തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ഹണിട്രാപ്പ് വഴി പണം തട്ടിവരുന്ന സംഘത്തെ പോലീസ് പിടികൂടി. രാജസ്ഥാനിലെ കാമന് സ്വദേശികളായ സുഖ്ദേവ് സിങ് (26), നഹര്‍സിങ് (34) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലിസ് അറസ്റ്റുചെയ്തത്.
തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പരാതിയില്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ കോളേജ് വിദ്യാര്‍ഥിനി അങ്കിത ശര്‍മ എന്ന പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടില്‍നിന്ന് പരാതിക്കാരന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് മെസഞ്ചര്‍ വഴി നിരന്തരം സംസാരിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് സ്വകാര്യ ചിത്രങ്ങള്‍ കരസ്ഥമാക്കിയശേഷം പൊലീസില്‍ പരാതി നല്‍കുമെന്നും മറ്റുള്ളവര്‍ക്ക് അയക്കുമെന്നും ഭീഷണിപ്പെടുത്തി മൊബൈല്‍ മണി വാലറ്റുകള്‍ വഴി 10,000 ഓളം രൂപ കരസ്ഥമാക്കിയെന്നായിരുന്നു പരാതി.
പ്രതികളുടെ ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇ-വാലറ്റ് വിലാസങ്ങള്‍ കേന്ദ്രീകരിച്ചാണ് സൈബര്‍ പോലീസ് കേസില്‍ അന്വേഷണം നടത്തിയത്. രാജസ്ഥാനിലെ ഭരത്പുര്‍ മേഖലയിലാണ് പ്രതികളുടെ താവളമെന്നും ഇവിടം കേന്ദ്രീകരിച്ചാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനിലെ അന്വേഷണസംഘം രാജസ്ഥാനിലെത്തി ജിയോ മാപ്പിങ് ഉള്‍പ്പെടെ ഉപയോഗിച്ച് രാജസ്ഥാന് പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.
ഡിവൈഎസ്പി ടി ശ്യാംലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇന്‍സ്പെക്ടര്‍ ആര് റോജ്, സബ് ഇന്‍സ്പെക്ടര്‍മാരായ ബിജു രാധാകൃഷ്ണന്, ബിജുലാല്‍, എഎസ്ഐ ഷിബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീരാഗ്, വിജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: