തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. കോവിഡാനന്തര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല. പരിശോധനകള്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കിയതിനു പിന്നാലെ ഇന്നലെ വൈകിട്ടാണ് കോവിഡാനന്തര ചികിത്സകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസതടസം അടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നായിരുന്നു ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചത്. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറയുന്നുവെന്ന് ഇന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. എക്സ് റേയും സിടി സ്കാനും അടക്കമുള്ള കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരുമെന്നാണ് ആശുപത്രിയില്‍നിന്ന് ലഭിക്കുന്ന വവിരം. ഈ പരിശോധനകളുടെ ഫലം വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പരിശോധിച്ചശേഷം മാത്രമേ ചികിത്സ തുടങ്ങാന്‍ കഴിയൂ.
നിലവിലെ അവസ്ഥയില്‍ സ്റ്റിറോയ്ഡ് അടക്കം നല്കിയാല് രക്തത്തിലെ പഞ്ചസാരയുടെ അളവ് അടക്കം ഉയരാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡാനന്തര ആരോഗ്യപ്രശ്നം ഗുരുതരമാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ചികിത്സ നല്‍കുന്നതെന്നും ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനാകില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് നാളെ ഇഡിയുടെ മുന്നില്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ സംശയം ഉയരുന്നത്.
എന്നാല്‍ ഹാജരാകുന്ന കാര്യത്തില്‍ രവീന്ദ്രന് ഔദ്യോഗികമായോ, ആരോടെങ്കിലും വ്യക്തിപരമായോ പ്രതികരിച്ചിട്ടില്ല. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആറാം തീയതി ഇഡി നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും കോവിഡ് സ്ഥിരീകരിച്ചുവെന്ന് സി എം രവീന്ദ്രന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് രോഗമുക്താനായി ആശുപത്രി വിട്ടതോടെയാണ് ഇഡി വീണ്ടും നോട്ടിസ് നല്‍കിയത്. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിനും അദ്ദേഹത്തിന്റെമുഖ്യമന്ത്രിയുടെ ഓഫിസിലുള്ള സംഘത്തിനും അറിയാമായിരുന്നുവെന്ന് സ്വപ്ന നേരത്തേ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ കേസില്‍ നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: