്മിറ്റി അറിയാതെയാണ് നിയമനമെന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇടത്പക്ഷത്തോടൊപ്പം നില്ക്കുന്ന ഒരു വിഭാഗം അധ്യാപകരും നിയമനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: