മലിനീകരണം മാരകമാണെന്ന കാര്യത്തില്‍ നമുക്ക് രണ്ടുപക്ഷമില്ല. പക്ഷേ അത് നമ്മെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് നമ്മുടെയൊക്കെ ഉറച്ചവിശ്വാസം. പക്ഷേ ആ വിശ്വാസത്തെ തകര്‍ത്തുകളയുന്നതാണ് ആഗോള വായുമലിനീകരണം സംബന്ധിച്ച 2020 ലെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പറയുന്നു, അന്തരീക്ഷത്തിലെ പൊടിപടല മാലിന്യങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നമ്മുടെ രാജ്യത്തിനാണെന്ന്. ഒപ്പം അയല്‍ക്കാരനായ നേപ്പാളുമുണ്ട്.
‘സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ 2020’ എന്ന ഗവേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍ പ്രകാരം നമ്മുടെ പരമശത്രുവായ പാക്കിസ്ഥാന് ഇക്കാര്യത്തില്‍ പത്താംസ്ഥാനം മാത്രം. അന്തരീക്ഷത്തെ മലീമസമാക്കുന്ന കുഞ്ഞന്‍ കണങ്ങളെ നഗ്നനേത്രങ്ങള്‍കൊണ്ട് നമുക്ക് കാണാനാവില്ല. കാരണം കേവലം 2.5 മൈക്രോമീറ്ററില്‍ താഴെയാണ് അവയുടെ വ്യാസം. നമ്മുടെ തലമുടിയുടെ മുപ്പതില്‍ ഒന്ന് കനം എന്ന് വിശദീകരിക്കാം.
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ആരോഗ്യ ഭീഷണിയെന്നാണ് വായുവിലെ കണികാ മലിനീകരണത്തെ വിളിക്കുക. രക്ത സമ്മര്‍ദം, പുകവലി, തെറ്റായ ഭക്ഷണശീലങ്ങള്‍ എന്നിവയാണ് ആദ്യത്തെ മൂന്ന് റാങ്കുകാര്‍. കല്‍ക്കരി വ്യവസായം, ഫാക്ടറികള്‍, മാലിന്യ ദഹനം, ഗാര്‍ഹിക അടുപ്പുകള്‍ തുടങ്ങി കാട്ടുതീയും എണ്ണക്കിണറുകളിലെ അഗ്നിബാധയും വരെ കണികാമലിനീകരണത്തിന് കാരണമാവുന്നു. അന്തരീക്ഷത്തിലെത്തുന്ന കുഞ്ഞന്‍ കണങ്ങള്‍ നേരെ ശ്വാസകോശത്തിലേക്ക് കടക്കുന്നു. അവിടെ നിന്ന് രക്തചംക്രമണ വ്യവസ്ഥയിലേക്കും. പിന്നെ രോഗങ്ങളുടെ കാലമായി…
2020 ഒക്ടോബര്‍ അവസാനം വന്ന ഈ റിപ്പോര്‍ട്ട് ഒരു കാര്യത്തില്‍ ഇന്ത്യയെ അംഗീകരിക്കുന്നുണ്ടെന്ന് ‘സയന്‍സ് ഡവലപ്മെന്റ് നെറ്റ്’ വ്യക്തമാക്കുന്നു. ഗാര്‍ഹിക മലിനീകരണം ഇന്ത്യയില്‍ വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു. വീടുകളില്‍ സബ്സിഡി നിരക്കില്‍ പാചകവാതകം എത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണത്രേ അടുക്കളയില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണത്തിന് തടയിട്ടത്. എങ്കിലും ഇന്ത്യയില്‍ ഏതാണ്ട് 13 കോടി ആളുകള്‍ അന്തരീക്ഷത്തിലെ മലിന കണികകളുടെ ഭീഷണിയിലാണ് കഴിയുന്നത്.
അന്തരീക്ഷത്തിലെ പൊടിപടല മലിനീകരണം കൊവിഡ് രോഗത്തെ ത്വരിതപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ദല്‍ഹിയിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഘടകം പറയുന്നത്. ദല്‍ഹിയിലുണ്ടായ കൊവിഡ് രോഗബാധയില്‍ 13 ശതമാനത്തിനും കാരണം വായു മലിനീകരണമാണെന്നും ഐഎംഎ പറയുന്നു. അതിനാല്‍ മലിനീകരണ തോത് ഏറ്റവും ഉയര്‍ന്ന അതിരാവിലെ കുട്ടികളും മുതിര്‍ന്ന പൗരന്മാരും പുറത്തിറങ്ങരുതെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്. നവംബര്‍ ആദ്യവാരം ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോത് 443 ആയിരുന്നു. ഈ തോത്/അളവ് 400 ല്‍ അധികമായാല്‍ രൂക്ഷമായ മലിനീകരണമെന്ന് കണക്കാക്കാം. ഇത്തരമൊരവസ്ഥ ഏത് നാട്ടിലുണ്ടായാലും അത് കൊവിഡ് വ്യാപനത്തെ ത്വരിതപ്പെടുത്താന്‍ വഴിവയ്ക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നത്. ഇന്ത്യയില്‍ സംഭവിച്ച കൊവിഡ് മരണങ്ങളില്‍ 17 ശതമാനത്തിനും കാരണം അന്തരീക്ഷ മലിനീകരണമാകാമെന്ന് യൂറോപ്പിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു.
അന്തരീക്ഷത്തിലെ മാരകമായ പൊടിപടലങ്ങളെ ഓര്‍ത്ത് ശങ്കിച്ചിരിക്കുമ്പോഴാണ് നാം ഒരു എണ്ണക്കിണര്‍ കത്തുന്നതിന്റെ കഥ കൂടി അറിയേണ്ടത്. ബംഗാളിലെ തിന്‍സുകിയ ജില്ലയിലെ ബാഗ്ജാനില്‍ ഓയില്‍ ഇന്ത്യാ ലിമിറ്റഡിന്റെ അധീനതയിലുള്ള ഒരു എണ്ണക്കിണര്‍ നിര്‍ത്താതെ നിന്ന് കത്തുകയാണ്-അതും കഴിഞ്ഞ അഞ്ചുമാസമായി. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എണ്ണക്കിണര്‍ അഗ്നിബാധയെന്നാണ് ബാഗ്ജാനിലെ തീപിടുത്തത്തിന് ചാര്‍ത്തിക്കിട്ടിയ വിശേഷണം. ഹൈഡ്രോ കാര്‍ബണുകളുടെ ജ്വലനത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പറന്നുകയറുന്ന മാലിന്യങ്ങളും പൊടിപടലങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ദിബ്രു സയ്ഹോവ നാഷണല്‍ പാര്‍ക്കിനു സമീപമാണ് ഈ എണ്ണക്കിണര്‍ എന്നത് ദേശീയ പാര്‍ക്കിലെ ജൈവ മണ്ഡലത്തിന് എത്രത്തോളം ദോഷകരമായി മാറുമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. കിണറിനോട് ചേര്‍ന്നുള്ള തണ്ണീര്‍ത്തടങ്ങളും ആപത്തിന്റെ വക്കിലാണ്.
മെയ് 27 ന് ആണ് ഈ കിണറില്‍ നിന്ന് എണ്ണയും പ്രകൃതി വാതകവും പുറത്തേക്ക് കുതിച്ചൊഴുകിത്തുടങ്ങിയത്. ‘ബ്ലോ ഔട്ട്’ എന്ന പ്രതിഭാസം തടയാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു. എണ്ണ കുഴിച്ചെടുക്കുമ്പോള്‍ പ്രകൃതിവാതകവും മറ്റും അതിമര്ദ്ദനത്തില് പുറത്തേക്കു ചാടാന്‍ സാധ്യതയുണ്ട്. കിണറ്റിലെ മര്‍ദ്ദം സന്തുലിതമാക്കാനുള്ള ശ്രമം പരാജയപ്പെടുമ്പോഴാണ് ഭൂഗര്‍ഭത്തിലെ വാതക-ദ്രവങ്ങള്‍ പുറത്തുചാടി കത്തിജ്വലിക്കുന്നത്. ഇത്തരം പ്രവാഹത്തെ ‘കിക്ക്’ എന്നാണ് വിളിക്കുക. മണ്ണിനും മനുഷ്യനും സസ്യങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായ ഈ വാതകപ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു. പക്ഷേ തൊട്ടടുത്ത സംരക്ഷിത വനവും മഗുറി തണ്ണീര്‍ത്തടവും ദിബ്രു നദിയും നദിയിലെ ജീവികളുമെല്ലാം വലിയ കുഴപ്പത്തിലാണെന്ന് പരിതസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ച് വിദഗ്ദ്ധരും മലിനീകരണമേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. പക്ഷേ ഇനിയും തീയണഞ്ഞിട്ടില്ല. അഥവാ തീയണഞ്ഞാല്ത്തന്നെയും അതുണ്ടാക്കിയ മലിനീകരണം വരുത്തിയ അപകടങ്ങള്‍ ഏറെ നാള് നിലനില്ക്കുക തന്നെ ചെയ്യും.
എണ്ണക്കിണറിലെ തീയില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം ഒരു അപൂര്‍വ സംഭവമല്ല. 1960 ല്‍ അസമിലെ ശിബ് സാഹര്‍ ജില്ലയിലുണ്ടായ അഗ്നിബാധ ശമിക്കാനെടുത്തത് 90 ദിവസങ്ങളായിരുന്നു. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ 1995 ല്‍ ഉണ്ടായ തീപിടുത്തം നിയന്ത്രിക്കാന്‍ 65 ദിവസം വേണ്ടിവന്നപ്പോള്‍ അസമിലെ തന്നെ ദിബ്രുഗഢ് ജില്ലയില്‍ 2005 ല്‍ ഉണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാന്‍ എടുത്തത് 45 ദിവസം. ബാഗ്ജാനിലെ പ്രകൃതി വാതകമൊഴുക്കിന്റെ തുടക്കം. ഏതാണ്ട് മൂന്നരകിലോമീറ്റര്‍ താഴ്ചയിലാണെന്നു പറയപ്പെടുന്നു.
വാല്‍ക്കഷണം: പ്രപഞ്ചത്തിലെ ഒട്ടേറെ സമസ്യകള്‍ക്ക് ഉത്തരം തേടി സ്ഥാപിക്കുന്ന ‘തേര്‍ട്ടി മീറ്റര്‍ ടെലിസ്കോപ്പ്’ പദ്ധതിയില്‍ ഇന്ത്യയും സഹകരിക്കുന്നു. ഹവായിയിലെ ‘മൗനകിയ’യില്‍ സ്ഥാപിക്കുന്ന ഈ പടുകൂറ്റന്‍ ടെലിസ്കോപ്പ് അദൃശ്യ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ തിരുത്തിക്കുറിക്കുമെന്നാണ് പ്രതീക്ഷ. ലോകത്ത് നിലവിലുള്ള ഇത്തരം ടെലിസ്കോപ്പുകളുടെ മൂന്നിരട്ടി പ്രതല വിസ്തീര്‍ണമാണ് തേര്‍ട്ടി മീറ്റര്‍ ടെലിസ്കോപ്പിനുണ്ടാവുക. അതിശക്തമായ ലെന്‍സുകളും അതിസൂക്ഷ്മമായ സംവേദനശക്തിയുമുള്ള ഈ ദൂരദര്‍ശിനിയുടെ നിര്‍മാണത്തിന് 2020 ല്‍ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ആന്‍ഡ്രിയ ഗ്രേസിന്റെ നേതൃത്വത്തിലുള്ള ഒരു ശാസ്ത്ര സംഘമാണ് നേതൃത്വം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: