ലോക ഫുട്ബോളിലെ ഒരു കാലഘട്ടം കടന്നു പോവുകയാണ്. ആ കളിയെ അത്രമാത്രം സ്വാധീനിച്ച വ്യക്തിയേയാണ് ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന അര്‍ജന്റീനക്കാരന്റെ വിടവാങ്ങലോടെ നഷ്ടപ്പെട്ടത്. തലച്ചോറിലെ രക്തസ്രാവത്തിനുള്ള ചികില്‍സയിലായിരുന്നപ്പോഴും ഫുട്ബോള്‍ ആരാധകരുടെ മനസ്സില്‍, മറഡോണയില്ലാത്തൊരു കാലത്തേക്കുറിച്ചുള്ള ചിന്തയുണ്ടായിരുന്നില്ല. ഒരിക്കലും ഉടയാത്തൊരു ബിംബമായിരുന്നു അവര്‍ക്ക് ആ താരം. അതൊകൊണ്ടുതന്നെ ലോകമാകെ ഒരേവികാരത്തോടെയാണ് ആ വിടവാങ്ങല്‍ നിമിഷത്തെ കാണുന്നത്. കളിമികവിലൂടെ ലോകത്തെ തന്നിലേക്ക് ആകര്‍ഷിച്ച താരം മരണത്തിലും അത് ആവര്‍ത്തിച്ചു. കളികളുടേയും കളിക്കാരുടേയും ഏറ്റവും വലിയ സംഭാവനയും ജനതയെ ഒരുമിപ്പിക്കുന്ന ഈ പ്രക്രിയയാണല്ലോ. മുന്‍പേ നടന്നവര്‍ പലരും അതു ചെയ്തിട്ടുണ്ടെങ്കിലും മറഡോണ അക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നത്, ഈ കാലം നമുക്കു കണ്മുന്നില് കാണിച്ചുതന്നെ മഹാരഥനാണ് എന്നതിനാലാണ്. പെലെ അടക്കമുള്ളവരുടെ കളികള്‍ കേട്ടും വായിച്ചു ശീലിച്ചപ്പോള്‍ കാലത്തിന്റെയും സാങ്കേതിക രംഗത്തിന്റെയും മാറ്റം മറഡോണയെ നമ്മുടെ സ്വീകരണ മുറികളിലെത്തിച്ചു. അതുകൊണ്ടു തന്നെ നമുക്കിടയിലെ താരമായി മാറി. കളിക്കളത്തിലെ മാന്യത എന്തെന്ന് ഓരോ കളിയിലും കാണിച്ചു തന്നു. ആ മികവിനെ മറികടക്കാന്‍ കഴിയാത്തവര്‍ കാടന്‍ കളിപുറത്തെടുത്തപ്പോഴും സ്വന്തം മികവുകൊണ്ടു പിടിച്ചുനിന്നു. ആക്രമണോല്‍സുക ഫുട്ബോള്‍ എന്നാല്‍ എതിരാളിയെ ശാരീരികമായി നേരിടുകയല്ലെന്നു തെളിയിച്ചു. കളിക്കൊപ്പം മനസ്സിനേയും നിയന്ത്രിക്കുന്ന ഇത്തരം ഇന്ദ്രജാലം ഏറെ ലോകതാരങ്ങളില്‍ കണാനാവില്ല.
ലോകകപ്പിലെ ആദ്യ വരവില്‍ 1982ല്‍ ഫൗളിന്റെ പേരില്‍ ചുവപ്പുകാര്‍ഡു വാങ്ങി നിസ്സഹായനായി കളം വിടുന്ന ഇരുപത്തിരണ്ടുകാരനും അടുത്ത ലോകകപ്പില്‍ കപ്പു കൈനീട്ടിവാങ്ങുന്ന നായകനും അടുത്തതില്‍ രണ്ടാം സ്ഥാനത്തായിപ്പോയ വേദനയില്‍ സമ്മാനദാന വേദിയില്‍ നിന്നു വിതുമ്പുന്ന ക്യാപ്റ്റനും. ഈ മൂന്നു ചിത്രങ്ങള്‍ക്കിടയില്‍ മറഡോണയുടെ ഒരു നീണ്ട കളിജീവിതം ചുരുളഴിയുന്നുണ്ട്. അതു സഹനത്തിന്റെയും അനുഭവപാഠങ്ങളുടേയും അജയ്യതയിലേക്കുള്ള ഉയര്‍ച്ചയുടേയും പിന്നെ അനിവാര്യമായ ഇറക്കത്തിന്റേയും ചിത്രങ്ങളായിരുന്നു. അതെല്ലാം സംഭവിക്കുമ്പോഴും മറഡോണ കളിയില്‍ മാറ്റമില്ലാതെ നിന്നു. ചുറ്റുപാടുകള്‍ ഏറെ മാറിയെന്നു മാത്രം.
ജയാപജയങ്ങള്‍ക്കും കിരീട നേട്ടത്തിനും അപ്പുറമുള്ളൊരു മാനം ഇന്നു കളികള്ക്കുണ്ടല്ലോ. അവിടെയും മറഡോണയെപ്പോലുള്ളവരുടെ പ്രസക്തി ഏറെയാണ്. അതിര്‍വരമ്പുകള്‍ക്ക് അപ്പുറമുള്ള സൗഹൃദങ്ങളിലേക്കു ജനമനസ്സിനെ നയിക്കാന്‍ താരങ്ങള്‍ക്കു കഴിയുന്നത് ആരാധകര്‍ സ്വയമറിയാതെ അവരുടെ മികവിലൂടെ ഒരേ മനസ്സായി ചിന്തിക്കുന്നതു വഴിയാണ്. സാമ്പത്തിക തകര്‍ച്ചയും രാഷ്ട്രീയ അസ്ഥിരതയും കൊണ്ട് പൊട്ടിത്തകര്‍ന്നു പോകുമെന്നു തോന്നിച്ച കാലഘട്ടത്തില്‍ അര്‍ജന്റീനയെ ഒന്നിച്ചു നിര്‍ത്തിയത് ഫുട്ബോള്‍ ആണെന്നു പറയാറുണ്ട്. ഫുട്ബോള്‍ ഭ്രാന്തില്‍ എന്തും മറക്കുന്നൊരു ജനതയ്ക്ക് അതു പ്രാണവായു പോലെയാണല്ലോ.
ഏറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും ചില ചോദ്യങ്ങള്‍ ബാക്കിയാക്കിയുമാണ് മറഡോണയുടെ മടക്കം. ഫുട്ബോളില്‍ മുന്‍വിധികള്‍ക്കും ശരീര വടിവിനും അപ്പുറം ചില യാഥാര്ഥ്യങ്ങളുണ്ടെന്നതിലേക്കു മറഡോണയുടെ കാലം വിരല്‍ചൂണ്ടി. ഉയരക്കാര്ക്കുമാത്രം പറഞ്ഞതല്ല ഫുട്ബോളെന്നു കളിക്കളങ്ങളിലൂടെ തെളിയിച്ചു. ഒരു കുറവിനെ മറികടക്കാന്‍ മറുമികവ് ആയുധമാക്കാമെന്നതാണ് മറഡോണയുടെ പാഠം. തന്ത്രങ്ങള്‍ എത്രമാറിയാലും നൈസര്‍ഗിക മികവിനു കോട്ടം വരുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് മറഡോണ. പവര്‍ ഫുട്ബോളും ടോട്ടല്‍ ഫുട്ബോളും വന്നിട്ടും ഫോര്‍മേഷനുകള്‍ മാറിമറിഞ്ഞിട്ടും പൊരുതിനിന്നത് സ്വതസ്സിദ്ധമായ മെയ്വഴക്കവും പന്തടക്കവും കൊണ്ടാണ്.
ലോക ഫുട്ബോളിലെ മുടിചൂടാമന്നന്‍ ആരെന്ന ചോദ്യം ഇന്നും അവശേഷിക്കുന്നു. പുഷകാസും ഗാരിഞ്ചയും യുസേബിയോയും യോഹാന്‍ ക്രൈഫും ബക്കാമും റൊണാള്‍ഡോയും മെസ്സിയും എല്ലാമുണ്ടെങ്കിലും ആ തര്‍ക്കം രണ്ടു പേരുകളില്‍ ചെന്ന് നില്ക്കുന്നു. പെലെയും മറഡോണയും. അവരവരുടെ ശൈലികളിലൂടെ കളിയുടെ ലോകം കീഴടക്കിയ അവരില്‍ നിന്ന് ഒരു ഒന്നാമനെ തെരഞ്ഞെടുക്കാന്‍ ഫുട്ബോള്‍ വിദഗ്ധര്ക്കോ ആരാധകര്‍ക്കോ കഴിഞ്ഞിട്ടില്ല. അഥവ ഇനി അതു നടന്നാല്‍ത്തന്നെ അതു കേള്‍ക്കാന്‍ മറഡോണ ഉണ്ടാവുകയുമില്ല. തലമുറകള്‍ ആ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുമായിരിക്കാം; ഇനിയുമൊരു പെലെയോ മറഡോണയോ പിറക്കും വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: