ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സൈന്യത്തിന് നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യൂ. രണ്ട് സൈനികര്‍ക്ക് പരിക്ക്. ശ്രീനഗര്‍- ബാരാമുള്ള ഹൈവേ എച്ച്എംടി മേഖലയിലാണ് ആക്രമണം നടന്നത്. മൂന്ന് ഭീകരര്‍ ഇന്ത്യന്‍ ജവാന്മാര്ക്ക് നേരേ വെടിയുതിര്‍ക്കുകയും ഗ്രനേഡെറിയുകയും ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം പ്രദേശത്ത് ജയ്ഷ ഇ മുഹമ്മദ് ഭീകരരുടെ സാന്നിധ്യമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് സുരക്ഷാ സൈന്യം ഇവിടെ തെരച്ചില്‍ നടത്തി വരികയാണ്. രണ്ട് പാക്കിസ്ഥാനികളും ഒരു കശ്മീര്‍ സ്വദേശിയുമാണ് ആക്രണമണത്തിന് പിന്നില്‍. ആക്രമണ ശേഷം ഇവര്‍ കാറില്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണ്. എത്രയും പെട്ടന്ന് പിടികൂടാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും കശ്മീര്‍ ഐജി അറിയിച്ചു.
ഏറ്റുമുട്ടലില്‍ പരിക്കേറ്റ ജവാന്മാരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഭീകരാക്രമണമുണ്ടായ പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും പരിശോധന പുരോഗമിക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കശ്മീരില്‍ ഡിഡിസി തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുന്നോടിയായാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 22 നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: