വാഷിങ്ടണ്‍ : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദിയുമായ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ദശലക്ഷം ഡോളര്‍ (ഏകദേശം 37 കോടിയോളം രൂപ) പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. മുംബൈ ഭീകരാക്രമണം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യുഎസിന്റെ ഈ പ്രഖ്യാപനം.2008 നവംബറിലാണ് ഇന്ത്യയെ ഞെട്ടിച്ച ആക്രമണം നടന്നത്. 166 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
സാജിദ് മിര്‍ ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനായുള്ള വിവരങ്ങള്‍ക്ക് അഞ്ച് ദശലക്ഷം യുഎസ് ഡോളര്‍ വരെ വാഗ്ദാനം ചെയ്യുന്നുവെന്ന് യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയില്‍ അറിയിച്ചു.
2008 നവംബര്‍ 26നാണ് പത്ത് ലഷ്കര്‍ ഭീകരവാദികള്‍ മുംബൈയുടെ പല ഭാഗങ്ങളിലായി ആക്രമണം നടത്തിയത്. താജ്മഹല്‍ ഹോട്ടല്‍, ഒബ്റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന് ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
മുംബൈ ഭീകരാക്രമണത്തിന്റ ഓപ്പറേഷന് മാനേജറായിരുന്നു സാജിദ് മിര്‍. യുഎസിലെ രണ്ട് ജില്ലാ കോടതികളില്‍ മിറിനെതിരെ 2011ല്‍ കേസെടുത്തിട്ടുണ്ട്. 2019ല്‍ എഫ്ബിഐയുടെ കൊടുംതീവ്രവാദികളുടെ പട്ടികയില്‍ മിറിനെ ഉള്‍പ്പെടുത്തിയെന്നും യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാമിന്റെ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: