ബാംബോലിം: കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്‍ ഏഴാം സീസണില്‍ ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കണം. രണ്ടാം അങ്കത്തില്‍ വിജയം മോഹിച്ചിറങ്ങിയ കിബു വിക്കൂനയുടെ ബ്ലാസ്റ്റേഴ്സിനെ നോര്‍ത്ത് ഈസ്റ്റ് സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ബ്ലാസ്റ്റേഴ്സിനായി സിഡോഞ്ചയും ഹൂപ്പറും ലക്ഷ്യം കണ്ടു. അപിയയും സൈലയുമാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോളുകള്‍ നേടിയത്.
ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റ ബ്ലാസ്റ്റേഴ്സിന് ഈ സമനിലയോടെ രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റായി. അതേസമയം നോര്‍ത്ത് ഈസ്റ്റിന് രണ്ട് നാലു പോയിന്റായി.
വിടപറഞ്ഞ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചതിനുശേഷമാണ് കളി തുടങ്ങിയത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സാണ് തകര്‍ത്തു കളിച്ചത്. അതേസമയം നോര്‍ത്ത് ഈസ്റ്റിന് മികവ് കാട്ടാനായില്ല.
പത്ത് മിനിറ്റുകള്‍ക്ക് ശേഷം സിഡോഞ്ച നോര്‍്ത്ത് ഈസ്റ്റ് പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറി പന്ത് സഹ താര്ത്തിന് പാസ് ചെയ്തു. പക്ഷെ ഗോളി സുബാശിഷ് റോയ് ഡൈവ് ചെയ്ത് പന്ത് കൈപ്പിടയിലൊതുക്കി. പതിനേഴാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ അപിയയും മീറ്റിയും ചേര്‍ന്ന് നടത്തിയ നീക്കം ശക്തമായ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.
ഇരുപത്തിനാലാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ ലഭിച്ച കനാകാവസരം ബ്ലാസ്റ്റേഴ്സ്ിന്റെ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഗാരി ഹൂപ്പര്‍ തുലച്ചു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഗോള്‍മുഖത്തിന് ആറ് അടി അരികില്‍ നിന്ന് ഹൂപ്പര്‍ തൊടുത്തുവിട്ട ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നുപോയി.
പക്ഷെ ഈ പിഴവിന് ഗാരി ഹൂപ്പര്‍ പ്രായശ്ചിത്തം ചെയ്തു. ആദ്യ പകുതിയുടെ അധികസമയത്ത് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി. ഹൂപ്പറുടെ കിക്ക് ഗോളി സുഭാശിഷ് റോയിയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ബോക്സിനകത്ത് വച്ച് ബ്ലാസ്റ്റേഴ്സ് താരം ഖവ്ലറിങ്ങിനെ നോര്‍ത്ത് ഈസ്റ്റ് താരം രാകേഷ് പ്രദാന്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി വിധിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്സാണ് മികച്ചു നിന്നത്. എന്നാല്‍ മത്സരഗതിക്കെതിരെ അമ്പത്തിയൊന്നാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ മടക്കി. കോര്‍ണര്‍ കിക്ക് മുതലാക്കി അപിയയാണ് സ്കോര്‍ ചെയ്തത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവാണ് ഗോളിന് വഴിവച്ചത്. അപിയയുടെ ആദ്യ ഷോട്ട് ഹൂപ്പര്‍ തടഞ്ഞു. പക്ഷെ പന്ത് വീണ്ടും അപിയയുടെ കാലിലെത്തി. ഇത്തവണ അപിയയ്ക്ക് പിഴച്ചില്ല. ഷോട്ട് വലയില്‍ കയറി.
പത്ത് മിനിറ്റുകള്‍ക്ക് ശേഷം അപിയ പെനാല്‍റ്റി നഷ്ടപ്പെടുത്തി. നോര്‍ത്ത് ഈസ്റ്റ് താരം ലാലെങ്മാവിയയെ ബ്ലാസ്റ്റേഴ്സ് താരം തള്ളിയിട്ടതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. അപിയയുടെ ഷോട്ട് പോസറ്റില്‍ തട്ടി പുറത്തേക്ക് പോയി. പെനാല്‍റ്റി തുലച്ചതിന് പിന്നാലേ അപിയയെ പിന്‍വലിച്ചു. പകരം സൈലയെ ഇറക്കി. ബ്ലാസ്റ്റേഴ്സ് സിഡോഞ്ചയ്ക്ക് പകരം പെരേരയേയും ഇറക്കി.
അവസാന നിമിഷങ്ങളില്‍ തകര്‍ത്തു കളിച്ച സൈല നിര്‍ണായക ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റിന് സമനില നേടികൊടുത്തു. 90-ാം മിനിറ്റില്‍ ഗുരീന്ദര്‍ സിങ് നീട്ടിക്കൊടുത്ത പന്ത് നെഞ്ചുകൊണ്ട് പിടിച്ചെടുത്ത് ബ്ലാസ്റ്റേഴ്സ് പ്രതിരോധം തകര്‍ത്ത് ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: