തൃശൂര്‍: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ കൈയൊപ്പ് പതിഞ്ഞ ഫുട്ബോള്‍ തൃശൂരിലും. കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ചുവന്ന അക്ഷരത്തില്‍ ഡീഗോ 10 എന്ന പേരും കൈയൊപ്പും രേഖപ്പെടുത്തിയ പന്ത് അമൂല്യനിധിയായി സൂക്ഷിച്ചിട്ടുള്ളത്. 2013ല്‍ മറഡോണ കണ്ണൂരിലെത്തിയപ്പോള്‍ സമ്മാനിച്ചതാണ് ഈ ഫുട്ബോള്‍.
കാല്‍ഡിയന്‍ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ബോബി ചെമ്മണ്ണൂരിന്റെ ക്ഷണപ്രകാരമാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബി പോളിന്റെ നേതൃത്വത്തില്‍ ഒരു സംഘം കണ്ണൂര്‍ക്ക് പോയത്. അവിടെ വെച്ച് മറഡോണയെ നേരില്‍ കാണാനും പരിചയപ്പെടാനും സാധിച്ചു. രണ്ട് പന്തുകളില്‍ അദ്ദേഹം കൈയൊപ്പ് നല്കി. ഒന്നു സ്കൂളില്‍ സൂക്ഷിക്കുവാനും മറ്റൊന്ന് കടുത്ത മറഡോണ ആരാധകനായ അബി മാഷിനും.
അടുത്ത പ്രാവശ്യം ഇന്ത്യയില്‍ വരുമ്പോള്‍ സ്കൂളില്‍ വരാമെന്ന് സ്പാനിഷ് ഭാഷയില്‍ ഉറപ്പു നല്‍കുകയും ചെയ്തു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഷോക്കേസില്‍ പന്ത് ഇന്നും ഭദ്രമായി സൂക്ഷിച്ചു വരുന്നു. മറഡോണ കോര്‍ണര്‍ എന്നാണ് അതിന് പേരു നല്‍കിയിരിക്കുന്നത്. എല്ലാ വര്‍ഷവും മറഡോണയുടെ ജന്മദിനമായ ഒക്ടോബര്‍ 30ന് വിപുലമായ ചടങ്ങുകളും സ്കൂളില്‍ നടത്തിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: