ബ്യൂണസ് അയേഴ്സിലെ ദരിദ്ര പ്രദേശങ്ങളിലൊന്നായ വിയാ ഫിയോറിറ്റയില്‍ ഫുട്ബോള്‍ താരങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക ടിവി ചാനല്‍ ഒരു ചെറുപ്പക്കാരനെ തേടിയെത്തി. പത്തു വയസുകാരനായ ഡീഗോ മറഡോണയെ. ദാരിദ്ര്യം നിറഞ്ഞ ഫിയോറിറ്റന് നാടിന് സാമ്പത്തികമായും മാനസികമായും ഫുട്ബോളെന്നും ആശ്വാസമായിരുന്നു. മറഡോണയും പതിവു തെറ്റിക്കാതെ ഫുട്ബോളിനെ ജീവിതമാക്കി.
1960 ഒക്ടോബര്‍ 30ന് ഡീഗോ മറഡോണ സീനിയറിന്റെയും ഡാല്‍മ സാല്‍വഡോറയുടെയും മകനായി ജനനം. പത്താം വയസില്‍ അര്‍ജന്റീനയിലെ പ്രമുഖ ടീമായ ജന്റീനോസ് ജൂനിയേഴ്സിന്റെ യൂത്ത് ടീമിലേക്ക്. അത്ഭുത ബാലനായി മാറിയ മറഡോണ 16-ാം വയസു മുതല്‍ സീനിയര്‍ ടീമുകള്‍ക്കായി ബൂട്ടുകെട്ടി. അര്‍ജന്റീന, ഇറ്റലി, സ്പെയ്ന്‍ രാജ്യങ്ങളെല്ലാം മറഡോണയിലെ പ്രതിഭയുടെ പൂര്‍ണഭാവം അടുത്തറിഞ്ഞു. 16-ാം വയസില്‍ അര്‍ജന്റീനക്കായി കളിച്ച ഡീഗോ ആ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെറുപ്പക്കാരനായി. 1981ല്‍ ബൊക്ക ജൂനിയേഴ്സിലെത്തി ടീമിനെ ചാമ്പ്യന്മാരാക്കി. പിന്നീട് യൂറോപ്പിലേക്ക് കൂടുമാറ്റിയ ഡീഗോ ബാഴ്സലോണയുടെ മുന്നേറ്റത്തെ ചുമലിലേറ്റി. എന്നാല്‍ ബാഴ്സയില്‍ വലിയ വിജയം നേടാനാകാതെ പോയതോടെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റലിയിലേക്ക്. ശരാശരി ടീമായ നാപ്പോളി മറഡോണയ്ക്ക് ഈറ്റില്ലമായി. ആ മാറ്റത്തെ വിവരക്കേടെന്ന് വിശേഷിപ്പിച്ച വിമര്‍ശകര്‍ക്ക് 1987ലും 1990ലും സിരീ എ കിരീടം നല്കി മറുപടി നല്കി. എസി മിലാന്റെയും റയല്‍ മാഡ്രിഡിന്റെയും പണപ്പെരുപ്പത്തില്‍ കണ്ണ് മഞ്ഞളിക്കാഞ്ഞ താരം നീണ്ട നാള് നാപ്പോളിയില്‍ തുടര്‍ന്നു.
ഇതിനിടെ കൊക്കെയ്ന്‍ ഉപയോഗത്തിന് 15 മാസം പുറത്തിരുത്തിയതും മറഡോണയുടെ കരിയറിന്റെ ബാക്കിപത്രം. ഇതോടെയാണ് ഇറ്റലി വിടാന്‍ മറഡോണ തയാറായത്. സെവിയ്യയിലൂടെ സ്പെയ്നിലേക്ക് തിരിച്ച മറഡോണ താമസിക്കാതെ അര്‍ജന്റീനിയന്‍ ക്ലബ്ബിലേക്കും മടങ്ങി. 1997 ഒക്ടോബര്‍ 25ന് ആദ്യകാല ക്ലബ്ബായ ബൊക്കാ ജൂനിയേഴ്സില്‍ ഐതിഹാസിക യാത്രയ്ക്ക് അവസാനം. ഇതിനിടെ മറഡോണയെ ഇതിഹാസമാക്കിയ മുഹൂര്‍ത്തങ്ങള്‍ രാജ്യാന്തര തലത്തില്‍ പല തവണയുണ്ടായി. ശരാശരി ടീമിനെ കിരീടത്തിലേക്ക് നയിച്ച് മറഡോണ ദൈവതുല്യനായി. 1982, 86, 90, 94 വര്‍ഷങ്ങളില്‍ ഫിഫ ലോകകപ്പില്‍ പങ്കെടുത്തു. 1986ലെ ഇംഗ്ലണ്ടിനെതിരായ മത്സരം ചരിത്രം കൂടിയാണ്. ദൈവത്തിന്റെ കൈയൊപ്പു ചാര്‍ത്തിയ ഗോളും നൂറ്റാണ്ടിന്റെ ഗോളും ഒരേ മത്സരത്തില്‍ പിറന്ന നിമിഷം.
1994ലെ കിരീട പോരാട്ടം മറഡോണയ്ക്ക് ദുരന്തത്തിന്റേതു കൂടിയാണ്. മയക്കുമരുന്ന് ഉപയോഗത്തിന് നേരിട്ട സസ്പെന്ഷന് കരിയറിനെ മാറ്റിമറിച്ചു. കിരീടം മോഹിച്ചെത്തിയ മറഡോണ പകുതിവഴിയില്‍ നാട്ടിലേക്ക് മടങ്ങി. 21 വര്‍ഷത്തെ അവിസ്മരണീയ കരിയറില്‍ 490 ക്ലബ് മത്സരങ്ങളില്‍ നിന്ന് 259 ഗോളുകള്‍. 91 രാജ്യാന്തര മത്സരങ്ങളില്‍ 34 ഗോളുകള്‍. ഫെഡറേഷന് ഡി ഫുട്ബോള്‍ അസോസിയേഷന് നടത്തിയ ഇന്റര്‍നെറ്റ് പോളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ താരമായും മറഡോണ തെരഞ്ഞെടുക്കപ്പെട്ടു.
1984ല്‍ കാമുകി ക്ലൗഡിയ വില്ലാഫെയ്നിനെ വിവാഹം ചെയ്തു. ഡാല്‍മ നിറിയയും ജിയാനിന്ന ഡിനോറയും മക്കള്‍. 2004ല്‍ വിവാഹം വേര്‍പ്പെടുത്തി. കളത്തിനകത്തും പുറത്തും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലും മറഡോണ മടികാട്ടിയില്ല. രാഷ്ട്രീയ പരാമര്‍ശങ്ങളും, നിലപാടുകളും വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തി. അമിതമായ ലഹരി ഉപയോഗം ആരോഗ്യത്തെ രൂക്ഷമായി ബാധിച്ചു. പലപ്പോഴും മരണക്കിടക്കിയിലെത്തി രക്ഷപ്പെട്ടു. ലഹരിയുപയോഗത്തിന് ഏറ്റവും കൂടുതല്‍ പഴികേട്ട കായിക താരവും ഒരുപക്ഷെ മറഡോണയായിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: