കരുവന്നൂര്‍പുഴയുടെ തീരത്ത് മുപ്പത്തിമുക്കോടി ദേവീദേവന്മാരും അനുഗ്രഹം ചൊരിയുന്ന പടിഞ്ഞാട്ടു ദര്‍ശനമായുള്ള പവിത്രസങ്കേതമാണ് ആറാട്ടുപുഴ ശ്രീ ശാസ്താക്ഷേത്രം. തൃശൂര്ജില്ലയില് തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ കരുവന്നൂരില്‍ നിന്ന് 2 കിലോമീറ്റര്‍ കിഴക്കോട്ടുമാറിയാണ് ക്ഷേത്രമുള്ളത്. പരശുരാമന് പ്രതിഷ്ഠ നടത്തിയ ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഏകദേശം 5116 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാസ്താപ്രതിഷ്ഠ നടത്തിയെന്നാണ് സങ്കല്‍പ്പം. ദേവന്മാരുടെ കുലഗുരുവായ വസിഷ്ഠസങ്കല്പ്പത്തിലാണ് ഇവിടെ ശാസ്താവ് വാണരുളുന്നത്. മീനമാസത്തിലെ പൂരം രാവിലാണ് പ്രസിദ്ധമായ ആറാട്ടുപുഴ പൂരം.
ആചാരങ്ങളുടെ പൂരമാണ് ആറാട്ടുപുഴപൂരം. ആറാട്ടുപ്പുഴശാസ്താവ്, തൃപ്രയാര്‍തേവര്‍, ഊരകത്തമ്മതിരുവടി, ചേര്‍പ്പ് ഭഗവതി, അന്തിക്കാട് ഭഗവതി, തൊട്ടിപ്പാള്‍ ഭഗവതി,
പിഷാരിക്കല്‍ ഭഗവതി,എടക്കുന്നി ഭഗവതി,അയ്കുന്നില്‍ ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാര്‍ക്കാവ് ഭഗവതി, കാട്ടുപിഷാരിക്കല്‍ ഭഗവതി, ചാത്തക്കുടം ശാസ്താവ്,ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂര്‍ ശാസ്താവ്, നാങ്കുളം ശാസ്താവ്, മാട്ടില്‍ ശാസ്താവ്, നെട്ടിശ്ശേരി ശാസ്താവ്, കല്ലേലി ശാസ്താവ്, ചിറ്റിച്ചാത്തക്കുടം ശാസ്താവ്, മേടംകുളം ശാസ്താവ് എന്നിങ്ങനെ 9 ശാസ്താക്കന്മാരും 13 ഭഗവതിമാരും തൃപ്രയാര്‍ തേവരും സംഗമിക്കുന്നതാണ് ദേവസംഗമം.
വില്വമംഗലം സ്വാമിയാര് ഒരു സന്ധ്യയില്‍ തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനത്തിനുചെന്നു. ക്ഷേത്രനട അടഞ്ഞുകിടക്കുന്നതുകണ്ട സ്വാമിയാര് കാരണം തിരക്കിയപ്പോള്‍ വടക്കുംനാഥന് പ്രത്യക്ഷനായി, ‘ഇന്ന് ആറാട്ടുപുഴ പൂരമാണ്. എനിക്ക് ആ ആഘോഷം കാണാന്‍ പോകേണ്ടതുണ്ട്. നമുക്ക് ആറാട്ടുപുഴയില്‍ സംഗമിക്കാം’ എന്ന് അരുളിചെയ്തു. സാക്ഷാല്‍ മഹാദേവന്‍പോലും സാക്ഷിയാകുന്ന പൂരം കാണാന്‍ സ്വാമിയാര് ആറാട്ടുപുഴയിലെത്തി. പൂരപ്പാടത്തെത്തിയ സ്വാമിയാര് ഇന്നുകാണുന്ന വില്ലൂന്നിത്തറയുടെ സമീപം ഇരുപ്പുറപ്പിച്ചു. വില്വമംഗലത്തിന് പൂരക്കാഴ്ചകളില്‍ പുതുമയൊന്നും തോന്നിയില്ലെങ്കിലും തന്റെ ദിവ്യനേത്രങ്ങള്‍കൊണ്ട് കൂട്ടിയെഴുന്നള്ളിപ്പില്‍ വൈകുണ്ഠത്തിലെ മഹാവിഷ്ണുവിനെയാണ് സ്വാമിയാര് ദര്‍ശിച്ചത്. വില്വമംഗലം ഈ വൈകുണ്ഠദര്‍ശനം കണ്ട് ആനന്ദാതിരേകത്താല്‍ ഇരുന്ന ഇരുപ്പില്‍ രണ്ടുകൈകളുംകൊണ്ട് മണ്ണ് വാരി ശിരസ്സിലിട്ടു. ആറാട്ടുപുഴ വളരെ പരിപാവനമായ ഭൂമിയാണെന്നും കൂട്ടിയെഴുന്നള്ളിപ്പുസമയത്ത് ശ്രീഭൂമീദേവീസമേതനായ തൃപ്രയാര്‍ തേവരെ വലംവച്ച് കുമ്പിട്ടു കൈകൂപ്പുന്നത് മോക്ഷദായകമാണെന്നും പ്രവചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: