തൃശ്ശിവപേരൂര്‍ ജില്ലയിലെ ദേശമംഗലം കൊറ്റമ്പത്തൂരില്‍ രണ്ടാഴ്ച മുന്‍പ് പതിനേഴു കുടുംബങ്ങള്‍ക്ക് സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാന കര്‍മം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും സംഘവുമായി സഹവര്‍ത്തിക്കുന്ന മറ്റു സംഘടനകളുടെയും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യത്തില്‍ നിര്‍വഹിക്കപ്പെട്ട വിവരം പത്രമാധ്യമങ്ങളിലൂടെ വായിക്കാനും ദൃശ്യമാധ്യമങ്ങളിലൂടെ നേരില്‍ കാണാനും സാധിച്ചു. സംഘത്തിന്റെ സഹസര്‍കാര്യവാഹ് സി.ആര്. മുകുന്ദ് ഓണ്‍ലൈനായിട്ടാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന പ്രചാരകരില്‍ ഒരാളും, അഖിലഭാരതീയ കാര്യസമിതി സദസ്യനുമായ എസ്. സേതുമാധവന് തദവസരത്തില്‍ സംസാരിച്ചു. അന്നത്തെ സദസ്സിനെ അലങ്കരിച്ചവരുടെ പട്ടിക നോക്കിയാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സും മടിയും തുറക്കുന്ന ആളുകളുടെ വൈപുല്യം നമ്മുടെ മനസ്സിനെയും കുളിര്‍പ്പിക്കും.
രണ്ടുവര്‍ഷം മുന്‍പുണ്ടായ മഹാപ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സേവാഭാരതി നടത്തിയ പരിശ്രമത്തിന്റെ പ്രധാന ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കൊറ്റമ്പത്തൂര്‍ ഗ്രാമത്തിന്റെ സര്‍വതോമുഖമായ വികാസത്തിനുള്ള വിപുലമായ പദ്ധതികള്‍ അവിടെ ആസൂത്രണം ചെയ്തിട്ടുണ്ട്. മഹാപ്രളയത്തില്‍ കേരളത്തിലെ പ്രധാന നദികളല്ലാം വന്‍ പ്രളയം സൃഷ്ടിച്ചിരുന്നുവല്ലൊ. ‘തൊണ്ണൂറ്റൊന്‍പതിലെ’ വെള്ളപ്പൊക്കമെന്ന് പേര്കേട്ട 1924 ലെ ജലപ്രളയത്തിനുശേഷം വന്ന ഏറ്റവും വലിയ ദുരിതമായിരുന്നു രണ്ടുകൊല്ലം മുന്പത്തേത്. നെയ്യാര്‍ മുതല്‍ തലപ്പാടിപ്പുഴവരെ സകല നദികളും അന്നു കരകവിഞ്ഞിരുന്നു. അവിടെയെല്ലായിടങ്ങളിലും സംഘ സ്വയംസേവകര്‍ ധീര സാഹസികമായ വിധത്തില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ദേശീയ സേവാഭാരതിയുടെ പ്രവര്‍ത്തനം ജില്ലാ അടിസ്ഥാനത്തില്‍ ആസൂത്രിതമായി നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ കാലവര്‍ഷക്കാലത്തു ഇടുക്കി ജില്ലയിലെ പെട്ടിമുടിയില്‍, തേയിലത്തോട്ടത്തിലെ ലക്ഷങ്ങള്‍ കുത്തിയൊലിച്ചു പോയയിടത്ത് അടിമാലിയിലെ ജില്ലാ സേവാഭാരതി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നതിനോടൊപ്പം തന്നെ പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു. ഒന്നും രണ്ടും മീറ്റര്‍ ആഴത്തില്‍ ആണ്ടുപോയ മൃതദേഹങ്ങള്‍ അവര്‍ തോണ്ടിയെടുക്കുകയുണ്ടായി.
2019 ലെ മഹാപ്രളയ കാലത്ത് നിലമ്പൂരിലെ ‘ഭൂദാന’ത്തും, മേപ്പാടിക്കടുത്തും, മറ്റും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മുതിര്‍ന്ന സംഘപ്രവര്ത്തകന് മേജര്‍ ലാല്‍ കൃഷ്ണ സ്വന്തം ആരോഗ്യം പോലും അവഗണിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തിച്ചത്. കര്‍ത്തവ്യബോധം ആഹ്വാനം ചെയ്യുമ്പോള്‍ എവിടെയും പാഞ്ഞെത്തുന്ന സ്വഭാവക്കാരനായിരുന്നു. അത് ലഡാക്കിലെ യുദ്ധമുന്നണിയിലാണെങ്കിലും ജലപ്രളയത്തിലാണെങ്കിലും കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചിരുന്നു. ശ്വാസകോശങ്ങള്‍ക്കു അണുബാധയേറ്റ് അനിയന്ത്രിതമായി, മാസങ്ങളോളം വിദഗ്ദ്ധ ചികിത്സ ലഭിച്ചിട്ടും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വേറെയും സംഘപ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടമായത് നമുക്കനുഭവമാണ്.
സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ച കാലത്തു തന്നെ ബഹുജനഹിതത്തിനും ബഹുജന സുഖത്തിനുമായി സേവനപ്രവര്ത്തനങ്ങളിലേര്പ്പെട്ടിരുന്നു. സംഘ സ്ഥാപകന്‍ ഡോ.ഹെഡ്ഗേവാര്‍ കല്‍ക്കത്തയില്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ദാമോദര്‍ നദിയില്‍ വെള്ളപ്പൊക്കം മൂലം ആയിരക്കണക്കിന് ഏക്കര്‍ മുങ്ങിയപ്പോള്‍ ശ്രീരാമകൃഷ്ണ മിഷന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒരു സംഘത്തെ നയിച്ച് അതിസാഹസികമായ സേവനങ്ങള്‍ ചെയ്തതായി നാം വായിക്കുന്നു. ആ പാരമ്പര്യം സ്വാഭാവികമായും സംഘ സ്വയംസേവകരിലൂടെ നൂറ്റാണ്ടിനുശേഷം പുഷ്കലമായി രാജ്യമാകെ ചരിത്രം സൃഷ്ടിക്കുകയാണ്.
കേരളത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി ചിട്ടയോടെ വ്യാപകമായത് ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം മാത്രമാണെങ്കിലും, അത് നാലുപതിറ്റാണ്ടുകള്ക്കപ്പുറത്തും കേരളത്തിന്റെ ഏടുകളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. ഡോക്ടര്‍ജിയുടെ ജന്മശതാബ്ദി വര്‍ഷത്തിലാണ്, സര്‍സംഘചാലക് ദേവറസ്ജിയുടെ ആഹ്വാനപ്രകാരം സേവന പ്രവര്‍ത്തനങ്ങളെ ആസൂത്രിതമായി ചിട്ടയോടെ ഏറ്റെടുത്തത്.
1989 ല്‍ ‘സങ്കല്പം കര്‍മപഥത്തില്‍’ എന്ന പേരില്‍ അന്നത്തെ സര്‍കാര്യവാഹ് ഹോ. വേ. ശേഷാദ്രി രാജ്യമാകെ വിവിധ മേഖലകളില്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തുകൊണ്ട് ഒരു ഗ്രന്ഥം തയ്യാറാക്കിയിരുന്നു. നാനാമേഖലകളില്‍ സംഘം ചെയ്തുവന്ന സേവനങ്ങളുടെ ലഘുവിവരണങ്ങള്‍ അതിലുണ്ട്. 1988 ജൂലൈ 8 ന് ബെംഗളൂര് തിരുവനന്തപുരം ഐലന്‍ഡ് എക്സ്പ്രസിനു പിണഞ്ഞ അതിഭീകരമായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്തെയും കൊല്ലത്തെയും നൂറുകണക്കിന് സേവാഭാരതി പ്രവര്‍ത്തകര്‍ ചെയ്ത സേവനത്തെ വിവരിക്കുന്നുണ്ട്. സമീപത്ത് അഷ്ടമുടിക്കായലില്‍ മീന്പിടുത്തത്തിലേര്പ്പെട്ട സ്വയംസേവകരും അല്ലാത്തവരും ബോഗികളില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ തപ്പിയെടുത്തു കൊണ്ടുവന്നു. അപകട ദിവസം തന്നെ ഡസന്‍ കണക്കിനാളുകളെ കരയ്ക്കെത്തിച്ചു. ദേശീയതലത്തില്‍ത്തന്നെയുള്ള പ്രസിദ്ധീകരണങ്ങളില്‍ സംഘപ്രവര്‍ത്തകരുടെ സേവനങ്ങളെ അഭിനന്ദിച്ചു ചിത്ര സഹിതം ലേഖനങ്ങള്‍ വന്നിരുന്നു.
പെരുമണ്‍ ദുരന്തത്തില്‍ സേവനമനുഷ്ഠിച്ചവരെ അഭിനന്ദിക്കാന്‍ കേരള സര്‍ക്കാര്‍ കൊല്ലത്തു സംഘടിപ്പിച്ച ചടങ്ങില്‍ സേവാഭാരതിക്കാണ് പുരസ്കാരം ലഭിച്ചത്. അപകട സ്ഥലത്തു നൂറുകണക്കിന് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ശുചീകരണത്തിലും അവര്‍ ശുഷ്കാന്തി കാട്ടി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവികസേനാ അധികൃതരും കളക്ടറും പോലീസും സ്വയംസേവകരെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം കടലുണ്ടിപ്പുഴയ്ക്കു മേലെയുള്ള തീവണ്ടിപ്പാലത്തിലൂടെ മംഗലാപുരം മദിരാശി മെയില്‍ പോകവേ പാലം തകര്‍ന്ന് വീണ് അന്‍പതോളം പേര് മരിച്ചു. റോഡ് ഗതാഗതം ഇല്ലാത്തിടത്താണ് കടലുണ്ടിപ്പാലം. 1806-ാമാണ്ടില്‍ പണിതപാലം 140 വര്‍ഷം പഴക്കമുള്ളതായിരുന്നു. ഗ്യാരന്റി കഴിഞ്ഞു ഏറെ വര്‍ഷമായി. രക്ഷാപ്രവര്‍ത്തനത്തിന് വരാന്‍ പുഴ വഴിയേ സാധിക്കുമായിരുന്നുള്ളൂ. ബേപ്പൂരിലെ മാറാട്ട് കടലില്‍ ജോലി ചെയ്യുകയായിരുന്ന സ്വയംസേവകര്‍ വിവരമറിഞ്ഞ് കടല്‍ വഴി പാഞ്ഞെത്തി നൂറുകണക്കിനാളുകളെ രക്ഷിച്ചു കയറ്റി. മൃതദേഹങ്ങള്‍ കരക്കെത്തിക്കാനും അവര്‍ തന്നെയേ ഉണ്ടായിരുന്നുള്ളൂ. കോഴിക്കോടു ഭാഗത്തുനിന്നും തിരൂര്‍ ഭാഗത്തുനിന്നും രക്ഷാപ്രവര്‍ത്തകരും, വൈദ്യസഹായവും എത്തിക്കുന്നതുവരെ ഈ മത്സ്യത്തൊഴിലാളികള്‍ അവരെ ശുശ്രൂഷിച്ചു. ഇരുകരയ്ക്കുമുള്ള നാനാജാതി മതസ്ഥരായ നാട്ടുകാരും ആഹാരവും ഔഷധങ്ങളും നല്കി സഹായിച്ചു. പാലം പുതുക്കിപ്പണിയുന്നതുവരെ മാസങ്ങളോളം മംഗലാപുരം മദിരാശി ഗതാഗതം തടസ്സപ്പെട്ടു കിടന്നു. 1860 ല്‍ മലബാറിലേക്ക് ആദ്യമായി സ്ഥാപിച്ച തീവണ്ടിപ്പാതയിലായിരുന്നു ഈ അപകടം.
എളമക്കര പ്രാന്തകാര്യാലയം സ്ഥാപിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ദീപാവലിക്കു അവിടെ കുടുംബസമാഗമം ആരംഭിച്ചു. സമീപവാസികളായവര്‍ കുടുംബമായി എത്തി പലതരത്തിലുള്ള ഭജന മുതലായ പരിപാടികളില്‍ പങ്കെടുത്തുപോകുമായിരുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ആ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ തങ്ങളുടെ വിഹിതം നിക്ഷേപിക്കാനുള്ള സൗകര്യം അവിടെ ചെയ്തിരുന്നു. കാലക്രമേണ അതും ആകര്‍ഷകമായ പരിപാടിയായി. ഒട്ടേറെ പ്രശസ്ത വ്യക്തികള്‍ അവയില്‍ പങ്കെടുത്തുവന്നു. പൂജനീയ ഡോക്ടര്‍ജിയുടെ ജന്മശതാബ്ദിയോടുകൂടി അതു സംസ്ഥാന വ്യാപകമായി. സേവാ കാര്യത്തിനായി സമാഹരിക്കപ്പെടുന്ന തുക അത് വിഭാവനം ചെയ്തവരുടെയും, പങ്കെടുത്തവരുടെയും സങ്കല്‍പ്പത്തിനും അപ്പുറത്തേക്ക് എത്തി.
ആന്ധ്രാ തീരത്തു 1977 അവസാനം വന്‍ കടലേറ്റത്തില്‍പ്പെട്ട് പതിനായിരങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചപ്പോഴും, ഗുജറാത്തിലെ മോര്‍വി അണക്കെട്ട് തകര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചപ്പോഴും അതതു സംസ്ഥാനങ്ങളെ സഹായിക്കാന്‍ മുഴുവന്‍ ഭാരതത്തില്‍നിന്നും വിഭവസമാഹരണം നടത്താന്‍ സ്വയംസേവകര്‍ ഇറങ്ങി. ആന്ധ്രയിലെ പ്രളയബാധിത മേഖലയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ സേവനം ചെയ്യുന്നതിനെ കണ്ട് അഭിനന്ദിക്കാന്‍ പോയ ഇന്ദിരാഗാന്ധിക്കു ആര്‍എസ്എസ് കാരെയല്ലാതെ ആരെയും കാണാന്‍ കഴിഞ്ഞില്ല. വാഹനങ്ങള്‍ പോകാത്തതിനാല്‍ അവര്‍ ആനപ്പുറത്താണ് യാത്രചെയ്തത്. അന്നവര്‍ അധികാരത്തിനു പുറത്തായിരുന്നു. ആന്ധ്രയില്‍ കോണ്‍ഗ്രസ് സര്‍ക്കാരായതിനാലാണ് ആ യാത്ര പോലും അവര്‍ക്ക് സാധിച്ചത്. ആശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന ആര്‍എസ്എസുകാരെ അവര്‍ അഭിനന്ദിച്ചു പോരേണ്ടിവന്നു എന്ന് അന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
സംഘത്തിന്റെ ജൈവഘടകമാണ് സേവനവൃത്തി. ആരുടെയെങ്കിലും നിന്ദയെയോ സ്തുതിയോ കണക്കിലെടുക്കാതെ യഥാര്‍ത്ഥ ‘ലൈഫ് മിഷനാ’യി അതു തുടര്‍ന്നുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: