ഈ കോലാഹലങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, രാജഗഡില്‍ ജീജാബായി പ്രതാപഗഡിന്റെ ഭാഗത്തേക്ക് നിര്‍നിമേഷം കണ്ണുംനട്ട് നിശ്ശബ്ദയായിരിക്കുകയായിരുന്നു. ആശങ്കകള്‍ നിറഞ്ഞതായിരുന്നു അവരുടെ ദൃഷ്ടി. അപ്പോഴതാ പ്രതാപഗഡില്‍ നിന്നും ഒരു ദൂതന്‍ ഓടിവരുന്നു. കോട്ട മുഴുവന്‍ ഉത്കണ്ഠയോടെ പ്രതീക്ഷിച്ചിരിക്കയാണ്. എന്ത് വാര്‍ത്തയാണ് കേള്‍ക്കേണ്ടി വരിക? എല്ലാവരുടെയും ഹൃദയസ്പന്ദനം ഒന്ന് നിലച്ചു.
വന്ന ദൂതന്‍ ദിവ്യാനന്ദകരമായ ആ വാര്‍ത്ത കേള്‍പ്പിച്ചു. ശിവാജിയുടെ കൈകൊണ്ട് ഖാന്‍ കൊല്ലപ്പെട്ടു. അയാളുടെ സൈന്യം തകര്‍ന്നുതരിപ്പണമായി. തുളജാ ഭവാനി സന്തുഷ്ടയായിരുന്നു. അവളുടെ ഭക്തന്‍ മുപ്പത്തിരണ്ടു പല്ലുകളുള്ള കൊഴുത്തു തടിച്ച ഒരു മുട്ടനാടിനെ ബലിയായി സമര്‍പ്പിച്ചിരിക്കുന്നു. സ്വരാജ്യത്ത് എല്ലാടവും ഈ വാര്‍ത്ത അറിയിക്കാന്‍ ദുര്‍ഗത്തില്‍ നിന്ന് പീരങ്കി ഗര്‍ജിച്ചു. മംഗളവാദ്യങ്ങള്‍ ഘോഷങ്ങള്‍ ഉയര്‍ത്തി.
വീരമാതാവിന് വീരപുത്രന്റെ സമ്മാനമായി ഖാന്റെ തല രാജഗഡില്‍ എത്തി. സംഭാജിയുടെ മരണത്തിന്റെ പ്രതികരാരം ചെയ്ത് തൃപ്തയായി. ഖാന്റെ തല അപമാനിക്കപ്പെടാതിരിക്കാന്‍ ആ ഹിന്ദു മാതാവ് കോട്ടയുടെ ഒരു ഭാഗത്ത് അത് സ്ഥാപിച്ച് പൂജയും നൈവേദ്യവും നല്‍കാന്‍ വ്യവസ്ഥ ചെയ്തു. പ്രതാപഗഡില്‍ ഖാന്റെ കബന്ധത്തിന്റെ സംസ്‌കാരക്രിയയും നടത്തി. തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി രാമറായയുടെ തലവെട്ടിയെടുത്ത് ബീജാപ്പൂര്‍ സുല്‍ത്താന്‍, തലയിലെ മാംസവും തലച്ചോറും നീക്കം ചെയ്ത് നഗരത്തിന്റെ അഴുക്കുചാലിലെറിഞ്ഞിരുന്നു. രാമറായയുടെ മുഖത്തുനിന്ന് മലിനജലം പുറത്തുവരുന്ന രീതിയിലായിരുന്നു അത്.
ഇതായിരുന്നു രണ്ടു സംസ്‌കൃതികളുടെ അന്തരം. ശിവാജി സംഘര്‍ഷം നടത്തിയത് രാജ്യസ്ഥാപനത്തിനുവേണ്ടി മാത്രമായിരുന്നില്ല. ഒരു ഉയര്‍ന്ന സംസ്‌കാരത്തെ ആക്രമണകാരികളില്‍നിന്നും സംരക്ഷിച്ച് അതിന്റെ ശ്രേഷ്ഠ ജീവിതമൂല്യങ്ങളെ രാഷ്‌ട്രജീവിതത്തില്‍ പുനഃസ്ഥാപിക്കാനും കൂടിയായിരുന്നു.
യുദ്ധം സമാപിച്ചു. വിജയം നേടി. എല്ലാ വീരന്മാരും പ്രതാപഗഡില്‍ എത്തിച്ചേര്‍ന്നു. യുദ്ധത്തില്‍ പരാക്രമം കാണിച്ച എല്ലാ യോദ്ധാക്കള്‍ക്കും ശിവാജി തന്റെ കൈകൊണ്ട് സമ്മാനങ്ങള്‍ നല്‍കി. അവരില്‍ ആ ദിവസത്തെ വീരപുരസ്‌കാരത്തിന് പാത്രമായിരുന്ന കാന്‍ഹോജിജേധേജിക്ക് അഗ്രിമ താമ്പൂലം നല്‍കി ആദരിച്ചു.
എല്ലാ വീരന്മാരെയും സമ്മാനം നല്‍കി ആദരിച്ചതിനു ശേഷം ശിവാജിയുടെ മുന്നില്‍ ഒരു വിഷമ പ്രശ്‌നം അവശേഷിച്ചു. ദേശമുഖ്യരില്‍ ഖണ്ഡോജി ഖോപസേ എന്ന പ്രമുഖന്‍ സ്വരാജ്യദ്രോഹം ചെയ്ത് ശത്രുപക്ഷം പോയി ചേര്‍ന്നിരുന്നു. ഖാന്‍ പരാജയപ്പെട്ടതോടുകൂടി ഖോപഡേയ്‌ക്ക് പ്രാണഭയം തുടങ്ങി. ശിവാജി നിശ്ചയമായും എന്റെ ശിരച്ഛേദനം ചെയ്യും എന്നതാണ് ഭയകാരണം. ഇയാള്‍ അതീവരഹസ്യമായി കാട്ടില്‍ ഒളിച്ചിരിക്കയാണിപ്പോള്‍. ഇയാള്‍ തന്റെ മകളുടെ ഭര്‍ത്താവായ ഹൈബതരാവിനെ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരിക്കായിരുന്നു. താങ്കള്‍ ഏത് പ്രകാരത്തിലും ശിവാജിയില്‍നിന്ന് എന്നെ രക്ഷിക്കണം. എന്നോട് ക്ഷമിക്കാനപേക്ഷിക്കണം. ഹൈബതരാവു കാന്‍ഹോജിയുടെ അടുത്തുവന്നു. രണ്ടുപേരും ശിവാജിയുടെ വിശ്വസ്ത ഏകനിഷ്ഠ സേവകരാണ്. എന്നിരുന്നാലും ശിവാജിയുടെ മുന്നില്‍ രാജ്യദ്രോഹിക്കുവേണ്ടി ക്ഷമാപണം നടത്താന്‍ പോകുക എന്നത് ചിന്തിക്കുമ്പോള്‍ തന്നെ ഹൃദയത്തുടിപ്പ് വര്‍ധിക്കുമായിരുന്നു.
രാജ്യദ്രോഹികളുടെ വിഷയത്തില്‍ ശിവാജിയുടെ കോപത്തെക്കുറിച്ച് അവര്‍ക്ക് നന്നായറിയാമായിരുന്നു. അറിഞ്ഞുകൊണ്ടുതന്നെ ശിവാജിയുടെ അടുത്തു ചെന്ന് ഖണ്ഡോജിയുടെ പ്രാണഭിക്ഷക്കായി കാന്‍ഹോജി നിവേദനം നടത്തി. ഖണ്ഡോജിയുടെ പേര് കേട്ടപ്പോള്‍ തന്നെ ശിവാജി കോപം കൊണ്ട് വിറച്ചു. ശിവരാജേ ഗര്‍ജിച്ചു-ദേശദ്രോഹികള്‍ക്ക് മാപ്പില്ല. തുണ്ടംതുണ്ടമാക്കി നാല്‍ക്കവലയില്‍ പട്ടിക്കും കഴുകനും ഇട്ടുകൊടുക്കും. കുറച്ചു സമയത്തിനു ശേഷം ശാന്തനായ ശിവാജി കാന്‍ഹോജിക്ക് ദുഃഖമുണ്ടാകണ്ട എന്നു കരുതി ഖണ്ഡോജിക്ക് മാപ്പുകൊടുക്കാന്‍ സമ്മതിച്ചു. എന്നാല്‍ ശിക്ഷ നിശ്ചയമായും കൊടുക്കും. ഒരു ദിവസം ഖണ്ഡോജിയുടെ വലതുകൈയും ഇടതുകാലും വെട്ടിക്കളയാന്‍ ആജ്ഞാപിച്ചു.
ഖണ്ഡോജിക്ക് മാപ്പുകൊടുക്കും എന്ന് കരുതിയ കാന്‍ഹോജിക്ക് മനസ്സമാധാനം ഇല്ലാതായി. ശിവാജി എന്നെപ്പോലുള്ള പ്രതിഷ്ഠിത നായകനെ അപമാനിക്കുകയാണ് എന്ന ദുഃഖം ഉണ്ടായി. രാജേയുടെ അടുത്തുചെന്ന് ദുഃഖത്തോടെ പറഞ്ഞു-മാപ്പു കൊടുത്തു എന്ന് പറഞ്ഞതിനുശേഷം ഖണ്ഡോജിയെ ശിക്ഷിക്കാനാജ്ഞാപിച്ചത് എന്റെ അഭിമാനത്തിന് ക്ഷതമുണ്ടായിരിക്കുന്നു.
അപ്പോള്‍ മഹാരാജാവ് വളരെ ശാന്ത ചിത്തനായി പറഞ്ഞു-താങ്കളുടെ നിവേദനം അംഗീകരിച്ചതുകൊണ്ടാണ് അയാള്‍ക്ക് മരണശിക്ഷ വിധിക്കാതിരുന്നത്. എന്നാല്‍ സ്വരാജ്യത്തിന് വിരുദ്ധമായി വാളെടുത്ത വലതുകൈയും ശത്രുപാളയത്തിലേക്കുവെച്ച ഇടതുകാലും വെട്ടിക്കളഞ്ഞു. എന്നുമാത്രമല്ല, സ്വരാജ്യദ്രോഹം ചെയ്തവര്‍ക്ക് മാപ്പ് ലഭിക്കും എന്ന തോന്നല്‍ ജനങ്ങളുടെ മനസ്സില്‍ ഉണ്ടായാല്‍ സ്വരാജ്യത്തിന്റെ ആയുസ്സ് മൂന്ന് ദിവസം പോലും സുരക്ഷിതമായിരിക്കില്ല. സ്വരാജ്യത്തിന്റെ ശക്തി ശിഥിലമായിപ്പോകും. താങ്കള്‍ തന്നെ ഉചിതം എന്തെന്നു പറയൂ. ഇങ്ങനെ കാന്‍ഹോജിയെ പറഞ്ഞു മനസ്സിലാക്കി.
ശിവാജിയുടെ വിവേകപൂര്‍ണവും സ്വരാജ്യ നിഷ്ഠയോടുകൂടിയതുമായ മൃദുവചനം കേട്ട് കാന്‍ഹോജിയുടെ പീഡിതമായ മനസ്സ് ശാന്തമായി. രോഷത്തോടെ വന്ന അദ്ദേഹം പ്രസന്നനായി തിരിച്ചുപോയി. അദ്ദേഹത്തിന് പുതിയ കാഴ്ചപ്പാട് ലഭിച്ചു. സ്വരാജ്യത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്നവര്‍ക്ക് മായാമോഹങ്ങളില്‍പ്പെട്ട് ഉഴലാന്‍ സാധിക്കില്ല. സ്വരാജ്യത്തിന്റെ ഭരണം എങ്ങനെയായിരിക്കണം എന്ന വ്യക്തമായ ധാരണ കിട്ടി. ശിവാജിയുടെ സ്വരാജ്യഹിതത്തെ സംബന്ധിച്ച വിവരം വളരെ പരിപക്വമായിരുന്നു.
ഇങ്ങനെ ചെറിയ സംഭവങ്ങളില്‍പ്പോലും എടുക്കുന്ന ഉറച്ചനിലപാട് സ്വരാജ്യ മന്ദിരത്തിന്റെ ഉറച്ച അടിത്തറയായി മാറി. ആദര്‍ശരാജ്യത്തിന്റെ മാര്‍ഗദര്‍ശകനായി വരുംതലമുറയിലെ ജനങ്ങള്‍ക്ക് വഴികാട്ടിയായി ശിവാജി.
അഫ്‌സല്‍ഖാന്റെ മരണവാര്‍ത്ത എല്ലാകോട്ടകളിലും നവചൈതന്യം ഉണര്‍ത്തി. ആനന്ദത്തിന്റെ അമൃതധാര തന്നെ പെയ്തു. ശത്രുക്കളില്‍ വേദനയും മരണഭയവും ജനിപ്പിച്ചു. ഈ വാര്‍ത്ത കേട്ട സമര്‍ത്ഥരാമദാസ സ്വാമികള്‍ സ്തുതിഗീതം രചിച്ച് ശിവാജിക്കയച്ചു. നിശ്ചയത്തിന്റെ മഹാമേരു, വിചാരശീലന്‍, ധര്‍മാത്മാവ്, ധര്‍മരക്ഷകന്‍, യശസ്വി, സമര്‍ത്ഥന്‍, ഭാഗ്യശാലി, പുണ്യാത്മാവ്, നീതിമാന്‍, വിവേകവാനായ രാജാ, ശിവാജി വിജയതാം.
പരമ്പരപൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: